ജീവിതത്തിന്റെ സ്വാഭാവികത

SUB
SHARE

വീട്ടിലെത്തിയ ഗുരുവിനോട് ഗൃഹനാഥൻ ആവശ്യപ്പെട്ടു – ‘എനിക്കും എന്റെ കുടുംബത്തിനും അഭിവൃദ്ധിയും സന്തോഷവും തരുന്ന ഒരു വാചകം എഴുതിത്തരണം’. ഗുരു കടലാസിൽ എഴുതി: അച്ഛൻ മരിക്കുന്നു, മകൻ മരിക്കുന്നു, ചെറുമകൻ മരിക്കുന്നു! ഗൃഹനാഥനു ദേഷ്യം വന്നു – സന്തോഷം പകരുന്ന വാക്കുകൾ ചോദിച്ചപ്പോൾ അങ്ങ് എന്തിനാണു മരണത്തെക്കുറിച്ച് എഴുതിയത്? ഗുരു പറഞ്ഞു: നിങ്ങളുടെ മകൻ നിങ്ങൾക്കു മുൻപേ മരിച്ചാൽ അതു ദുഃഖകരമായിരിക്കും. നിങ്ങളുടെ ചെറുമകൻ നിങ്ങളുടെ മകനു മുൻപേ കടന്നുപോയാൽ അതും വലിയ ദുഃഖമാകും. ഞാൻ എഴുതിയതു പോലെയാണു സംഭവിക്കുന്നതെങ്കിൽ അതൊരു സ്വാഭാവിക നിയമവും കുടുംബത്തെ മുന്നോട്ടു നയിക്കുന്നതും ആയിരിക്കും. 

ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും അവയാണ് ആയുസ്സിന്റെ ഭംഗിയും ഗുണമേന്മയും തീരുമാനിക്കുന്നത്. എല്ലാറ്റിനെയും ജീവിതത്തിൽ ഒഴിവാക്കാനായെന്നു വരില്ല. ചിലതിനോടു സമരം ചെയ്യണം; മറ്റു ചിലതിനോടു സമരസപ്പെടണം. മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആർക്കും മര്യാദയ്‌ക്കു ജീവിക്കാൻ പോലുമാകില്ല. വിട വാങ്ങുന്ന സമയം അറിയില്ല എന്നതാണ് മനുഷ്യന്റെ സന്തോഷപൂർണമായ നിലനിൽപിനുതന്നെ കാരണം. 

ക്രമമാണ് ആനന്ദം; ക്രമരാഹിത്യം അപകടവും. എപ്പോഴും ഇരുളും എപ്പോഴും പ്രകാശവുമാകരുത്. ഉത്തരങ്ങൾ മാത്രമല്ല ഒരു ഉത്തരവും ഉദാഹരണവും ഇല്ലാത്ത ചോദ്യങ്ങളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കണം. പ്രിയങ്കരമായവ മാത്രം നടന്നാൽ എല്ലാം ക്രമവിരുദ്ധമാകും. ആകസ്‌മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ് ജീവിതത്തിനു നിയമവും നിയന്ത്രണവും ഉണ്ടാകുക. ആഗ്രഹിച്ചതുപോലെ തന്നെ കാര്യങ്ങൾ നടക്കുന്നത് ആസൂത്രണമികവ്; അപ്രതീക്ഷിതമായതിനെയും അംഗീകരിക്കുന്നത് അതിജീവന മികവ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA