sections
MORE

തോൽപിക്കാം, രോഗങ്ങളെ

SHARE

മഴയും വെള്ളക്കെട്ടും കാരണം സംസ്ഥാനത്തെ ചില പ്രദേശങ്ങളോടൊപ്പം, എറണാകുളം ജില്ലയിലെ പലയിടങ്ങളും  ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ഭീഷണിയുടെ നടുവിലാണ്. ജില്ലയിലെ ഡെങ്കിപ്പനി ബാധിതരിൽ കൂടുതലും കൊച്ചി നഗരമേഖലയിലാണ്. കനത്ത മഴയിൽ വെള്ളക്കെട്ടായി മാറിയ നഗരത്തിൽ എലിപ്പനി ഭീഷണിയും തല പൊക്കിക്കഴിഞ്ഞു. 

ആരോഗ്യവകുപ്പും കോർപറേഷനും തമ്മിലുള്ള ഏകോപനത്തിലെ കുറവ് തുടക്കത്തിൽ കൊച്ചിയിലെ ഡെങ്കിപ്പനി പ്രതിരോധ നടപടികളെ ബാധിച്ചിരുന്നു. ഡെങ്കിപ്പനി പടരാൻ കാരണം കോർപറേഷന്റെ അനാസ്ഥയാണെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി കുറ്റപ്പെടുത്തുകയും ചെയ്തു. പരസ്പരമുള്ള രാഷ്ട്രീയ പ്രസ്താവനകളെക്കാൾ, രോഗത്തെ പ്രതിരോധിക്കാനുള്ള ക്രിയാത്മക നടപടികളാണ് ഇപ്പോൾ വേണ്ടത്. ഡെങ്കിപ്പനിയുടെ ഗൗരവം തിരിച്ചറിഞ്ഞ് ഇപ്പോൾ ആരോഗ്യവകുപ്പും കോർപറേഷനും ചേർന്ന് 10 ദിന കർമപദ്ധതി നടപ്പാക്കുന്നതു നല്ലതുതന്നെ. ആശാ വർക്കർമാരുടെ സഹായത്തോടെ 10 വാർഡുകളിൽ പനി സർവേ നടത്തുന്നുമുണ്ട്.

കൊച്ചി നഗരത്തിലെ എലിപ്പനി ഭീഷണിയും ജാഗ്രതയോടെ കാണണം. ഓടകൾ കവിഞ്ഞൊഴുകി മാലിന്യം മുഴുവൻ റോഡുകളിലും വീടുകളിലുമെത്തിയ സാഹചര്യം അതീവ ഗൗരവമുള്ളതുതന്നെ. മലിനജലവുമായുള്ള സമ്പർക്കം എലിപ്പനിക്കുള്ള സാധ്യത വർധിപ്പിക്കും. മലിനജലവുമായി സമ്പർക്കമുണ്ടായവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. 

അഴുക്കുചാലുകൾ വൃത്തിയാക്കി, വെള്ളമൊഴുകാൻ സജ്ജമാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. അതു ചെയ്യാത്തതുകൊണ്ട്, ഒറ്റ മഴയിൽത്തന്നെ ഓടകളിൽ വെള്ളം നിറഞ്ഞ്, മലിനജലം റോഡിലും വീട്ടിലുമെത്തി. മലിനജലത്തിനൊപ്പം രോഗാണുക്കൾ കൂടിയാണു വീടുകളിൽ സ്ഥിരതാമസക്കാരാകുന്നതെന്നതു മറന്നുകൂടാ. വെള്ളക്കെട്ട് പരിഹരിക്കാനാവാതെ പോയതു കൊച്ചി കോർപറേഷന്റെ കഴിവുകേടാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയുണ്ടായി.  

രോഗം പടരുന്നതു തടയാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അടിയന്തരമായി സജ്ജമാകണം. ഡെങ്കിപ്പനി ബാധിച്ചവർക്ക് ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയും വേണം. പനി സർവേയിലൂടെ ഡെങ്കിപ്പനി ബാധിതരെ മുഴുവൻ കണ്ടെത്തി അവർക്കു വിദഗ്ധ ചികിത്സ നൽകേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധത്തിനായി പൊതുജനങ്ങളും ഉണരേണ്ടത് അത്യാവശ്യമാണ്. വീടുകളുടെ ടെറസുകളിലും സൺഷെയ്ഡുകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലാണു ഡെങ്കിപ്പനിക്കു കാരണമായ കൊതുകുകൾ വ്യാപകമായി വളരുന്നതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തിയിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും കൊതുകിന്റെ ഉറവിട നശീകരണത്തിനു ജനങ്ങൾ മുന്നിട്ടിറങ്ങണം.

ശുചിത്വത്തിലൂടെയും പ്രതിരോധത്തിലൂടെയും നാം പറഞ്ഞുവിട്ട പഴയകാല രോഗങ്ങൾവരെ തിരിച്ചുവന്നിരിക്കുന്നു. ചിക്കുൻഗുനിയ പോലുള്ള താരതമ്യേന പുതിയ രോഗങ്ങളും നമ്മെ കീഴടക്കുന്നു. മഴയെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ പകർച്ചവ്യാധികൾ സംസ്‌ഥാനത്തെ ജനങ്ങളെ വേട്ടയാടുന്നതിന്റെ കാരണം മാലിന്യം കെട്ടിക്കിടക്കുന്നതു തന്നെയാണ്. വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, കൊതുകുകളുടെ ഉറവിട നശീകരണം, ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പംതന്നെ ജനകീയ ഇടപെടലുകളും ഏറെ പ്രധാനപ്പെട്ടതാണ്. മലിനീകരണത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാതെ കേരളത്തിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവും ഇതോടൊപ്പം ഉണ്ടാവണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA