sections
MORE

മാർക്ക്ദാനം മഹാദാനം; അപ്പോൾ ഹാജർദാനമോ ?

lp3
SHARE

മാർക്ക്ദാനം മാത്രമല്ല, ‘നല്ല മനസ്സുള്ള’ നമ്മുടെ സർവകലാശാലകൾ ഹാജരും ദാനം ചെയ്തുകളയും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ എസ്എഫ്ഐ, കെഎസ്‌യു നേതാക്കളുൾപ്പെടെ 46 വിദ്യാർഥികളെയാണ് മതിയായ ഹാജരില്ലാതിരുന്നിട്ടും എംജി സർവകലാശാല പരീക്ഷ എഴുതാൻ അനുവദിച്ചത്.

ഇവരിൽ 2.13% മാത്രം ഹാജരുള്ള വിദ്യാർഥി വരെയുണ്ട്. വിദ്യാർഥികളുടെ പരാതിയിൽ പ്രിൻസിപ്പൽ ഷാജു വർഗീസിനെ മാറ്റാൻ മാനേജ്മെന്റിനോടു സർവകലാശാല ശുപാർശ ചെയ്തു. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾക്കായി ഇന്നലെ വൈകിട്ടാണ് ഇളവ് അനുവദിച്ചത് (മഴ മൂലം ഇന്നത്തെ പരീക്ഷകൾ മാറ്റി). 

വിവിധ കോഴ്സുകളിൽ 3, 5 സെമസ്റ്ററുകളിൽ പഠിക്കുന്നവരാണു വിദ്യാർഥികൾ. മിക്കവർക്കും ഹാജർ 30–40% മാത്രം; യൂണിറ്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കൾക്ക് 20% പോലുമില്ല. നിയമപ്രകാരം 75% ഹാജരുള്ള വിദ്യാർഥികൾക്കേ പരീക്ഷയെഴുതാൻ അർഹതയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോളജ് അധികൃതരുടെ എതിർപ്പു മറികടക്കാൻ വിദ്യാർഥികൾ യൂണിയൻ ചെയർമാൻ മുഖേന വൈസ് ചാൻസലർക്കു പരാതി നൽകി. എസ്എഫ്ഐയും കെഎസ്‌യുവും ഒരുമിച്ചു സമരവും ചെയ്തു. 

ഹാജർ കണക്കിൽ സംശയമുണ്ടെന്നും അതിനാൽ താൽക്കാലികമായി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമാണ് സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടോമിച്ചൻ ജോസഫ്, ഡോ. സി. ജോസ്, വി.എസ്.പ്രവീൺകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സമിതി ശുപാർശ ചെയ്തത്. പ്രിൻസിപ്പൽ വിദ്യാർഥികളിൽ അന്തഃഛിദ്രം വളർത്തുന്നുവെന്നും പരസ്പരം ആക്രമിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മാറ്റാനുള്ള ശുപാർശ. എസ്എഫ്ഐക്കാർക്കെതിരെ കെഎസ്‌യുക്കാരോടു പ്രിൻസിപ്പൽ സംസാരിക്കുന്ന ഓഡിയോ സമിതി പരിശോധിച്ചു. എന്നാൽ ഇത് എഡിറ്റ് ചെയ്തതാണെന്നാണു പ്രിൻസിപ്പൽ പറയുന്നത്. 

എന്തൊരു യോഗ്യത! 

കോഴ്സിനു ചേരാനുള്ള യോഗ്യത നിശ്ചയിക്കേണ്ടതാരാണ് ? അക്കാദമിക് വിദഗ്ധർ തീരുമാനിക്കേണ്ട അത്തരം വിഷയങ്ങളിൽ കോടതി പോലും ഇടപെടാറില്ല. എന്നാൽ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തരം കാര്യങ്ങളിൽ അറച്ചുനിൽക്കാൻ തയാറല്ല. ബിഎഡിനു ചേരുന്നതിനുള്ള യോഗ്യതകളുടെ കൂട്ടത്തിൽ പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്സായ ബിവൊക് കൂടി ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ ഉത്തരവ് അതാണു വ്യക്തമാക്കുന്നത്. ഒരു വിദ്യാർഥിനി നൽകിയ നിവേദനം പരിഗണിച്ചാണ് ഉത്തരവ്. എന്നാൽ, ബിവൊക് പാസായ ആളെ ഏതു ബിഎഡ് കോഴ്സിനു ചേർക്കണമെന്നോ അങ്ങനെ ചേർന്നു പാസാകുന്നയാൾക്കു സ്കൂളിൽ ഏതു വിഷയം പഠിപ്പിക്കാമെന്നോ വ്യക്തമല്ല.

lp1

ബിവൊക് പാസാകുന്നവരെ പ്രത്യേക യോഗ്യതാ നിബന്ധനകളില്ലാത്ത കോഴ്സുകളിൽ ഉപരിപഠനത്തിന് അനുവദിക്കണമെന്നു യുജിസി നിബന്ധനയുണ്ട്. എന്നാൽ, നിബന്ധനകളുള്ള വിഷയങ്ങളിൽ യോഗ്യത നിശ്ചയിക്കേണ്ടതു സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലുമാണ്. ബിഎഡിന്റെ കാര്യത്തിൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ (എൻസിടിഇ) വ്യവസ്ഥകളും പാലിക്കണം. പക്ഷേ സംഭവിക്കുന്നതോ?

ബോർഡ് ഓഫ് സ്റ്റഡീസ് എന്നുപറഞ്ഞ് വിരട്ടല്ലേ

ബോർഡ് ഓഫ് സ്റ്റഡീസ് എന്നൊന്നും പറഞ്ഞാൽ അധികൃതർ കുലുങ്ങില്ലെന്നതിനും അനുഭവം സാക്ഷി. സർവകലാശാലകളിൽ സിലബസ് തയാറാക്കുന്നതും പരിഷ്കരിക്കുന്നതുമെല്ലാം ബോർഡിന്റെ ചുമതലയാണ്. ഓരോ പഠനവിഭാഗത്തിലും മികവു തെളിയിച്ച അധ്യാപകരെ ഉൾപ്പെടുത്തിയാണു മൂന്നു വർഷത്തിലൊരിക്കൽ ബോർഡ് പുനഃസംഘടിപ്പിക്കുന്നതെന്നാണു സങ്കൽപം.

എന്നാൽ, 2017ൽ കണ്ണൂർ സർവകലാശാലയുടെ ബോർഡ് പുനഃസംഘടന അൽപം ‘ഇന്റർഡിസിപ്ലിനറി’ ആയിപ്പോയി. കെമിസ്ട്രി പ്രഫസർ ഫിസിക്സ് ബോർഡിൽ; മാത്‌സ് പ്രഫസർ മലയാളം ബോർഡിൽ; കായികാധ്യാപകർ ഭാഷാവിഷയങ്ങളുടെ ബോർഡിലെത്തി. രാഷ്ട്രീയ ‘യോഗ്യത’ തെളിയിച്ച അസിസ്റ്റന്റ് പ്രഫസർ ചെയർമാനായി.

അത്തരം യോഗ്യതകളില്ലാത്ത അസോഷ്യേറ്റ് പ്രഫസർ അംഗമായി ഒതുങ്ങി. പട്ടിക അംഗീകാരത്തിനു സമർപ്പിച്ചപ്പോൾ പക്ഷേ ഗവർണർക്ക് ഈ പരിഷ്കാരങ്ങൾ അത്ര പിടിച്ചില്ല. പിന്നീട് ‘നിലപാടുകൾ’ അളന്നുകുറിച്ചു മാർക്കിട്ട് പുതിയ ബോർഡുകൾ രൂപീകരിക്കുമ്പോഴേക്കും വർഷമൊന്നു കഴിഞ്ഞു.

ജയം ഉറപ്പാക്കാനുള്ള ‘ഇന്റേണൽ’ വഴികൾ

നല്ല ലക്ഷ്യങ്ങളോടെയുള്ള പരിഷ്കാരങ്ങൾ പോലും എങ്ങനെ പൊളിച്ചടുക്കാം എന്നതിൽ ഗവേഷണം ചെയ്യുകയാണു സർവകലാശാലകളും കോളജുകളും. മികവ് അളക്കാൻ വാർഷിക പരീക്ഷകൾ മാത്രം പോരെന്ന കാഴ്ചപ്പാടോടെയാണ് ഇന്റേണൽ അസസ്‌മെന്റ് തുടങ്ങിയത്. ഇന്നാകട്ടെ, ഇരുതലമൂർച്ചയുള്ള വാളാണിത്. ചിലർക്കു വിദ്യാർഥികളെ നിലയ്ക്കുനിർത്താനുള്ള വഴി; മറ്റു ചിലർക്കു ‘വളരെ ഇന്റേണലായി’ മാർക്ക്ദാനത്തിനുള്ള വഴി.

ഒരു കോളജും എംജി സർവകലാശാലയും തമ്മിലുള്ള അന്തർധാര ഒരിക്കൽ പുറത്തായി. കോളജ് സർവകലാശാലയ്ക്കു സമർപ്പിച്ച മാർക്ക് ചേർത്താൽ കുട്ടികളിൽ നല്ല പങ്കും തോൽക്കും. സിൻഡിക്കറ്റ് അംഗമായ അധ്യാപകൻ വഴി വിവരം കോളജിൽ അറിഞ്ഞു. അടുത്ത ദിവസം എല്ലാവർക്കും വേണ്ടത്ര മാർക്കുകളോടെ പുതിയ ലിസ്റ്റ് എത്തി.

വിദ്യാർഥിരാഷ്ട്രീയം കളിച്ചു തഴമ്പിച്ച് അധ്യാപക സംഘടനാ നേതൃത്വത്തിലും പിന്നെ സർവകലാശാലാ സിൻഡിക്കറ്റിലും എത്തുന്നവരാണ് അധികം പേരും. വിദ്യാർഥിനേതാക്കളുടെ ആവശ്യങ്ങളോടു കണ്ണടയ്ക്കാൻ അവർക്കു പറ്റില്ല. ഇന്റേണൽ മാർക്കിനു ക്ലാസിലെ ഹാജർ മാനദണ്ഡമാക്കേണ്ടതില്ലെന്ന തീരുമാനം കണ്ണൂർ സർവകലാശാലയിൽ നടപ്പായതങ്ങനെയാണ്.

മറ്റു സർവകലാശാലകളിൽ 20 – 40% ആണ് ഇന്റേണലിനുള്ള മാർക്ക് എങ്കിൽ, കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ അത് 50% ആണ്. കായികം, കല, എൻഎസ്എസ്, എൻസിസി എന്നിവയിലായി 10% ഗ്രേസ് മാർക്കുമുണ്ട്. കോപ്പിയടി മുതൽ മോഡറേഷൻ വരെ എല്ലാറ്റിനും ഒറ്റമൂലി.

ഒരിക്കൽ തനിക്കെതിരെ വൈസ് ചാൻസലർക്കു പരാതി നൽകിയ വിദ്യാർഥിനിയെ അധ്യാപകൻ ഭീഷണിപ്പെടുത്തിയത് ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നു പറഞ്ഞാണ്. ആ അധ്യാപകൻ സസ്പെൻഷനിലായി.

‘ആരെങ്കിലും എന്റെ കാറൊന്ന് കഴുകിത്തന്നിരുന്നെങ്കിൽ!

‘ഇന്റേണൽ’ ഭീഷണികൾ എത്രയോ ചെറുതെന്നു തോന്നും, സർവകലാശാലകളിൽ ഗവേഷണ വിദ്യാർഥികൾ നേരിടുന്ന പരീക്ഷണങ്ങൾ കാണുമ്പോൾ. കാലിക്കറ്റ് സർവകലാശാലയിൽ റിസർച് സൂപ്പർവൈസറായ വനിതാ പ്രഫസർക്കു ഗവേഷണ വിദ്യാർഥികൾ സ്വന്തം വീട്ടുജോലിക്കാരാണ്. രാവിലെ ഹാജർ രേഖപ്പെടുത്തിയശേഷം ഷോപ്പിങ്ങിനു കൂട്ടുചെല്ലാനും അടുക്കളയിലേക്കു സാധനങ്ങൾ വാങ്ങാനുമൊക്കെ ഓരോരുത്തർക്കു നറുക്കുവീഴും. 

lp2

ഗവേഷണ മാർഗനിർദേശങ്ങൾക്കായി വിദ്യാർഥികൾ മുന്നിലെത്തുമ്പോൾ ഗൈഡിന്റെ ആത്മഗതം ഉയരും– ‘ആരെങ്കിലും എന്റെ കാറൊന്നു കഴുകിത്തന്നിരുന്നെങ്കിൽ!’. ലൈബ്രറിയിൽ പോകാനോ മറ്റു ഡിപ്പാർട്മെന്റുകളുടെ സെമിനാറുകളിൽ പങ്കെടുക്കാനോ അനുവാദമില്ല. ഗൈഡിനു വേണ്ട പേപ്പർ പ്രസന്റേഷനുകളും പ്രഭാഷണങ്ങളും തയാറാക്കി നൽകുകയും വേണം. ഒടുവിൽ ഒരു വിദ്യാർഥിനി ഗവർണർക്കു പരാതി നൽകി. അന്വേഷണമായി. എന്നിട്ടും ഗൈഡിനെതിരെ നടപടിയുണ്ടായില്ല. പകരം വിദ്യാർഥിനിക്കു മറ്റൊരു ഗൈഡിനെ അനുവദിച്ചു.

അധ്യാപകരിൽനിന്നു മാനസിക പീഡനമേൽക്കുന്നതായി ഗവേഷണ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ഒരു വർഷത്തിനിടെ 10 പരാതികളാണു കാലിക്കറ്റ് സർവകലാശാലയിൽ ലഭിച്ചത്.

പുല്ലുപോലെ ഗവേഷണം

കാർഷിക സർവകലാശാലയിൽ ചിലർ ഗവേഷണത്തിനു തിരഞ്ഞെടുക്കുന്ന മേഖലകളെക്കുറിച്ചു കേട്ടാൽ ഹരിതവിപ്ലവം തോറ്റുപോകും! തീറ്റപ്പുൽകൃഷി, ചീരവള വികസനം പോലെയുള്ള മേഖലകളിൽ ഗവേഷണം തകൃതി. കേരളത്തിന്റെ കൃഷിമേഖലയുടെ നട്ടെല്ലായ നെല്ല്, കുരുമുളക്, ഏലം, ജാതി തുടങ്ങിയ വിളകളോട് അത്ര പ്രിയം പോരാ. തീറ്റപ്പുൽകൃഷിയാകുമ്പോൾ അധ്വാനം കുറവ്, ഫലം എളുപ്പം. 

ആദ്യം സമ്മേളനം, പിന്നെ പരീക്ഷ

രാഷ്ട്രീയം മുൻഗണനകൾ മാറ്റിമറിക്കുന്നതിന്റെ ഒരു ഉദാഹരണം ഇങ്ങനെ. കഴിഞ്ഞ വർഷം ഇടതു വിദ്യാർഥി സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനം നടക്കുന്നു. അന്നുതന്നെ കണ്ണൂർ സർവകലാശാലയുടെ ഏതാനും പരീക്ഷകളും പ്രഖ്യാപിച്ചു. ഏതു മാറ്റിവയ്ക്കും? പരീക്ഷ മാറ്റി; സമ്മേളനം നടത്തി. സർവകലാശാലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ളവരുടെ തിരഞ്ഞെടുപ്പ് അന്നു നിശ്ചയിച്ചിട്ടുണ്ട് എന്നതായിരുന്നു പുറത്തുവന്ന ഔദ്യോഗിക വിശദീകരണം

ഡിഗ്രി ജയിക്കാത്തവർക്ക് പിജി പഠിക്കണ്ടേ?! 

ബിരുദഫലം കാത്തിരിക്കുന്നവർക്കു കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിൽ പിജിക്കു പ്രവേശനം നൽകാമെന്നും ആദ്യ സെമസ്റ്റർ പൂർത്തിയാകും മുൻപു യോഗ്യതാരേഖ ഹാജരാക്കിയാൽ മതിയെന്നും തീരുമാനിച്ചതു കഴിഞ്ഞ വർഷം. ബിരുദപരീക്ഷയിൽ തോറ്റാൽ പിജി കോഴ്സിൽനിന്നു പുറത്താക്കുമെന്നു കരാർ ഒപ്പിട്ടുവാങ്ങും.

ഇങ്ങനെ എൽഎൽഎമ്മിനു ചേർന്നവരിൽ എസ്എഫ്ഐ, എബിവിപി നേതാക്കൾ ഉൾപ്പെടെ 5 പേർ ബിഎ എൽഎൽബിക്കു തോറ്റിട്ടും എൽഎൽഎം കോഴ്സിൽ തുടർന്നു. പല അധ്യാപകർക്കും അറിയാമായിരുന്നെങ്കിലും വിദ്യാർഥി നേതാക്കളായതിനാൽ മറച്ചുവച്ചു. ഒടുവിൽ വിവാദമായതോടെയാണു പ്രവേശനം റദ്ദാക്കിയത്.

കാർഷിക സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ നൽകിയവരിൽ പിജി പരീക്ഷ കഴിയാത്ത രണ്ടു പേരുണ്ടായിരുന്നു. സർവകലാശാല രണ്ടു പേർക്കും അഡ്മിഷൻ കൊടുത്തു.

പക്ഷേ, ഇവർക്കു വേണ്ടി തഴയപ്പെട്ടവരുടെ കൂട്ടത്തിൽ സർവകലാശാലയിലെ മുൻ ഉദ്യോഗസ്ഥന്റെ മകളുമുണ്ടായിരുന്നു. തർക്കമായതോടെ ഒത്തുതീർപ്പ് ഫോർമ‍ുല വന്നു; തഴയപ്പെട്ടവർക്കു കൂടി പ്രവേശനം! വിജ്ഞാപനത്തിൽ പറഞ്ഞതിനെക്കാൾ കൂടുതൽ സീറ്റിലേക്കു പിഎച്ച്ഡി പ്രവേശനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA