ADVERTISEMENT

ഒരിക്കൽ ഒരാൾ പൂവൻകോഴിയോടു ചോദിച്ചു, ആളുകൾ എന്തുകൊണ്ടാണു നിന്നെ ജീവിക്കാൻ അനുവദിക്കാത്തത്; അവർക്കു നിന്നെ കൊല്ലാനാണല്ലോ ഇഷ്‌ടം! കോഴി ഒരു മറുചോദ്യം ചോദിച്ചു, ജനങ്ങളെ ഉണർത്തുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയല്ലേ?! 

തത്സമയം അംഗീകരിക്കപ്പെടുന്ന നേതാക്കന്മാർ അപൂർവമായിരിക്കും. ദീർഘവീക്ഷണവും കർമശേഷിയും ഉള്ളവരാണു നേതാക്കന്മാരായി മാറുന്നത്. അവരുടെ ചിന്തകൾ അസാധാരണവും പ്രവൃത്തികൾ ഭാവനാതീതവുമായിരിക്കും. എങ്ങനെയെങ്കിലും കാര്യങ്ങൾ നടന്നാൽ മതി എന്നു കരുതുന്ന ശരാശരിക്കാരുമായി ഒരു വിട്ടുവീഴ്‌ചയ്‌ക്കും അവർ തയാറാകില്ല. 

തങ്ങളുടെ സ്വകാര്യ ഇഷ്‌ടങ്ങളോടു സന്ധിചെയ്യാത്ത ആളുകളെ നേതാവാക്കാൻ ആർക്കാണു താൽപര്യമുണ്ടാകുക? സ്വന്തം സുഖസൗകര്യങ്ങൾക്കു വിഘാതമാകാത്ത കാഴ്‌ചപ്പാടുകളെയും തീരുമാനങ്ങളെയും മാത്രം അംഗീകരിക്കാനാണ് ആൾക്കൂട്ടത്തിനിഷ്‌ടം. 

ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുന്നവരോടുള്ള ദേഷ്യം കിടക്കയിൽ മാത്രമല്ല, കർമരംഗത്തും പ്രകടമാകും. ആരവങ്ങളെ വിശ്വസിക്കാതെ അവനവന്റെതന്നെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നവർ മാത്രമാണ് ക്രാന്തദർശികളാകുക. അവർ അംഗീകരിക്കപ്പെടുന്നത് പലപ്പോഴും തലമുറകൾക്കു ശേഷമായിരിക്കും. സ്വയം ഉണരാനും മറ്റുള്ളവരെ ഉണർത്താനും കഴിയുന്നവർ യുഗപുരുഷന്മാരാണ്. അവരുടെ സാന്നിധ്യം പോലും ഉണർത്തുപാട്ടായിരിക്കും. 

ഓരോ ഉണർത്തലും ചെറുതല്ലാത്ത അസ്വസ്ഥതകൾ സൃഷ്‌ടിക്കും – സമൂഹത്തിലും വ്യവസ്ഥിതിയിലും. തിരിഞ്ഞു കിടക്കുന്നവരുണ്ടാകും, തിരിഞ്ഞു കൊത്തുന്നവരുമുണ്ടാകും. എങ്കിലും തിരിച്ചറിഞ്ഞ വഴികളിലൂടെ, മുന്നിൽക്കണ്ട ലക്ഷ്യത്തിലേക്കു തന്നെ നടന്നടുക്കണം. 

നേതൃത്വം എന്നത് ഒരു സ്ഥാനമല്ല; പ്രവൃത്തിയാണ്. ഒരു സ്ഥാനവുമില്ലാതിരുന്നിട്ടും സാരഥികളാകുന്നവരുണ്ട് – കർമം കൊണ്ടും കാഴ്‌ചപ്പാടു കൊണ്ടും. മരിക്കാതിരിക്കാൻ വേണ്ടി ജീവിക്കുന്നതിനെക്കാൾ നല്ലത് മരിച്ചതിനു ശേഷവും ജീവിക്കാൻ ശ്രമിക്കുന്നതല്ലേ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com