ADVERTISEMENT

പഠന, ഗവേഷണ മികവിനാലാണ് ഏതു സർവകലാശാലയും പേരെടുക്കേണ്ടത്. എന്നാൽ, കേരളത്തിൽ പുറത്തുവരുന്നതാകട്ടെ, മാർക്ക്ദാനം മുതൽ ഹാജർദാനം വരെയുള്ള വിവാദങ്ങൾ.

മഹത്തായ അക്കാദമിക് ലക്ഷ്യങ്ങളല്ല, സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണു നമ്മുടെ സർവകലാശാലകളെ നയിക്കുന്നതെന്ന്, ‘തോറ്റ ചരിത്രം കേട്ടിട്ടില്ല’ എന്ന വാർത്താപരമ്പരയിൽ പരാമർശിച്ച ഓരോ സംഭവവും നമ്മോടു പറഞ്ഞു.ഈ ദുരവസ്ഥയ്ക്കു പരിഹാരമെന്ത് ? പൊതു സമൂഹത്തിൽനിന്നും അക്കാദമിക് വൃത്തങ്ങളിൽനിന്നുമായി ചില നിർദേശങ്ങളിതാ.

നല്ല മാറ്റത്തിന് അധ്യാപകരെ പ്രാപ്തരാക്കണം 

കെ.ജയകുമാർ (മുൻ ചീഫ് സെക്രട്ടറി, മലയാളം സർവകലാശാല പ്രഥമ വൈസ് ചാൻസലർ, ഐഎംജി ഡയറക്ടർ)

ഉന്നതവിദ്യാഭ്യാസരംഗത്തു ഗുണപരമായ മാറ്റം സാധ്യമാകണമെങ്കിൽ അധ്യാപകരെ അതിനു പ്രാപ്തരാക്കണം. അധ്യാപകരാണു മാറ്റം സൃഷ്ടിക്കേണ്ടവർ. എന്തു പരിഷ്കാരം നടപ്പാക്കുമ്പോഴും അധ്യാപകപരിശീലനത്തിനു നമ്മൾ പ്രാധാന്യം നൽകുന്നില്ല.

യുജിസി യോഗ്യതയുമായി ജോലിയിൽ കയറുന്ന അധ്യാപകൻ അവിടെനിന്ന് അക്കാദമിക് ആയി വളരണം. അയാൾക്കു വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്രിയാത്മക ദർശനം വേണം. ഗവേഷണവും ജേണൽ പ്രസിദ്ധീകരണവുമൊക്കെ വഴിപാടു മാത്രമായാൽ പോരാ. നമ്മുടെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും പഠനം പരീക്ഷയ്ക്കുവേണ്ടി മാത്രമാണ്.

അക്കാദമിക് ആയ ആവേശം എവിടെയും കാണാനില്ല. അതിനുള്ള അന്തരീക്ഷം ഒരുക്കാൻ സർക്കാർ മുൻകയ്യെടുക്കണം. മികവിന്റെ കേന്ദ്രങ്ങളായി ഓരോ കോളജും സർവകലാശാലയും മാറണം. പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകളും പരീക്ഷാരീതികളും നടപ്പാക്കാനും മുൻകയ്യെടുക്കണം.

മികവ് മാത്രമാകണം മാനദണ്ഡം

ജി.വിജയരാഘവൻ (ആസൂത്രണ ബോർഡ് മുൻ അംഗം)

നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല ഇപ്പോഴത്തെ രീതിയിലാണു മുന്നോട്ടു പോകുന്നതെങ്കിൽ അ‍ഞ്ചോ പത്തോ വർഷത്തിനുള്ളിൽ അപ്രസക്തമാകും. നമ്മുടെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും മക്കളിൽ പലരും കേരളത്തിനു പുറത്തുപോയാണു പഠിക്കുന്നത് എന്നതിൽനിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്.

വൈസ് ചാൻസലർമാരുടെയും സിൻഡിക്കറ്റ് അംഗങ്ങളുടെയും നിയമനത്തിൽ രാഷ്ട്രീയ, സമുദായ പരിഗണനകൾ ഒഴിവാക്കുകയാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരം മെച്ചപ്പെടുത്താനുള്ള ആദ്യപടി. അക്കാദമിക് മികവുള്ളവരും ക്രിയാത്മക വീക്ഷണമുള്ളവരും മാത്രമേ സർവകലാശാലകളുടെ ഭരണതലത്തിലെത്താൻ പാടുള്ളൂ.

