sections
MORE

കസേര കാത്തിരിക്കുന്നവർ

deseeyam1
നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ , ഡോ. ഹർഷ് വർധൻ.
SHARE

∙ ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കൊഴിയുന്നതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിക്കുമെന്ന പ്രതിക്ഷയിൽ കാത്തിരിക്കുന്നത് ബിജെപിയുടെ ഡസൻ കണക്കിന് ലോക്‌സഭാ എംപിമാർ 

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം അക്ഷമരായി കാത്തിരിക്കുന്നവരിൽ ഇരുസംസ്ഥാനങ്ങളിലെയും വോട്ടർമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല, ബിജെപിയുടെ ഡസൻ കണക്കിനു ലോക്‌സഭാ എംപിമാരുമുണ്ട്. ഈ തിരഞ്ഞെടുപ്പുകളോടെ തിരക്കൊഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്ത്രിസഭാ വികസനത്തിനു സാവകാശം ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. നിലവിൽ ചില മന്ത്രിമാർ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ അധികഭാരം ഇളവുചെയ്തു കൊടുത്തേക്കാം.

കഴിഞ്ഞ മേയിലെ വൻ വിജയത്തിനു ശേഷം നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരമേറ്റത് മുന്നൂറിലധികം സീറ്റുകൾ ബിജെപിക്കു മാത്രമായി നേടിയെടുത്താണ്. 57 മന്ത്രിമാരാണ് അന്നു സത്യപ്രതിജ്ഞ ചെയ്തത്; അതിൽ 24 പേർ കാബിനറ്റ് റാങ്കിലും. പരമാവധി 83 മന്ത്രിമാരെ (ലോക്സഭയിലെ ആകെ അംഗങ്ങളുടെ 15%) ഭരണഘടന അനുവദിക്കുന്നുണ്ട്. 25 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടതോടെ സ്ഥാനമോഹികൾക്കു പ്രതീക്ഷയുണ്ടായി. മോദിയുടെ ആദ്യ സർക്കാരിൽ മന്ത്രിമാരായിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൈകാതെ മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു ആദ്യം മുതലുള്ള പ്രതീക്ഷ. എന്നാൽ, രണ്ടാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ, ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കിയത് അടക്കമുള്ള സംഭവവികാസങ്ങൾ, പ്രധാനമന്ത്രിയുടെ തുടരെയുള്ള വിദേശയാത്രകൾ എന്നിവ ആ പ്രതീക്ഷ തല്ലിക്കെടുത്തി. 

deseeyam2
ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, പ്രൾഹാദ് ജോഷി

പാർട്ടിയിലും സർക്കാരിലും മോദി ഉയരത്തിൽ തുടരുന്നതിനാൽ അദ്ദേഹത്തോട് കൂടുതൽ മന്ത്രിമാരെ ഉടൻ ഉൾപ്പെടുത്തണമെന്നു തുറന്നു പറയാനും ആരും തയാറായില്ല. വിശേഷിച്ചും, രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കു മൂക്കുകുത്തുമ്പോൾ. പിന്നാലെ, മഹാരാഷ്ട്രയിലും ഹരിയാനയിലും അധികാരം നിലനിർത്താൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ ഒരുക്കങ്ങളായി. പക്ഷേ, കേന്ദ്രമന്ത്രിസഭയ്ക്ക് ഇന്ത്യയൊട്ടാകെ പ്രാതിനിധ്യമുള്ള വികസനം വേണം, മന്ത്രിമാരുടെ അധികഭാരം സർക്കാരിന്റെ ആകെ മികവിനെ ബാധിക്കുന്നുണ്ട് എന്നിങ്ങനെയുള്ള മർമരങ്ങൾ പല കോണുകളിൽനിന്ന് ഇപ്പോൾ ഉയരുന്നുണ്ട്. 

അധിക ചുമതലകളുള്ള മന്ത്രിമാരിലൊരാൾ രവിശങ്കർ പ്രസാദാണ്. അദ്ദേഹം ഇലക്ട്രോണിക്സ്, ഐടി, നിയമവും നീതിന്യായവും, വാർത്താവിനിമയം എന്നീ വകുപ്പുകളാണു കൈകാര്യം ചെയ്യുന്നത്. സമാനമായ അവസ്ഥയിലാണു റെയിൽവേ മന്ത്രി പീയൂഷ് ഗോയലും. അദ്ദേഹത്തിനു വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ ഭാരിച്ച ചുമതല കൂടിയുണ്ട്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് ഉരുക്കുവ്യവസായത്തിന്റെ അധികഭാരമാണുള്ളത്. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിക്കുള്ള അധിക വകുപ്പുകൾ കൽക്കരിയും ഖനിയുമാണ്. ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധനു കീഴിലാണു ശാസ്ത്രസാങ്കേതിക വകുപ്പും. 

വനം – പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്കാകട്ടെ, വാർത്താവിതരണ – പ്രക്ഷേപണ വകുപ്പിന്റെ ചുമതല കൂടിയുണ്ട്. മുൻ മോദി സർക്കാരിൽ അദ്ദേഹം ആദ്യം ഈ രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. പിന്നീടു മാനവശേഷി വകുപ്പു മന്ത്രിയായി. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖനായ നിതിൻ ഗഡ്‌കരിക്ക്, കഴിഞ്ഞ സർക്കാരിൽ അദ്ദേഹം കൈകാര്യം ചെയ്ത റോഡ് – ഉപരിതല ഗതാഗത വകുപ്പു തന്നെയാണ് ഇത്തവണയും പ്രധാനമായും ഉള്ളത്. പുറമേ, സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങളുടെ ചുമതല കൂടിയുണ്ട്. സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് കൂടാതെ വനിതാ – ശിശുക്ഷേമവും നോക്കണം.  

എന്നാൽ, പ്രധാനമന്ത്രി കൂടുതൽ മന്ത്രിമാരെ നിയമിച്ചാലും, പല അധികചുമതലകളും എടുത്തുമാറ്റി പുതിയവർക്കു കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. കാര്യപ്രാപ്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നവർക്കാണ് ഇങ്ങനെ രണ്ടോ അതിലധികമോ വകുപ്പുകൾ ഏൽപിച്ചുകൊടുത്തിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ രാജ്‌നാഥ് സിങ് (പ്രതിരോധം), അമിത് ഷാ (ആഭ്യന്തരം), നിർമല സീതാരാമൻ (ധനകാര്യം), രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്‌കരി എന്നിവർക്കും  വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിനും മാറ്റമുണ്ടാകാനിടയില്ല. മറ്റെല്ലാ വകുപ്പുകളിലും അഴിച്ചുപണികൾ വന്നേക്കാം. 

എങ്കിലും, നരേന്ദ്ര മോദിയുടെ ശൈലി വച്ച് അദ്ദേഹം മന്ത്രിസഭാ വികസനമോ അഴിച്ചുപണിയോ ഉണ്ടാകുമെന്ന സൂചന നൽകിയിട്ടില്ല. നവംബറിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനാൽ അദ്ദേഹം ഇപ്പോഴത്തെ നില തുടർന്നുപോയാലും അദ്ഭുതമില്ല. പുതിയ മന്ത്രിമാരുണ്ടായേക്കുമെന്ന സൂചന അമിത് ഷായും ആർക്കും കൊടുത്തിട്ടില്ല. 

മേയിൽ മന്ത്രിസഭയിൽ ചേരാത്ത സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡിനെയോ (ജെഡിയു) അണ്ണാ ഡിഎംകെയെയോ വീണ്ടും പരിഗണിക്കാനും സാധ്യത കാണുന്നില്ല. ഒരു കാബിനറ്റ് മന്ത്രി എന്ന വാഗ്ദാനത്തിൽ അതൃപ്തനായാണു ജെഡിയു നേതാവ് നിതീഷ് കുമാർ മന്ത്രിസഭയിൽ ചേരാതെ വിട്ടുനിന്നത്. അദ്ദേഹം വാശിപിടിച്ചതു റെയിൽവേയോ കൃഷിയോ പോലെ പ്രധാന വകുപ്പുകളടക്കം രണ്ടു കാബിനറ്റ് മന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ മോദി വിസമ്മതിച്ചു. ഒരു അംഗം മാത്രമായി ചുരുങ്ങിയതിനാലാണ് അണ്ണാ ഡിഎംകെക്കു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് . 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA