sections
MORE

വാചകമേള

sreekumaran-thampi
SHARE

∙ഡോ. കെ.എൻ.പണിക്കർ: ഒരുതരത്തിലുള്ള പുറംപൂച്ച് ആധുനികതയിൽ അഭിരമിക്കുന്നവരാണു മലയാളികൾ. പുറമേ, തികച്ചും ആധുനികരാണെങ്കിലും ഉള്ളിന്റെയുള്ളിൽ പഴഞ്ചൻ ആശയങ്ങളും സങ്കൽപങ്ങളുമാണു മലയാളികൾക്കുള്ളത്.

ശ്രീകുമാരൻ തമ്പി: പല ചെറുപ്പക്കാരായ സംവിധായകരും നിർമാതാക്കളും പാട്ടെഴുതാൻ സമീപിച്ചാൽ ആദ്യം പറയുന്നത് അർധമിഴികൾ, ഹൃദയസരസ്സ്, നീലാരവിന്ദായം തുടങ്ങിയവ പോലുള്ള വാക്കുകളൊന്നും വേണ്ട ലളിതമായ വാക്കുകൾ മതിയെന്നാണ്. പാടാം നമുക്ക് പാടാം തുടങ്ങിയ ലളിതമായ പാട്ടുകളെഴുതിയ ഞാൻ എന്തെഴുതിയാലും അത്രയും വേണ്ടെന്ന് അവർ പറയും. ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ തുടങ്ങിയ സംസാരഭാഷയും വിപരീതാർഥത്തിലുള്ള പാട്ടുകളുമാണ് അവർക്കു വേണ്ടത്. ഞങ്ങളുടെ തലമുറ പണ്ട് തല്ലിപ്പൊളി എന്നു പറഞ്ഞിരുന്നത് ഇന്നു വിപരീതാർഥത്തിൽ അടിപൊളി എന്നാണു പറയുന്നത്.                                                                             

∙ വി.എസ്.അച്യുതാനന്ദൻ:   ജനങ്ങളാണു പരമാധികാരി എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും ഭരണനിർവഹണ കാര്യങ്ങളിൽ അവർക്ക് ആ പരമാധികാരമില്ലെന്നതാണു വസ്തുത. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ നയങ്ങളും നടപടികളും എന്താണെന്നുപോലും പലപ്പോഴും അവർ അറിയുന്നില്ല. ജനാധിപത്യസംവിധാനങ്ങളിലൂടെ രൂപവൽക്കരിക്കപ്പെട്ട സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റുന്ന എന്തോ ചിലത് ഈ ഭരണസംവിധാനത്തിന് അകത്തുതന്നെ നിലനിൽക്കുന്നുണ്ട്.

∙ എം.ടി.വാസുദേവൻ നായർ: കോപ്പിറൈറ്റിനെ സംബന്ധിച്ച നിയമങ്ങൾ കലാസാഹിത്യാദി രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലർക്കും വേണ്ടത്ര അറിയില്ലെന്നതാണു സത്യം. മൂലഗ്രന്ഥകാരന്റെ അറിവോ അനുവാദമോ ഇല്ലാതെ എത്രയോ വിഖ്യാതകൃതികൾ ഇവിടെ പുറത്തുവരുന്നു. വിവർത്തകർ റോയൽറ്റി പൂർണമായി അനുഭവിക്കുന്നു.

∙ ബി.എസ്.വാരിയർ: ജോലിയിൽനിന്ന് ഉടനൊന്നും വിരമിക്കരുതേയെന്നു പറയാൻ ലോകത്തിലിന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും അർഹതയുള്ളതാര്? ഒട്ടും സംശയിക്കാനില്ല, ഇത്തവണ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ തൊണ്ണൂറ്റേഴുകാരനായ ജോൺ ബി. ഗുഡ്ഇനഫ്. എത്ര അന്വർഥമായ പേര്.

∙ ജോയ് മാത്യു: ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, സാഹിത്യകാരൻമാരും മറ്റും യാത്ര ചെയ്യുമ്പോൾ അവരോടൊപ്പം സഞ്ചരിക്കുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് അവർ കാണുന്ന കാഴ്ചകൾ എഴുതാത്തതെന്ന്. ഭർത്താവിനൊപ്പമുള്ള ഫോട്ടോയുടെ അരികിൽ നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരാണോ അവർ. അവർ കണ്ട കാഴ്ചകൾ അവരുടെ ഭാഷയിൽ എഴുതിയിരുന്നെങ്കിൽ അതാവും ഒരു പക്ഷേ, കൂടുതൽ വസ്തുനിഷ്ഠവും വ്യത്യസ്തവും ആകുക. ചിലപ്പോൾ നല്ലപാതി എഴുതിപ്പിടിപ്പിച്ച നുണ പൊളിയാനും മതി.

∙ എതിരൻ കതിരവൻ: കവികളെയും ഭ്രാന്തൻമാരെയും ഒരേ തളപ്പിൽ കെട്ടുന്നത് എല്ലാ സംസ്കാരങ്ങൾക്കും പരിചിതശീലമാണ്. വികാരങ്ങളുടെ വേലിയേറ്റങ്ങളിലാണ് കലാസൃഷ്ടികൾ പിറക്കുന്നത് എന്നതു വളരെ പഴക്കമുള്ള നിരീക്ഷണമാണ്. എന്നാൽ ഇന്ന് ന്യൂറോബയോളജി സാക്ഷ്യപ്പെടുത്തുന്നതും ഇതേ കാര്യമാണ്.

∙ മഞ്ജു വാരിയർ: സിനിമയുടെ തിരഞ്ഞെടുപ്പിൽ വലിയ ആഴത്തിൽ ചിന്തിക്കുന്ന പതിവില്ല. എന്റെ തിരഞ്ഞെടുപ്പുകൾ എത്രത്തോളം ശരിയാകും എന്നതിന്റ സംശയം കൊണ്ടാണ്. തിരഞ്ഞെടുപ്പുകൾ എപ്പോഴും ശരിയാകണമെന്നില്ല.

∙ ടിനി ടോം: അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും ഇനിയും കോമഡി പ്രോഗ്രാമുകളുമായി പോവും. ആനപ്പിണ്ടത്തിന്റ മണമുള്ള പൂരപ്പറമ്പ് ഒരു ഹരമാണെനിക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA