sections
MORE

സർവകലാശാലകളെ ശുദ്ധീകരിക്കണം

HIGHLIGHTS
  • അധികാര രാഷ്ട്രീയത്തിന്റെ അധാർമിക ഇടപെടൽ അവസാനിപ്പിച്ചേ തീരൂ
MG-University
SHARE

ബിടെക് വിദ്യാർഥികൾക്ക് അഞ്ചു മാർക്ക് സ്പെഷൽ മോഡറേഷൻ നൽകാനുള്ള വിവാദ തീരുമാനം എംജി സർവകലാശാലാ സിൻഡിക്കറ്റ് പിൻവലിച്ചുവെങ്കിലും ആ അടിസ്ഥാന ചോദ്യം ബാക്കിനിൽക്കുന്നു: സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിൽ അധികാര രാഷ്ട്രീയത്തിന്റെ അധാർമിക ഇടപെടൽ എന്നാണ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനാവുക? 

മാർക്ക്ദാന വിവാദം ബഹുമുഖ മാനങ്ങളിലേക്കു പോയപ്പോൾ നിവൃത്തിയില്ലാതെ സിൻഡിക്കറ്റ് എടുത്ത പിൻവലിക്കൽ തീരുമാനമാണ് ഇപ്പോഴത്തേതെന്നു വ്യക്തമാണെന്നിരിക്കെ, സർവകലാശാലകളിലെ മൂല്യരഹിതമായ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കാൻ എന്തുവഴി എന്നതിനെക്കുറിച്ചു കേരളീയ സമൂഹം ആലോചിച്ചു തുടങ്ങിയിരിക്കുന്നു.  

മൂന്നാംകിട രാഷ്ട്രീയക്കാർക്കു കയറിയിറങ്ങാനുള്ള വേദിയായി സർവകലാശാലാ സിൻഡിക്കറ്റ് പോലെയുള്ളവയെ ഉപയോഗിക്കരുതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞതു കഴിഞ്ഞ ഡിസംബറിലാണ്. മികച്ച അക്കാദമിക നിലവാരത്തിലേക്കു സർവകലാശാലകൾ ഉയരണമെന്നതാണു സർക്കാർ നയമെന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. എന്നിട്ടും, സിൻഡിക്കറ്റിലും സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിലും അദ്ദേഹത്തിന്റെ പാർട്ടി ഇത്തരത്തിൽ ഇടപെടുന്നതെന്തുകൊണ്ടാണ്? 

എംജിയിലെ വിവാദ മാർക്ക്ദാനത്തിനു പിന്നാലെ, മലയാള മനോരമ കേരളത്തിലെ വിവിധ സർവകലാശാലകളിൽ  നടത്തിയ അന്വേഷണത്തിലെ വിവരങ്ങളാണു ‘തോറ്റ ചരിത്രം കേട്ടിട്ടില്ല’ എന്ന വാർത്താപരമ്പരയിൽ പ്രസിദ്ധീകരിച്ചത്. കോഴ്സ് പ്രവേശനം മുതൽ ഫലപ്രഖ്യാപനം വരെ വിവിധ തലങ്ങളിൽ നിരന്തരം നടക്കുന്ന നിയമലംഘനങ്ങളിൽ പൊതുഘടകമായി കണ്ടതാകട്ടെ, വഴിവിട്ട രാഷ്ട്രീയ സ്വാധീനമാണ്. 

മറ്റ് ഉദ്യോഗസ്ഥ സ്ഥാനങ്ങളിലില്ലാത്ത നിയമാധികാരങ്ങളാണു വൈസ് ചാൻസലർമാർക്കു യുജിസി ചട്ടപ്രകാരം അനുവദിച്ചിട്ടുള്ളതെങ്കിലും അത്തരത്തിലുള്ള പ്രവർത്തനസ്വാതന്ത്ര്യം അവർക്കു ലഭിക്കുന്നുണ്ടോയെന്നു വർത്തമാനകാല സാഹചര്യങ്ങൾ വച്ചു നാം പരിശോധിക്കേണ്ടതുണ്ട്.