ഉന്നതവിദ്യാഭ്യാസ നിലവാരം ഉയരണമെങ്കിൽ അക്കാദമിക് സ്വയംഭരണം അത്യാവശ്യമാണ്. ലോകത്തു മുൻനിരയിലുള്ള കോളജുകളും യൂണിവേഴ്സിറ്റികളും നോക്കിയാൽ ഇക്കാര്യം വ്യക്തമാകും.വിദ്യാർഥികളുടെ താൽപര്യമോ അവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെയാണ് നമ്മുടെ അക്കാദമിക് പ്രോഗ്രാമുകൾ നിശ്ചയിക്കുന്നത്.

വിദേശത്തുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ പലതും കോഴ്സ് ഓഡിറ്റ് നടപ്പാക്കുന്നുണ്ട്. അധ്യയന നിലവാരം മോശമാണെങ്കിൽ അധ്യാപകനെ മാറ്റുന്ന രീതിയും നിലവിലുണ്ട്. മാസീവ് ഓൺലൈൻ ഓപ്പൺ കോഴ്സസ് (മൂക്) പോലുള്ള പരിഷ്കാരങ്ങളോടു പുറംതിരിഞ്ഞു നിൽക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ട്.

വേണം, നാടിന് ഗുണമുള്ള ഗവേഷണം 

ഡോ. രാജൻ ഗുരുക്കൾ (ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ, എംജി സർവകലാശാലാ മുൻ വിസി)

സർവകലാശാല പ്രഗല്ഭരായ ധാരാളം അധ്യാപകരുടെയും ജിജ്ഞാസുക്കളായ വിദ്യാർഥികളുടെയും അധ്യാപന അധ്യയന ഗവേഷണ മികവിന്റെയും കേന്ദ്രമായിരിക്കണം. എല്ലാവരും അനുസരിക്കുന്ന ഉയർന്ന അക്കാദമിക കീഴ‌്‌വഴക്കങ്ങളുടെ കേന്ദ്രമാകണമത്. അതിന്റെ മുഖ്യ ദൗത്യം പുതിയ ജ്ഞാനം ഉൽപാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുകയാണ്.

ഓക്സ്ഫഡ് പ്രോഡക്ട് എന്നോ കേംബ്രിജ് പ്രോഡക്ട് എന്നോ ഒക്കെ പറയുമ്പോലെ, നമ്മുടെ സർവകലാശാലകളിൽനിന്നു പുറത്തിറങ്ങുന്നവർക്കും വേറിട്ടൊരു സ്റ്റാറ്റസ് കൈവരണം. അതിന് ആദ്യം സർവകലാശാല പൂർണമായും പ്രഗല്ഭരായ അക്കാദമിക്കുകളുടെ അധികാരം പുലരുന്ന സ്ഥാപനമായിത്തീരണം. ഓരോ മേഖലയിലും, അതതു രംഗത്ത് വൈദഗ്ധ്യം നേടിയ അക്കാദമിക്കുകളുടെ ഭരണസമിതിയാണു വേണ്ടത്. അക്കാദമികമൂല്യം തിരിച്ചറിയാത്ത ശരാശരിക്കാരായ ആരെങ്കിലും പോരാ. അതുപോലെ വായനയും ചിന്തയുമുള്ള വിദ്യാർഥികളുടെ

നല്ല ബുദ്ധിശക്തിയുള്ളവരെ ഉപയോഗിച്ചു ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന, സുസ്ഥിരവികസന നയത്തിലൂന്നുന്ന ഗവേഷണം വേണം. ശുദ്ധജലക്ഷാമം, മാലിന്യം, പകർച്ചവ്യാധി, വരൾച്ച, വെള്ളപ്പൊക്കം, ഊർജ പ്രതിസന്ധി തുടങ്ങി അടിയന്തര പ്രാധാന്യമുള്ള അനേകം പ്രശ്നങ്ങളുണ്ടു നമുക്ക്. അത്തരം ജനകീയാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഗവേഷണം വഴി ബൗദ്ധിക സ്വത്തു വർധിപ്പിക്കണം.

kalpetta-narayanan
കൽപറ്റ നാരായണൻ , ജയിംസ് വർഗീസ്

സിൻഡിക്കറ്റ്  ഭരണം മാറണം

ജയിംസ് വർഗീസ് (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി)

യൂണിവേഴ്സിറ്റികളുടെ ഭരണസംവിധാനത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. നിലവിലെ സിൻഡിക്കറ്റ് ഭരണരീതി ഉൾപ്പെടെ മാറണം. വിദ്യാഭ്യാസവിദഗ്ധരാണു സർവകലാശാലകളുടെ പ്രവർത്തനരീതി തീരുമാനിക്കേണ്ടത്. ഇപ്പോഴുള്ള പരീക്ഷാസമ്പ്രദായങ്ങളും മാറേണ്ടതുണ്ട്. വിദ്യാർഥികളുടെ അധ്യയനനിലവാരം വിലയിരുത്താനുള്ള ശാസ്ത്രീയമായ മാർഗമായി പരീക്ഷകൾ മാറണം. അതുപോലെ തന്നെ സർവകലാശാലകളിൽ പഠനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കണം. 120–130 ദിവസമേ പലയിടത്തും ശരിയായി ക്ലാസ് നടക്കുന്നുള്ളൂ.

ലൈബ്രറിയാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ ഏറ്റവും നിർണായകമായ ഘടകങ്ങളിലൊന്ന്. നമ്മുടെ ലൈബ്രറി സംവിധാനം അറുപഴഞ്ചനാണ്. ഇപ്പോഴും വൈകിട്ട് 5 മണിക്ക് അടയ്ക്കുന്ന ലൈബ്രറികളാണ് പല കോളജുകളിലും യൂണിവേഴ്സിറ്റികളിലുമുള്ളത്. ഇന്ത്യയിലെ തന്നെ മറ്റു പല സർവകലാശാലകളും ലൈബ്രറി രാത്രി 12 വരെയാക്കി.

നയിക്കുന്നതു രാഷ്ട്രീയ മേലാളരുടെ കീഴുദ്യോഗസ്ഥർ

കൽപറ്റ നാരായണൻ 

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണം രാഷ്്ട്രീയ അതിപ്രസരം തന്നെയാണ്. സിൻഡിക്കറ്റും വൈസ് ചാൻസലറും ഒക്കെ ഭരണരാഷ്ട്രീയത്തിന്റെ നോമിനികളാകുമ്പോൾ ആ രാഷ്ട്രീയത്തിന്റെ താൽപര്യ വഴികളെ അപരാധങ്ങളിൽനിന്നും അപഭ്രംശങ്ങളിൽനിന്നും രക്ഷിച്ചെടുക്കലാകും 

അവരുടെ ഉത്തരവാദിത്തം. അതിനപ്പുറം ഒന്നുമില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ വിദ്യാഭ്യാസ മണ്ഡലത്തിൽ ഉണ്ടാകരുത് എന്നല്ല, സർക്കാർ എന്നത് പ്രത്യക്ഷത്തിൽ സർവകലാശാലകളിൽ വരരുത്. എന്നാൽ ഇതിന്റെ പ്രഭാവം വരണം. ഗുണവശങ്ങളെ മേലോട്ടു കൊണ്ടുപോകുന്ന പോസിറ്റീവ് ഇടപെടലാകും അത് അപ്പോൾ. 

 ഇന്ന് വെറും യൂണിയൻ പ്രവർത്തകൻ വരെ വൈസ് ചാൻസലർ ആകും. അതിനൊരു പിഎച്ച്ഡി മതി; അതെത്രയും കിട്ടും. കേരളത്തിലെ ആദ്യ വൈസ് ചാൻസലർമാർ ഇന്ത്യയിൽത്തന്നെ ആ നിരയിലെ മികച്ചവരായിരുന്നു.അത്തരക്കാരെ ഇന്ന് ആ പദവിയിലേക്കു വേണ്ടാതായി. പകരം രാഷ്ട്രീയ മേലാളൻമാരുടെ കുറെ കീഴുദ്യോഗസ്ഥരെ മതിയെന്നായി. 

അധ്യാപകർക്ക് ഒരു സർഗാത്മകതയും വേണ്ട. അവർ പഠിപ്പിക്കുന്നില്ല, അതിനു സമയവുമില്ല. പഠിപ്പിച്ചതായി തെളിയിക്കാനുള്ള രേഖകൾ ഉണ്ടാക്കാനേ അവർക്കു നേരമുള്ളൂ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല സജീവമാണെന്നു പ്രത്യക്ഷത്തിൽ തോന്നിപ്പിക്കാനുള്ള പണിയാണത്.

സ്റ്റാറ്റസ്കോ. അതിൽനിന്നു നമ്മൾ മാറില്ല. എല്ലാവരും ട്രേഡ് യൂണിയൻകാരാവുമ്പോൾ അതു മാറില്ല. മാറ്റമില്ലായ്മയുടെ തൂണുകൾ തന്നെയാണല്ലോ യൂണിയനുകൾ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com