ADVERTISEMENT

മിടിക്കുന്ന ഹൃദയത്തോടെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ടെലിവിഷനുകൾക്കു മുന്നിൽ നിലയുറപ്പിക്കുന്ന ദിവസമാണ് ഇന്ന്. ശേഷം അതേ ചാനലുകളുടെ സ്റ്റുഡിയോകളിലേക്ക് അവരിൽ ചിലർ ചേക്കേറും. തോൽവിയിലും വിജയം കണ്ടെത്തി എന്ന മട്ടിൽ വാദിക്കും. ജയിച്ചവർ യഥാർഥത്തിൽ ജയിച്ചിട്ടില്ലെന്നു സ്ഥാപിക്കാനും നോക്കും.  

രാവിലെ മുതൽ പ്രാർഥനയും പ്രതീക്ഷയുമായി നെഞ്ചിടിപ്പോടെയാവും സ്ഥാനാർഥികൾ. ഫോട്ടോ ഫിനിഷ് ആണെങ്കിൽ ഉദ്വേഗം അവസാന വോട്ടെണ്ണും വരെ തുടരും. പിന്നിലായിപ്പോയെന്ന ആധി ഒരൊറ്റ ഫോൺവിളിയിൽ‍ മായും. ‘ആ പഞ്ചായത്ത് അല്ലെങ്കിലും മറ്റേ കൂട്ടരുടേതാണ്. അടുത്തതിൽ ലീഡ് ഉറപ്പ്’ എന്നാകും മിക്കവാറും ലഭിച്ച വിവരം. ആ ആത്മവിശ്വാസം ചാനൽ പ്രതിനിധിക്കു മുന്നിൽ കെട്ടഴിക്കും. ചീഫ് ഇലക്‌ഷൻ ഏജന്റിനു വരെ പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും അതു ബാക്കിയാവുക സ്ഥാനാർഥിയിലാകും. അടുത്ത നിമിഷം അദ്ഭുതം സംഭവിക്കുമെന്ന് അവർ കരുതും. റിമോട്ടിലെ അടുത്ത ബട്ടണിൽ തന്റെ വോട്ട് ഉയർന്നുപൊങ്ങുന്ന കാഴ്ച വരുമെന്ന് ഓരോ നിമിഷവും വിചാരിച്ചുകൊണ്ടിരിക്കും. യന്ത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ ശക്തി അതാണ്.

ആസ്ഥാനക്കാഴ്ചകൾ

സമ്മതിദാന അവകാശത്തിന്റെ മുഷ്ടിചുരുട്ടലും മാലയിട്ടു വരവേൽക്കലും ഒരേദിവസം രാഷ്ട്രീയപ്പാർട്ടികൾ അനുഭവിക്കുന്നതാണ് ഈ വിധിദിനം. കേരളത്തിൽ മൂന്നു മുന്നണികൾക്കും ഈ ഉപതിരഞ്ഞെടുപ്പുഫലം പലതരത്തിൽ നിർണായകമാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കേരളം കടക്കുമ്പോൾ രാഷ്ട്രീയ അളവുകോലാകുന്നതാണ് ഈ ജനവിധി. 

ഇതൊക്കെയാണെങ്കിലും തിരുവനന്തപുരം എകെജി സെന്ററിൽ ആ പിരിമുറുക്കമൊന്നും പുറമേയുണ്ടാകില്ല. ഒൻപതു മണിയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏതൊരു സാധാരണ ദിവസത്തെയും പോലെ അവിടേക്കു കയറിവരും. ഒന്നാം നിലയിലെ അദ്ദേഹത്തിന്റെ  മുറിയിൽ ചിലപ്പോൾ തലസ്ഥാനത്തുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആരെങ്കിലുമൊക്കെ ടെലിവിഷനിൽ കണ്ണുംനട്ട് ഇരിക്കുന്നുണ്ടാകും. അവർക്ക് അഭിവാദ്യം നൽകി ടിവിയിലേക്കു കോടിയേരിയും ഊളിയിടും. അഞ്ചിൽ നിലവിലെ അരൂർ മാത്രമായാൽ അദ്ദേഹത്തിന്റെ പതിവു ചിരി അങ്ങനെ തന്നെ തുടരും. രണ്ടാമതൊരു സീറ്റ് കൂടി പിടിച്ചാൽ ആ മുറിയിലെ എല്ലാ മുഖങ്ങളും വിടരും. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രവചനം പോലെ ‘എൽഡിഎഫ് ടാലി’ ‌വീണ്ടും ഉയർന്നാൽ ചുവന്ന ലഡുവിനുള്ള ഓർഡർ എകെജി സെന്ററിൽനിന്നു പോകും. ക്ലിഫ് ഹൗസിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷം പങ്കിടാനായി പാർട്ടി ആസ്ഥാനത്ത് എത്തിയേക്കാം. ഒരുമണിയോടെ വാർത്താസമ്മേളന മുറിയിൽ കോടിയേരി മാധ്യമങ്ങളെ കണ്ടുതുടങ്ങും. സെക്രട്ടേറിയറ്റിൽ പിണറായി വിജയൻ ക്യാമറകൾക്കു മുഖം കൊടുക്കുമോ ഇല്ലയോ എന്നതു ഫലത്തെ ആശ്രയിച്ചിരിക്കും.

ഇന്ദിരാഭവൻ അതേസമയം രാവിലെ തന്നെ സാധാരണഗതിയിൽ ഉഷാറായിരിക്കും. കെപിസിസി പ്രസിഡന്റിന്റെ മുറിയിലെ ടിവിക്കു മുന്നിൽ ചാനൽ ചിത്രീകരണത്തിനു യോജിച്ച മുഖഭാവങ്ങളോടെ ഒരുവിഭാഗം നേതാക്കളുണ്ടാകും. ആദ്യ ഫലസൂചനകൾ അനുകൂലമെങ്കിൽ അമ്പലമുക്കിലെ വസതിയിൽനിന്നു പത്തുമണിയോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അവിടേക്കെത്തും.

അഞ്ചിൽ മൂന്നോ അതിൽ കൂടുതലോ സീറ്റ് ലഭിച്ചാൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവർ വിജയാശ്ലേഷത്തിനും മധുരവിതരണത്തിനും മുന്നിൽനിൽക്കും. മറിച്ചെങ്കിൽ, ഈ നേതാക്കൾ അവരവരുടെ വസതിയിൽ തിരിച്ചടിക്കു ന്യായീകരണങ്ങൾ നിരത്തുകയാകും. മൂന്നിൽ താഴെ സീറ്റുകളിലേക്കു യുഡിഎഫ് പോയാൽ ഇതുവരെയുള്ള അടക്കം പറച്ചിലുകൾ പൊട്ടിത്തെറികൾക്കു വഴിമാറാം.

കുന്നുകുഴിയിലെ പാർട്ടി ആസ്ഥാനത്ത് ഇതിനെക്കാളൊക്കെ നെ‍ഞ്ചിടിപ്പോടെയാകും പി.എസ്.ശ്രീധരൻപിള്ളയടക്കമുള്ള ബിജെപി നേതാക്കൾ ഇരിപ്പുറപ്പിച്ചിട്ടുണ്ടാകുക. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം സീറ്റുകളിൽ തീരെ പിന്നോട്ടു പോയാൽ അതിനു സമാധാനം പറയേണ്ടതിന്റെ ബാധ്യത മാത്രമല്ല പാർട്ടിക്ക്. ബിജെപി വോട്ട് ആരു കൊണ്ടുപോയി എന്നു ചോദിച്ച് ഇരുമുന്നണികളും ഇതിനിടയിൽ പോർവിളികൾ ആരംഭിച്ചിട്ടുണ്ടാകും. വോട്ടുകച്ചവടം എന്ന ആക്ഷേപത്തിനു മറുപടി നൽകുകയെന്ന ദീർഘകാല വെല്ലുവിളി ബിജെപി നേതാക്കൾ വീണ്ടും ഏറ്റെടുക്കും. ഒരു അട്ടിമറി ജയം, അല്ലെങ്കിൽ ഒരിടത്തെങ്കിലും രണ്ടാം സ്ഥാനം... എങ്കിൽ അതിൽപിടിച്ചു നിൽക്കാനും അവർ നോക്കും.

ലീഗിന്റെ എത്തിനോട്ടം 

മലപ്പുറത്തു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ തന്നെ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയിലെ ഭൂരിപക്ഷം പേരും ഹാജരായിക്കഴിഞ്ഞിരിക്കും. ഹരിതപതാക മഞ്ചേശ്വരത്ത് ഉയർന്നാൽ അസൽ പച്ചലഡുവിന്റെ മധുരത്താൽ നേതാക്കളുടെ കവിൾ തുടുക്കും. 

ജയിച്ചുവരുന്ന അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുമ്പോൾ അവിടത്തെ മാറുന്ന കക്ഷിനില കൂടി ഇന്നാരംഭിക്കുന്ന രാഷ്ട്രീയ ചർച്ചകളെ സ്വാധീനിക്കുന്നതാണ്. ഭരണ–പ്രതിപക്ഷങ്ങൾ തമ്മിൽ വൻ അന്തരമുള്ളതിനാൽ ഈ ജനവിധി ആ അർഥത്തിൽ സഭയെ തെല്ലും ബാധിക്കില്ല.

എന്നാൽ, ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു മുൻപ് യുഡിഎഫിൽ കോൺഗ്രസും (19) മുസ്‌ലിം ലീഗും(17) തമ്മിലുള്ള വ്യത്യാസം രണ്ട് അംഗങ്ങളുടേതു മാത്രമാണ്. മഞ്ചേശ്വരം ലീഗ് നിലനി‍ർത്തിയാൽ അവർക്കു പതിനെട്ടായി. ഒന്നു മാത്രം പിന്നിൽ. ബാക്കി നാലിൽ മൂന്നും കോൺഗ്രസിനു കിട്ടിയാലേ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള 22–18 എന്ന കക്ഷിനില തുടരാൻ കഴിയൂ. ലീഗ് തൊട്ടടുത്തെത്തി എന്നു കോൺഗ്രസിനു കരുതാതിരിക്കാനും വിജയദേവത അവരെ അനുഗ്രഹിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com