ADVERTISEMENT

∙ പരീക്ഷകളും മൂല്യനിർണയവും പ്രവേശനടപടികളുമായി
ബന്ധപ്പെട്ട് നമ്മുടെ സർവകലാശാലകളുടെ അണിയറയിൽ യഥാർഥത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? മാർക്ക്ദാന, അദാലത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിൽ നിന്ന്...

‘മാനുഷിക നിലപാടുകളിലൂടെ മറ്റുള്ളവരെ സഹായിക്കുന്നത് അപരാധമാണെങ്കിൽ ആ തെറ്റുകൾ തുടരാനാണ് എനിക്ക് ആഗ്രഹം. ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയായിരിക്കണം’ – സർവകലാശാലകളിലെ മാർക്ക്ദാന, അദാലത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഇന്നലെ കോഴിക്കോട് മുക്കത്തും ഈ നിലപാട് ആവർത്തിച്ചു.

മന്ത്രി പറഞ്ഞതു ശരിയാണ്. ചട്ടങ്ങൾ മനുഷ്യന്റെ ക്ഷേമത്തിനും നന്മയ്ക്കുമാകണം. ഇനി നമുക്കു കേരളത്തിലെ സർവകലാശാലകളിലെ നന്മയുടെ ചില മാതൃകകൾ കാണാം.

എംഎസ്‌സി ഫിസിക്സും ബോഡി ബിൽഡിങ്ങും


പാലക്കാട് വിക്ടോറിയ കോളജിൽ എംഎസ്‍സി ഫിസിക്സിന് ഒരു വിദ്യാർഥി സ്പോർട്സ് ക്വോട്ടയിൽ ചേർന്നു. എന്നാൽ പിജി സ്പോർട്സ് ക്വോട്ട അഡ്മിഷനു വേണ്ട മിനിമം മാർക്കായ 45% വിദ്യാർഥിക്കുണ്ടായിരുന്നില്ല. അഡ്മിഷൻ നിയമവിരുദ്ധം. കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം തടഞ്ഞു.

ഇതു പരാതിയായി മാർച്ച് രണ്ടിനു കാലിക്കറ്റ് സർവകലാശാലയിലെ അദാലത്തിലെത്തി. ‘സ്പെഷൽ കേസ്’ ആയി പരിഗണിച്ച് അക്കാദമിക് കൗൺസിലിനു വിടാൻ മന്ത്രി ആദ്യാവസാനം പങ്കെടുത്ത അദാലത്തിൽ തീരുമാനമായി.
‘മന്ത്രി ഏൽപിച്ച കേസാണിത്’ എന്ന ആമുഖത്തോടെയാണ് സിപിഎം നോമിനിയായ സിൻഡിക്കറ്റ് അംഗം വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്.

leader2

പ്രവേശനം തന്നെ നിയമവിരുദ്ധമാണെന്നു ഫാക്കൽറ്റി ഡീനും വകുപ്പു മേധാവിയും ചൂണ്ടിക്കാട്ടിയിട്ടും കാര്യമുണ്ടായില്ല. അഡ്മിഷനു സാധുത നൽകാനും തടഞ്ഞുവച്ച പരീക്ഷാഫലം പ്രഖ്യാപിക്കാനും അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തു.
എന്തായിരുന്നു ഈ വിദ്യാർഥിയുടെ സ്പോർട്സ് ഇനം എന്നന്വേഷിച്ചപ്പോൾ അറിഞ്ഞു– ബോഡി ബിൽഡിങ്. സംസ്ഥാന തലത്തിൽ ഒരു മെഡൽ പോലും നേടിയിട്ടില്ലെന്നതാകട്ടെ, നന്മനിറഞ്ഞ മനസ്സോടെ നമുക്ക് അവഗണിക്കാം.

എംജിയോട് കുസാറ്റ് പറയുന്നു; മാർക്ക്ദാനം ഞങ്ങളുടെ രീതിയല്ല

കേരളത്തിന്റെ ശാസ്ത്രസാങ്കേതിക സർവകലാശാലയാണു കൊച്ചിയിലെ കുസാറ്റ്. അഫിലിയേറ്റഡ് കോളജുകളുടെ ഭാരമില്ലാത്തതിനാൽ എൻജിനീയറിങ്, ശാസ്ത്ര കോഴ്സുകളിൽ നിലവാരത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കാനാകുമെന്നു നാം പ്രതീക്ഷിക്കുന്ന സ്ഥാപനം.

