ADVERTISEMENT

സഞ്ചാരയോഗ്യമായ റോഡുകൾ ജനങ്ങളുടെ അവകാശമാണ്. നികുതിയടയ്ക്കുന്ന ജനങ്ങൾ റോഡുകളിൽ അപകടഭീഷണി നേരിടേണ്ടിവരുന്നതിന് ഒരു ന്യായീകരണവുമില്ല. വികസനത്തിന്റെ പുതുകാലത്തെപ്പറ്റി ലോകം ചർച്ച ചെയ്യുമ്പോൾ നിരത്തിലെ കുഴികളിൽ വീണുമരിക്കാനും നടുവൊടിയാനുമാണ് ഇപ്പോഴും കേരളീയരുടെ വിധി.

സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണു വർഷം ശരാശരി 50 മരണം എന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കണക്കുകൂടി ഇതോടൊപ്പം സങ്കടത്തോടെ ചേർത്തുവയ്ക്കാം.
നമ്മുടെ പല റോഡുകളെയും ഇപ്പോൾ ആ പേരിൽ വിളിക്കാനാവില്ല. പലയിടത്തും മുൻപു റോഡ് ഉണ്ടായിരുന്നിടം അടയാളപ്പെടുത്തുന്നതു കുണ്ടും കുഴികളും വെള്ളക്കെട്ടുമാണ്. ഇങ്ങനെ കുഴിയും കുഴിയടയ്‌ക്കലുമായി എല്ലാക്കാലവും കേരളം കെട്ടുപിണഞ്ഞുകിടക്കേണ്ടതുണ്ടോ? പൊളിഞ്ഞ പാതകൾ എത്രയോ പേർക്ക് ജീവഹാനി വരുത്തിയിട്ടും ഏതു കാലാവസ്‌ഥയിലും റോഡുകൾ സഞ്ചാരയോഗ്യമാക്കിയേ തീരൂ എന്നു കോടതി മുൻപു ശാസിച്ചിട്ടും ഈ ദുരവസ്ഥയ്ക്കു മാറ്റമില്ല. ഇപ്പോൾ വീണ്ടും ഹൈക്കോടതി തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.


സംസ്ഥാനത്തെ പിഡബ്ല്യുഡി റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31ന് അകവും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ജനുവരി 31ന് അകവും പൂർത്തിയാക്കുന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി വെള്ളിയാഴ്ച പറഞ്ഞതു നിസ്സഹായരായ ജനങ്ങൾക്കുവേണ്ടിത്തന്നെയാണ്. റോഡ് മോശമായാൽ ഗതാഗതക്കുരുക്കും സമയനഷ്ടവും ഇന്ധനനഷ്ടവും ഉണ്ടാകുമെന്നും വിള്ളലും കുഴിയും യഥാ‍സമയം പരിഹരിച്ചില്ലെങ്കിൽ റോഡ് പൂർണമായി തകരുമെന്നും പറഞ്ഞ കോടതി, ഉദ്യോഗസ്ഥരുടെ നിസ്സംഗത ഇനിയും സഹിക്കാനാവില്ലെന്നുകൂടി വ്യക്തമാക്കി.

 
പുതിയ റോഡ് നിർമാണവും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും യോഗ്യരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടപ്രകാരവും ശിക്ഷാ നിയമപ്രകാരവും നടപടി ഉറപ്പാക്കണം, റോഡുകളിൽ കുഴിയോ വിള്ളലോ ഉണ്ടായാൽ ഉദ്യോഗസ്ഥർ ഉടൻ നടപടിയെടുക്കണം, അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയാൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും വകുപ്പു മേധാവികൾക്കും ഉത്തരവാദിത്തമുണ്ടാകും തുടങ്ങി ഹൈക്കോടതിയിൽനിന്നുണ്ടായ നിർദേശങ്ങൾ പാഴാകേണ്ടതല്ല.


വിഐപി സന്ദർശന വേളകളിൽ റോഡുകൾ നന്നാക്കാൻ കാണിക്കുന്ന ശുഷ്കാന്തി സാധാരണക്കാരുടെ ജീവനെ കരുതിയും വേണമെന്നു വ്യാഴാഴ്ച ഹൈക്കോടതി പറഞ്ഞതിലും ജനകീയത തെളിയുന്നുണ്ട്. കൊച്ചിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 11 വർഷം മുൻപു നൽകിയ ഹർജി പരിഗണിക്കവെയാണു കോടതിയുടെ വാക്കാലുള്ള പരാമർശം. ഡച്ച് രാജാവിന്റെ സന്ദർശനം പ്രമാണിച്ചു നഗരത്തിലെ ഏതാനും റോഡുകളിൽ കുഴിയടച്ചതിനു പിന്നാലെയാണു ഹർജി പരിഗണിച്ചത്. വിഐപികൾ വരുമ്പോൾ മാത്രം പെട്ടെന്നു റോഡുകൾ നന്നാക്കുന്നത് എങ്ങനെയാണെന്നാണു കോടതി ചോദിച്ചത്.


ഇതിനിടെ, കുതിരാനിൽ കേരളത്തിലെ ആദ്യ തുരങ്കപ്പാതയുടെ നിർമാണവും മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത വികസനവും വൈകുന്നതു അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും നിർഭാഗ്യ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വടക്കഞ്ചേരി – മണ്ണുത്തി വഴിയിൽ, 29 കിലോമീറ്റർ നീളത്തിലുള്ള ദേശീയപാതയുടെ നിർമാണ നടപടികൾ ഇഴയാൻ തുടങ്ങിയിട്ടു 19 വർഷത്തോളമായി. കുതിരാൻ ഉൾപ്പെടുന്ന ദേശീയപാത, ഉത്തരേന്ത്യയിൽനിന്നും തമിഴ്നാട്ടിൽനിന്നും മധ്യകേരളത്തിലേക്കുള്ള ചരക്കു ഗതാഗതത്തിന്റെ പ്രധാന റൂട്ടാണ്. ആയിരക്കണക്കിനു വാഹനങ്ങളും അതിലുമെത്രയോ കൂടുതൽ യാത്രക്കാരുമാണ് ഈ പാതയിലൂടെ രാവും പകലുമില്ലാതെ സഞ്ചരിക്കുന്നത്. ഇനി, ശബരിമല തീർഥാടന കാലം തുടങ്ങുന്നതോടെ വാഹനത്തിരക്ക് പെരുകുകയും ചെയ്യും.
റോഡ് നിർമാണത്തിന്റെ കരാർ എടുക്കുന്നവരിൽ അതിന്റെ പരിപാലനത്തിന്റെ ചുമതല കൂടി ഉറപ്പാക്കണം. വർഷത്തിൽ നാലു മാസത്തോളം മഴ പെയ്യുന്ന കേരളം പോലുള്ള സംസ്ഥാനത്ത്, വെള്ളത്തിൽ തകരാത്ത റോഡുകൾ നിർമിക്കാൻ വ്യക്തമായ കാഴ്ചപ്പാടുകൂടി ഉണ്ടാവേണ്ടതുണ്ട്. പൊളിയാത്ത, കുഴിയാത്ത റോഡുകൾ കേരളത്തിന്റെമുന്നിൽ എന്നും ദൂരസ്വപ്നമായി ശേഷിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com