വിസിമാരെ നിഷ്ക്രിയരാക്കി തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ നടപ്പാക്കിയെടുക്കാനുള്ള വഴികൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ടുവച്ചിട്ടുണ്ട്. പല വിസിമാരുടെയും നിയമനം മുതൽ തുടങ്ങുന്നു, രാഷ്ട്രീയ ഇടപെടലുകൾ. സമുദായങ്ങളെയും രാഷ്‌ട്രീയകക്ഷികളെയും പ്രീണിപ്പിച്ചു നിർത്താൻ, ബന്ധപ്പെട്ടവർക്ക് ഉന്നതസ്‌ഥാനങ്ങൾ നൽകുകയെന്നതു മുന്നണിരാഷ്‌ട്രീയത്തിന്റെ അടിസ്‌ഥാന സ്വഭാവമായിക്കഴിഞ്ഞതിന്റെ ഭാഗമായിവേണം ചില വിസി നിയമനങ്ങളെയെങ്കിലും കാണാൻ.  

അക്കാദമിക് താൽപര്യങ്ങളെ മാത്രം മുന്നിൽവച്ച് നീതിപൂർവം സർവകലാശാല ഭരിക്കുന്ന വിസിമാരെയും കേരളം കണ്ടുപോരുന്നുണ്ട്. തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾവച്ച് സ്വതന്ത്രവും ശക്‌തവുമായ നിലപാടുകളെടുക്കാൻ വിസിമാർക്കു കഴിയണം. ഇതിനു സഹായകമാവുംവിധം പിന്തുണ നൽകാൻ സിൻഡിക്കറ്റിനും സെനറ്റിനും സർവകലാശാലകളിലെ സംഘടനകൾക്കും സാധിക്കുകയും വേണം. 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്നു കാണുന്ന ജീർണത ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. അധികാരദുർവിനിയോഗത്തിന്റെ പുതിയ സാധ്യതകൾ തേടുന്ന രാഷ്ട്രീയ, സാമൂഹിക നേതാക്കൾക്കും അവരുടെ തണൽ പറ്റുന്ന അധ്യാപക സംഘടനകൾക്കും പലവിധ ആവശ്യങ്ങളിൽ ഇവരുടെ ശുപാർശക്കത്ത് തേടുന്ന വിദ്യാർഥിക്കും രക്ഷിതാവിനും വരെ ഈ സ്ഥിതിവിശേഷത്തിൽ പങ്കുണ്ടെന്നതാണു യാഥാർഥ്യം. ഇപ്പോഴത്തെ മാർക്ക്ദാനം ഇക്കാര്യത്തിൽ നമ്മുടെയെല്ലാം ആത്മപരിശോധനയ്ക്കുള്ള നിമിത്തമായെന്നു മാത്രം.

നമ്മുടെ സർവകലാശാലകൾ കൂടുതൽ ഇരുട്ടിലേക്കു കൂപ്പുകുത്തിക്കൂടാ. ഉന്നതമായ ലക്ഷ്യത്തിന്റെ ആധാരശിലയിൽ പടുത്തുയർത്തപ്പെട്ടതാണ് ഓരോ സർവകലാശാലയും. ഭാവിതലമുറയ്ക്കു നേർവഴിവെളിച്ചം പകരുന്നതു മുതൽ അവർക്കു മികവുറ്റ വിദ്യാഭ്യാസം നൽകി തൊഴിലവസരങ്ങളിലേക്കു സജ്ജരാക്കുന്നതു വരെ സർവകലാശാലകളുടെ  ഉദ്ദേശ്യലക്ഷ്യങ്ങളിലുണ്ട്. രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി, അക്കാദമിക് മേഖലയ്ക്കു പ്രാധാന്യം കൊടുക്കുന്ന സംവിധാനമായി സർവകലാശാലകളെ മാറ്റാനുള്ള സമയം ഇപ്പോഴേ അതിക്രമിച്ചു കഴിഞ്ഞു.

സർവകലാശാലകളിൽ നിന്നു സ്വാർഥ താൽപര്യങ്ങളുള്ള സജീവ രാഷ്ട്രീയക്കാർ പിൻവാങ്ങുമ്പോഴാവും ആ ശുദ്ധീകരണം തുടങ്ങുക. സർക്കാരും പൊതുസമൂഹവും ജനകീയപ്രതിബദ്ധതയുള്ള രാഷ്ട്രീയകക്ഷികളും കൈകോർത്താൽ ഇതു സാധ്യമാവുമെന്നു തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA