ADVERTISEMENT

ഡാഷിനു വല്ലാത്തൊരു വേഗവും ഹുങ്കാരവുമുണ്ട്.

 

ഇംഗ്ലിഷിലെ ഡാഷിങ് യങ് മാൻ വരുന്നതു കണ്ടാൽ ആരും എഴുന്നേറ്റു മാറിനിൽക്കും. ആ ഡാഷ് വരവിലൊരു ഇടികൊണ്ടാൽ കൊണ്ടതാണ്. ഇംഗ്ലിഷ് ഇടിയാണെങ്കിലും ഭാരതീയ ആയുർവേദമേ പിന്നെ പറ്റൂ. 

നമ്മുടെ മുഖ്യമന്ത്രി പിണറായി സഖാവ് ഒരു ഡാഷിങ് ചീഫ് മിനിസ്റ്ററാണെന്നു നമുക്കറിയാം. സംശയമുള്ളവർ കഴിഞ്ഞയാഴ്ച അദ്ദേഹം കോന്നി നിയോജകമണ്ഡലത്തിൽ നടത്തിയ ഡാഷ് പ്രസംഗം കേൾക്കേണ്ടതായിരുന്നു. 

തിരഞ്ഞെടുപ്പുകളുടെ അവസാന ഘട്ടമെത്തുമ്പോൾ ചില കള്ളവിദ്യക്കാർ രംഗത്തുവരുമെന്നും അവരുടെ ‘ഡാഷ്’ കഥകൾ ആരും വിശ്വസിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ആ ഡാഷ് പൂരിപ്പിക്കാൻ ഓരോരുത്തർക്കും മുഖ്യമന്ത്രി അവസരം നൽകുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ സർഗവൈഭവം നാം കാണേണ്ടത്. 

ഒരക്ഷരം, രണ്ടക്ഷരം, മൂന്നക്ഷരം എന്നിങ്ങനെ പല രൂപത്തിൽ മുഖ്യമന്ത്രിയുടെ ഡാഷ് പൂരിപ്പിക്കാം. അക്ഷരം കൂടുംതോറും ഡാഷിന്റെ കടുപ്പം കൂടാം; അറ്റകൈ ഡാഷിൽ കേൾവിക്കാരന്റെ കണ്ണു പൊട്ടിപ്പോയെന്നുപോലുംവരും. 

പണ്ടൊക്കെ പരീക്ഷകളിൽ ചോദ്യങ്ങൾ ഡാഷിട്ടു പൂരിപ്പിക്കാൻ നൽകിയിരുന്നത് ചോദ്യമിട്ടവർക്കു പൂരിപ്പിച്ചു കണ്ണു പൊട്ടാൻ താൽപര്യമില്ലാതിരുന്നതുകൊണ്ടാണോയെന്ന് പല ഡാഷുകൾ പൂരിപ്പിച്ചിട്ടുള്ള അപ്പുക്കുട്ടനു ഭയം തോന്നുന്നു. 

നീ പോടാ ഡാഷേ എന്നു പറഞ്ഞാൽ ഒറ്റക്കുത്തിനു കൊല്ലുന്ന ഫലമാണെന്നു ചിലർക്കെങ്കിലും മുൻപൊരു തോന്നലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഡാഷ് കോരിത്തരിപ്പിച്ചിട്ടുണ്ടാവുക ഇന്നാട്ടിലെ നായ്ക്കളെയായിരിക്കും; വിശേഷിച്ചും, ജർമൻകാരുടെ ഡാക്സ്ഹുണ്ട് എന്ന പേര് നായവാൽ പോലെ ചുരുട്ടിയുണ്ടാക്കിയ ഡാഷ് പേരുള്ള വിദേശികളെ. 

മുഖ്യമന്ത്രിയുടെ ഒരു ഡാഷിൽനിന്ന് എത്രയെത്ര ഡാഷ് കഥകളാണ് വാൽ നിവർത്തുന്നത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com