ADVERTISEMENT

റോഡപകടങ്ങൾ പോലെതന്നെ വൈദ്യുതി അപകടങ്ങളും ക്രൂരമായി പെയ്യുന്ന മഴക്കാലമാണിത്. അതുകൊണ്ടുതന്നെ ഈ വേളയിൽ വൈദ്യുതിക്കാര്യത്തിൽ ഇരട്ടി സുരക്ഷയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉപയോക്‌താക്കളിൽ നിന്നുമുണ്ടാകേണ്ടതെങ്കിലും പലപ്പോഴും അതല്ല സംഭവിക്കുന്നത്. വൈദ്യുതക്കമ്പി ദേഹത്തേക്കു പൊട്ടിവീണു ഷോക്കേറ്റുള്ള ദാരുണ മരണങ്ങൾ പതിവായിട്ടും കെഎസ്ഇബി അനങ്ങാപ്പാറനയം സ്വീകരിക്കുന്നത് അങ്ങേയറ്റം ജനവിരുദ്ധമാണ്. കഴിഞ്ഞ എട്ടു ദിവസത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം വൈദ്യുതക്കമ്പി ദേഹത്തു പൊട്ടിവീണു രണ്ടു പേരാണു മരിച്ചത് എന്നതിലുണ്ട് ഇപ്പോഴത്തെ അവസ്ഥയുടെ ആഘാതസൂചിക. 

ലൈൻ പൊട്ടി വീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെയുള്ള കെഎസ്ഇബിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാനടപടികളും ആറു മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പു നൽകിയിട്ടുതന്നെ 13 വർഷം കഴിഞ്ഞു. ഇതിനിടെ അപകടമരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ മാത്രം എങ്ങുമെത്തിയില്ല. 

തിരുവനന്തപുരത്തു കഴിഞ്ഞ ജൂണിൽ പൊട്ടിവീണ ലൈനിൽനിന്നു വൈദ്യുതാഘാതമേറ്റു രണ്ടുപേർ മരിച്ചതിനെത്തുടർന്നു ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയുണ്ടായി. അശ്രദ്ധയും അനാസ്‌ഥയും മൂലമുള്ള അപകടങ്ങൾ പെരുകുമ്പോഴും കെഎസ്‌ഇബി അതിൽനിന്നൊന്നും പഠിക്കുന്നില്ലെന്നതു നിർഭാഗ്യകരമാണ്. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പിക്കുന്ന നടപടികൾ ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? പഴകിപ്പൊട്ടാറായ കമ്പികളിലൂടെയുള്ള വൈദ്യുതിവിതരണമാണ് അപകടങ്ങൾക്കു കാരണമെന്ന പരാതി പലയിടത്തുമുണ്ട്.

വൈദ്യുതലൈനിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും പോകട്ടെ, ജീവൻ കാത്തുസൂക്ഷിക്കുന്നതിൽ വേണ്ട കേവലശ്രദ്ധയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒഴിവാക്കാവുന്നതാണു പല മരണങ്ങളും. മനഃപൂർവമല്ലെങ്കിലും ഇങ്ങനെയുള്ള മരണങ്ങൾക്കു ബോർഡിനല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തം? അപകടങ്ങൾക്കു പിന്നാലെ പേരിനു മാത്രം അന്വേഷണം നടത്തി ഒതുക്കുന്ന പ്രഹസനം ജനത്തിനു മടുത്തുകഴിഞ്ഞു. 

ലൈൻ പൊട്ടി വീണാൽ അറിയിക്കുന്ന ‘ഫാൽക്കൻ’ സംവിധാനം ബോർഡ് വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അത് എല്ലായിടത്തും സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതലൈനിൽ ഷോർട്ട് സർക്യൂട്ടുണ്ടായാൽ താനേ വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന സർക്യൂട്ട് ബ്രേക്കർ എന്ന സംവിധാനം ലോ ടെൻഷൻ വിതരണ ലൈനുകളിൽകൂടി  ഏർപ്പെടുത്തുന്നതിനുള്ള വിജയകരമായ സാങ്കേതികവിദ്യ ഉണ്ടാവണം. 

ലൈനുകളിൽ ഇൻസുലേഷനുള്ള കമ്പികൾ ഉപയോഗിക്കുക, ഭൂഗർഭ കേബിളിലേക്കു മാറുക എന്നിവയാണ് ഇപ്പോഴത്തെ ആശങ്കയ്ക്കുള്ള പരിഹാരമെന്നു പറയാം. വൈദ്യുതലൈനുകൾ പൊട്ടിവീണുള്ള മരണം ഒഴിവാക്കുന്നതിനായി വിതരണ ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റണമെങ്കിൽ വൈദ്യുതി ബോർഡ് ആയിരക്കണക്കിനു കോടി രൂപ കണ്ടെത്തണം. എന്തുകൊണ്ടു ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റുന്നില്ലെന്നു നാലു വർഷം മുൻപേ ഹൈക്കോടതി ആരായുകയുണ്ടായി. 11 കെവി ലൈനുകൾ ഭൂഗർഭ കേബിൾ ആക്കാൻ മാത്രം ഇപ്പോൾ 15,000 കോടി വേണമെന്നാണു കണക്കാക്കുന്നത്. വിതരണ ലൈനുകൾകൂടി ചേരുമ്പോൾ ചെലവ് ഇതിന്റെ ഇരട്ടിയിലേറെ ആകും.

നമ്മുടെ വലിയ നഗരങ്ങളിൽ നടപ്പാക്കിവരുന്ന ഭൂഗർഭ കേബിൾ സംവിധാനം സംസ്ഥാനത്ത് എല്ലായിടത്തും  എത്തേണ്ടതുണ്ട്. വഴിയിൽ പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പിയെ പേടിച്ചു നടക്കേണ്ടിവരുന്ന മലയാളിയോടു  ബോർഡ് പ്രതിബദ്ധത തെളിയിക്കേണ്ടത് അങ്ങനെ തന്നെയാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലകൾ അപകടരഹിതമാക്കാൻ വൈകുന്ന ഓരോ ദിവസത്തിനും ജീവൻ കൊണ്ടു നാം വില നൽകേണ്ടിവരുന്ന അവസ്ഥ ഇനിയും തുടർന്നുകൂടാ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com