ADVERTISEMENT

മോഷ്‌ടാവ് ബുദ്ധാശ്രമത്തിൽ മോഷ്‌ടിക്കാൻ കയറി. കുറെനേരം ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല. എല്ലാം കണ്ടുകൊണ്ടിരുന്ന സന്യാസി അയാളോടു പറഞ്ഞു: ‘ആ കട്ടിലിനടിയിൽ കുറച്ചു പണമുണ്ട്, എടുത്തുകൊള്ളൂ’. പണവുമായി മോഷ്‌ടാവ് പോകുന്നതിനിടയിൽ സന്യാസി പറഞ്ഞു: ‘നീ മോഷണം തുടരുന്നതിൽ എനിക്കു പരാതിയില്ല. പക്ഷേ ഇനി മോഷ്‌ടിക്കുമ്പോൾ ഞാൻ മോഷ്‌ടിക്കുകയാണ് എന്നു മനസ്സിൽ പറഞ്ഞുകൊണ്ടുവേണം ചെയ്യാൻ..’


നാളുകൾക്കു ശേഷം മോഷ്‌ടാവ് തിരിച്ചെത്തി സന്യാസിയോടു കയർത്തു: ‘നിങ്ങൾ എന്റെ ജീവിതം തകർത്തു’. സന്യാസി ചോദിച്ചു: ‘ഞാൻ എങ്ങനെയാണു നിന്നെ നശിപ്പിച്ചത്?’. മോഷ്‌ടാവ് ക്ഷുഭിതനായി. ‘മോഷ്‌ടിക്കുകയാണെന്നു സ്വയം പറഞ്ഞ്, തെറ്റു ചെയ്യുകയാണെന്നു സ്വയം മനസ്സിലാക്കി എങ്ങനെയാണ് ഒരാൾക്കു മോഷ്‌ടിക്കാൻ കഴിയുക? ഞാൻ മോഷണം നിർത്തി’. സന്യാസി പറഞ്ഞു: ‘എല്ലാവരിലും ഒരു ബുദ്ധനുണ്ട്. നിന്നിലെ ബുദ്ധൻ ഉണർന്നത് ഇപ്പോഴാണെന്നു മാത്രം’.


എല്ലാവരും ഏതെങ്കിലുമൊക്കെ ശീലങ്ങളുടെ അടിമകളാണ്. മോഷണം ഒരു വകഭേദം മാത്രം. ചെയ്യാനാഗ്രഹിക്കാത്തത് ചെയ്യുന്നതും പുറത്തുകടക്കാനാഗ്രഹിക്കുന്നവയിൽത്തന്നെ കുടുങ്ങിക്കിടക്കുന്നതുമാണ് ഒരാൾ അനുഭവിക്കേണ്ടിവരുന്ന ഏറ്റവും കഠിനമായ മാനസിക സമ്മർദം.
തെറ്റുചെയ്യുന്ന സമയത്ത് തെറ്റിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിക്കാൻ കഴിഞ്ഞാൽ തെറ്റിനോടു വിരക്തി തോന്നിത്തുടങ്ങും. പുറമെനിന്നു ലഭിക്കുന്ന ഉപദേശങ്ങൾക്കല്ല ഉള്ളിൽനിന്ന് ഉടലെടുക്കുന്ന തീരുമാനങ്ങൾക്കാണു രൂപാന്തരം വരുത്താനാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com