ബിടെക് പരീക്ഷയിൽ ജയിക്കാൻ നൂറിൽ 50 മാർക്ക് വേണ്ടിയിരുന്നത് ഈ വർഷം 40 ആക്കി. ഇന്റേൺ അസസ്മെന്റ് ഉൾപ്പെടെയാണിത്. 60 മാർക്കിന്റെ എഴുത്തുപരീക്ഷയ്ക്ക് 72 മാർക്കിന്റെ ചോദ്യങ്ങൾ നൽകാനും തീരുമാനിച്ചു.

ഇതിൽനിന്ന് 24 മാർക്ക് വാങ്ങിയാൽ ജയിക്കാം. ചോയ്സ് ഉള്ളതിനാൽ ഫുൾ മാർക്ക് കിട്ടുന്നവരുടെ എണ്ണവും ഏറും. മൂന്നാം സെമസ്റ്ററിലേക്കു സ്ഥാനക്കയറ്റം നേടാൻ ഒന്നാം സെമസ്റ്ററിൽ 11 ക്രെഡിറ്റ്  വേണമെന്നത് പത്തായി കുറയ്ക്കുകയും ചെയ്തു.


ഉത്തരവിറങ്ങിയപ്പോഴാണ് അധ്യാപകർ ഇതെല്ലാം അറിയുന്നത്. നിർണായകമായ പരീക്ഷാ പരിഷ്കാരങ്ങൾ സംബന്ധിച്ച് ചർച്ചയൊന്നും നടന്നിരുന്നില്ല. ഫെബ്രുവരി 25ന് ഒരു അദാലത്ത് നടന്നതായി മാത്രമാണ് അധ്യാപകർക്ക് അറിയാവുന്നത്.
നിലവാരം എത്ര ഇടിഞ്ഞാലും വിജയശതമാനം ഉയരുന്നതു ‘നന്മ’യാണെന്ന് ആശ്വസിക്കുകയേ തരമുള്ളൂ.

വ്യവസ്ഥകൾ ഇത്ര ഉദാരമായതോടെ എംജിയിലെ പോലെ ഫലം പ്രഖ്യാപിച്ചശേഷമുള്ള മാർക്ക്ദാനം ഇനി വേണ്ടിവരില്ലെന്നും കരുതാം.

ദേശീയ റെക്കോർഡുണ്ടല്ലോ, കുറച്ച് ഓടിയാലെന്താ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ജലീൽ പല വേദികളിലായി പങ്കുവയ്ക്കുന്ന ഒരു സംഭവമുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ രണ്ടു തവണ മൂല്യനിർണയം നടത്തിയിട്ടും അധ്യാപകരുടെ അശ്രദ്ധ മൂലം ഒരു കുട്ടി ഒരു വിഷയത്തിൽ തോറ്റു.

മൂന്നു പ്രഗത്ഭ അധ്യാപകരുടെ സമിതി വീണ്ടും മൂല്യനിർണയം നടത്തിയപ്പോൾ വിജയിച്ചു. അതോടെ ആ കുട്ടിക്ക് അഞ്ചാം റാങ്കും ലഭിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും ന്യായമായ പരാതികൾ ചട്ടവും വകുപ്പും പറഞ്ഞു തള്ളിക്കളയാൻ പാടില്ല. ഈ ഒരൊറ്റ കുട്ടിയുടെ ജാമ്യത്തിൽ ഏതു മാർക്ക്ദാനവും ശരിവയ്ക്കാനാകുമോ ? നന്മയുടെ ഈ വെളിച്ചം അർഹരായ എല്ലാ കുട്ടികൾക്കും കിട്ടുന്നുണ്ടോ?


ദേശീയ റെക്കോർഡിന് ഉടമയായ വനിതാ കായികതാരം അർഹതപ്പെട്ട 45 ഗ്രേസ് മാർക്കിനായി കണ്ണൂർ സർവകലാശാലയിൽ കയറിയിറങ്ങേണ്ടി വന്നതു പത്തുവട്ടമാണ്. (ഇനം ബോഡി ബിൽഡിങ് അല്ല, അത്‌ലറ്റിക്സ്).
കണ്ണൂർ സർവകലാശാലയിൽ യുജി, പിജി കോഴ്സുകൾക്കു ഗ്രേസ് മാർക്കിനു രണ്ടു വ്യവസ്ഥയായിരുന്നു. യുജി കോഴ്സിന് അർഹതപ്പെട്ട മുഴുവൻ ഗ്രേസ് മാർക്കും നൽകും. പിജിക്കു ജയിക്കാൻ വേണ്ട മാർക്ക് എത്രയോ, അത്രയും മാത്രമേ നൽകൂ.


പിജി ഫലം വന്നപ്പോൾ വിദ്യാർഥിനി ഒരു വിഷയത്തിൽ 6 മാർക്കിനു തോറ്റിരുന്നു. ഫലപ്രഖ്യാപനത്തിനു മുൻപുതന്നെ ഗ്രേസ് മാർക്ക് നൽകണമെന്ന കീഴ്‌വഴക്കം പാലിക്കപ്പെട്ടില്ല. ഏതു മാനദണ്ഡം വച്ചായാലും ഗ്രേസ് മാർക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാർഥിനി നെട്ടോട്ടം തുടങ്ങി.


ഇതിനിടെ, യുജി കോഴ്സുകളിലെന്നപോലെ അർഹതപ്പെട്ട മുഴുവൻ ഗ്രേസ് മാർക്കും പിജിക്കും നൽകാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. എന്നാൽ തീരുമാനം സെക്‌ഷനിലേക്ക് അയച്ചപ്പോൾ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു ഫയൽ മടക്കി. രണ്ടു മാസം ഉപസമിതിയുടെ പഠനം. ഒടുവിൽ ഇതേ ഉത്തരവ് വീണ്ടുമിറക്കി. ബന്ധപ്പെട്ട സെക്‌ഷനുകൾ വഴി ഉത്തരവ് കയറിയിറങ്ങാൻ പിന്നെയും സമയമെടുത്തു. ഒടുവിൽ കഴിഞ്ഞ ദിവസമാണു സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയത്. കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റിൽ കായിക അധ്യാപകർ തന്നെ മൂന്നുപേരുള്ളപ്പോഴാണ് ഈ സ്ഥിതി.

തൂക്കിവിൽക്കാനും സമ്മതിക്കില്ലേ ഉത്തരക്കടലാസുകൾ..!


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ പൊലീസ് കണ്ടെത്തിയതു കേരള സർവകലാശാലയ്ക്കു വലിയ അപമാനം  ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തിലെ സംശയങ്ങൾ പരിഹരിക്കാൻ സർവകലാശാലയ്ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.


ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷാ വിശേഷങ്ങളിങ്ങനെ: 2014 മുതൽ എല്ലാ സെമസ്റ്ററിലും തോറ്റ് സപ്ലിമെന്ററി പരീക്ഷ എഴുതി; 2016ൽ എഴുതിയ പരീക്ഷകളിലാകട്ടെ മികച്ച മാർക്ക്.

ഡിഗ്രിയും പാസായി. 2016ലെ ഉത്തരക്കടലാസുകളാണു ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു പിടിച്ചതെന്നും ഓർക്കുക.
ഇതേ ശിവരഞ്ജിത്ത്, കേരളയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടു തവണ എഴുതിയപ്പോഴും തോറ്റു.

കുത്തുകേസിലെ രണ്ടാം പ്രതി എ.എൻ. നസീമിന്റെ എംഎ ഫിലോസഫി പരീക്ഷകളുടെ കാര്യവും ഇങ്ങനെത്തന്നെ. ഇവരുടെ ബിരുദപരീക്ഷാ ഉത്തരക്കടലാസുകൾ പരിശോധിക്കണമെന്നു കോളജ് വിദ്യാഭ്യാസ ഡയറക്ടർ സിൻഡിക്കറ്റ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും വന്നിട്ടില്ല. ഇപ്പോൾ ഇതേക്കുറിച്ചുള്ള വഴിപാട് അന്വേഷണം  സർവകലാശാല ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്.


ഇതിനിടെ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകൾ തൂക്കിവിൽക്കാൻ പരീക്ഷാവിഭാഗത്തിൽ തിരക്കിട്ട നീക്കം നടന്നു. കുത്തുകേസ് പ്രതികളുടേത് ഉൾപ്പെടെയാണിത്. ഇതു വാർത്തയായതോടെ അധികൃതർ പിൻവാങ്ങി.

മാർക്ക്ദാനം മുതൽ മൂന്നാം മൂല്യനിർണയം വരെയുള്ള വിവാദങ്ങളാണ് ഇപ്പോൾ വിവിധ സർവകലാശാലകളിലായി ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ ഇതൊക്കെ വലിയ തെറ്റാണോ എന്നു ചിലർക്കെങ്കിലും തോന്നാം; കാരണം എൽഎൽബി തോറ്റിട്ടും എൽഎൽഎമ്മിനു പഠിക്കുന്നവരും പിജി പൂർത്തിയാക്കാതെ പിഎച്ച്ഡിക്കു ചേർന്നവരും നമ്മുടെ നാട്ടിലുണ്ട്. അക്കഥകൾ നാളെ.

എത്ര സർട്ടിഫിക്കറ്റും തരാം, കുറച്ച് ഗ്രേസ് മാർക്ക് വേണം


അർഹതപ്പെട്ടവർ ഗ്രേസ് മാർക്ക് കിട്ടാൻ നെട്ടോട്ടമോടും; അധികൃതരുടെ കാലുപിടിക്കും. എന്നാൽ മറ്റുചിലരുടെ കാര്യം അങ്ങനെയല്ല.
ഒരിക്കൽ കോട്ടയം ജില്ലയിലെ എൻജിനീയറിങ് കോളജിൽ അധ്യാപകൻ കൂടിയായ സിൻഡിക്കറ്റ് അംഗം എംജി പരീക്ഷാ കൺട്രോളറെ സമീപിച്ചു.


അദ്ദേഹത്തിന്റെ കോളജിലെ ബിടെക് വിദ്യാർഥിക്ക് എംടെക് പ്രവേശനം ലഭിച്ചിട്ടുണ്ട്. പക്ഷേ ബിടെക്കിന് ഒരു വിഷയത്തിൽ ഒരു മാർക്കിനു തോറ്റുപോയി. ആ മാർക്ക് മോഡറേഷനായി നൽകണം. വെറുതെ വേണ്ട. എൻഎസ്എസ് പ്രവർത്തനത്തിന്റെ സർട്ടിഫിക്കറ്റുണ്ട്. പരിശോധനയിൽ ആ സർട്ടിഫിക്കറ്റ് പോരെന്നു കണ്ടെത്തി കൺട്രോളർ ആവശ്യം തള്ളി.


അടുത്ത ദിവസം അതാ വരുന്നു, മറ്റൊരു പാഠ്യേതര പ്രവർത്തന സർട്ടിഫിക്കറ്റ്. നിയമപ്രകാരം രക്ഷയില്ലെന്നു കൺട്രോളർ. വിഷയം സിൻഡിക്കറ്റിലെത്തി. രണ്ടു വട്ടം എതിർത്ത കൺട്രോളർ ‘തോറ്റു’; വിദ്യാർഥി ‘ജയിച്ചു’.

വൺ ടൈം എക്സാം സെക്കൻഡ് ടൈം


കേരള കാർഷിക സർവകലാശാലയിൽ ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകളിൽ തോറ്റവർ മൂന്നുവീതം റീഎക്സാമും റിപ്പീറ്റ് എക്സാമും എഴുതിയിട്ടും ജയിച്ചില്ലെങ്കിൽ ആറാം സെമസ്റ്ററിൽ അധികൃതരുടെ അറ്റകൈ പ്രയോഗമുണ്ട്– ‘വൺ ടൈം എക്സാം’. എല്ലാ പരീക്ഷയും ഒന്നിച്ച് എഴുതാം.
‘ചില’ ബിഎസ്‌സി അഗ്രികൾചർ വിദ്യാർഥികൾ എന്നിട്ടും ജയിച്ചില്ല. അതോടെ ഉത്തരവിറങ്ങി– ‘വൺ ടൈം എക്സാം സെക്കൻഡ് ടൈം’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com