വാചകമേള

vachakamela
SHARE

∙ മനു എസ്.പിള്ള: ബ്രിട്ടിഷുകാർ ഇവിടത്തെ വ്യവസ്ഥയെന്തെന്നു മനസ്സിലാക്കിയില്ല എന്നുമാത്രമല്ല, നിലവിലുണ്ടായിരുന്ന സമ്പ്രദായങ്ങളെല്ലാം തകിടംമറിച്ചുകളഞ്ഞു. ആദ്യം സ്ത്രീകൾക്ക് കർത്തൃത്വമുണ്ടായിരുന്നു. സാമ്പത്തികമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എല്ലാറ്റിലും വെള്ളം ചേർക്കപ്പെട്ടു. പുരുഷന്മാരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടതെന്ന അവരുടെ ചിന്താഗതിയാണ് ഇതിന് ഉപോദ്ബലകമായത്. 

∙ സക്കറിയ: വള്ളത്തോൾ നാരായണമേനോനെപ്പോലെ അസാമാന്യനായൊരു അഭ്യുദയകാംക്ഷി കമ്യൂണിസത്തിന് ഉണ്ടായിരുന്നുവെന്ന വസ്തുത കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി മറന്നുപോയി. മറന്നില്ലായിരുന്നെങ്കിൽ നേതാക്കളുടെ ഛായാചിത്രങ്ങൾക്ക് ഒപ്പമെങ്കിലും കേരളത്തിലെ ഈ മഹാപുത്രനെ അവർ തങ്ങളുടേതാക്കി ആഘോഷിക്കേണ്ടതായിരുന്നില്ലേ? കമ്യൂണിസ്റ്റ് റഷ്യയും ചൈനയും സന്ദർശിച്ച മലയാള സാഹിത്യകാരൻ ഒരുപക്ഷേ, അദ്ദേഹമായിരിക്കും. കമ്യൂണിസ്റ്റ് ലഘുലേഖകൾ അച്ചടിച്ചതിന് 1950ൽ ചെറുതുരുത്തിയിലെ വള്ളത്തോൾ പ്രസ് പൂട്ടി മുദ്രവച്ച അധികാരികൾ അദ്ദേഹത്തെ ഒരു ദിവസത്തോളം വീട്ടുതടങ്കലിലുമാക്കി.

∙ ഇ.ശ്രീധരൻ: നമ്മുടെ രാജ്യത്ത് ഇപ്പോഴും ബ്യൂറോക്രസിയുടെ തടസ്സങ്ങൾ തന്നെയാണ് എല്ലാ വികസന സംരംഭങ്ങൾക്കും ഭീഷണിയുയർത്തുന്നത്. മാർക്കു നോക്കി ഐഎഎസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം നമ്മൾ നിർത്തണം. ആത്മാർഥത, കാര്യക്ഷമത, സത്യസന്ധത, വിശാല മനഃസ്ഥിതി മുതലായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ശാസ്ത്രീയ പരീക്ഷാ രീതി കൊണ്ടു മാത്രമേ നാടിനു പ്രയോജനമുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

∙ ബി.ആർ.പി.ഭാസ്കർ: ദലിതരുടെ കഴിവിൽ ഇടതുകക്ഷികൾക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. പാർട്ടി സംവിധാനത്തിലൂടെ ഒരു ദലിതന് പാർലമെന്ററി ജീവിതത്തിനപ്പുറം രാഷ്ട്രീയരംഗത്തും പൊതുമണ്ഡലത്തിലും വളരെ ഉയരാൻ ഇന്നും കഴിയുന്നില്ല. ഇതു തന്നെയല്ലേ കോൺഗ്രസിൽ കഴിയുന്ന ദലിതന്റെയും സ്ഥിതി എന്നു ചോദിച്ചാൽ അതെ എന്ന് ഉത്തരം നൽകേണ്ടിവരും. 

∙ ജി.ശങ്കർ: ഈയിടെ ദുരന്തബാധിത പ്രദേശങ്ങളിലൂടെ കടന്നുപോയപ്പോൾ 4000 സ്ക്വയർ ഫീറ്റിലുള്ള വീടുകൾ വരെ കാണാൻ കഴിഞ്ഞു. എന്തിനാണു നമുക്ക് ഇത്രയും വലിയ വീടുകൾ? അത്തരം വീടുകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ കൊണ്ട് പത്തോ പതിനഞ്ചോ വീടുണ്ടാക്കാനാകും. ഒരു വിഭാഗക്കാർക്കു മാത്രം കൊള്ളയടിക്കാനുള്ളതല്ല നമ്മുടെ വിഭവങ്ങൾ.

∙ വൈക്കം വിശ്വൻ: സംഘടനാ മികവിലും നേതൃപാടവത്തിലും വയലാർ രവിയായിരുന്നു കെഎസ്‌യുവിന്റെ തുറുപ്പുചീട്ട്. പക്ഷേ, എന്നും നേതാവിന്റെ പരിവേഷവും അംഗീകാരവും എ.കെ.ആന്റണിക്കായിരുന്നു. എ.കെ.ആന്റണിയെ കഴിവുള്ള ഒരു നേതാവായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ ആദർശധീരതയെയും വ്യക്തിജീവിതത്തെയും എന്നും ബഹുമാനിച്ചു. പ്രതിപക്ഷത്ത് ഏറ്റവും ആദരമുള്ള നേതാവ് ആരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – എ.കെ.ആന്റണി.

∙ ടി.എം.കൃഷ്ണ: നക്സലെന്നും രാജ്യദ്രോഹിയെന്നും ഒക്കെ പല പേരുകളിൽ ആളുകൾ എന്നെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ വെറുക്കപ്പെടേണ്ടവനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്.

∙ എം.എ.ബേബി: നമ്മൾ ഒരുഘട്ടത്തിൽ കേരളത്തിൽ നവോത്ഥാനത്തിന്റെ ലക്ഷ്യങ്ങൾ എല്ലാം നേടിക്കഴിഞ്ഞു എന്നു തെറ്റിദ്ധരിച്ച് ചടഞ്ഞുകൂടി ഇരുന്നു. അതിന്റെ കേടാണു നമ്മൾ ഇന്ന് അനുഭവിക്കുന്നത്. 

∙ ഇന്ദ്രൻസ്: സിനിമയിലേക്കു കൊതിപ്പിച്ചത് വായനശാലകളും നാടകവും തന്നെയാണ്. അതുപോലെ ഒരു പ്രധാന കാര്യമായിരുന്നു സാംബശിവനെപ്പോലുള്ളവരുടെ കഥാപ്രസംഗങ്ങൾ. ആ കഥകളിലെ വായിൽ കൊള്ളാത്ത പേരുള്ള കഥാപാത്രങ്ങളുടെ കഥ കേട്ടിട്ട് അതിന്റെ മലയാളം തർജമകൾ അന്വേഷിച്ചു പോയി വായിച്ചിരുന്നു. അങ്ങനെയാണു സിനിമയിലേക്ക് ഒരു വഴി തുറന്നുകിട്ടിയത്.

∙ കുഞ്ചാക്കോ ബോബൻ: നാവിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണയാളാണു ഞാൻ എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ജീവിതത്തിന്റെ ഏറ്റവും മോശമായ കാലഘട്ടത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ഞാനെന്ന ‘മനുഷ്യനെ‌’ ഒരു ‘നല്ല മനുഷ്യനാ’യി വാർത്തെടുത്തത് അന്നത്തെ കഷ്ടപ്പാടുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA