sections
MORE

ലേശം ക്രിക്കറ്റ് ഭ്രാന്തും നന്മമരവും

mullappalli
SHARE

മുല്ലപ്പള്ളി രാമചന്ദ്രന് ഈയിടെയായി ക്രിക്കറ്റ് ഭ്രാന്ത് തലയ്ക്കു പിടിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ഭ്രാന്തായാലും കഥകളി ഭ്രാന്തായാലും തലയ്ക്കു പിടിച്ചാൽ സംഗതി ഗുലുമാലാണ്. അതിനു പലവിധ ചികിത്സകളുണ്ട്. ഉപതിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേ ദിവസം ശാസ്തമംഗലത്തെ ഇന്ദിരാഭവനു മുന്നിലൂടെ പോകുമ്പോൾ ചോമ്പാല ഗാന്ധിയായ മുല്ലപ്പള്ളി ബാറ്റിങ് പ്രാക്ടീസ് നടത്തുന്നതാണു കണ്ടത്. അടുത്തുള്ള ചില കടകളിൽ അന്വേഷിച്ചപ്പോൾ രാപകൽ ഭേദമില്ലാതെ പ്രാക്ടീസ് ആണെന്നറിഞ്ഞു. ഒരു ഗാന്ധിയൻ ക്രിക്കറ്റിൽ താൽപര്യമെടുത്തുവെന്നു കേട്ടതോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻകയ്യെടുത്തു കെപിസിസി ആസ്ഥാനത്തു പ്രാക്ടീസിങ് നെറ്റ്സ് സ്ഥാപിച്ചു. 

ഉപതിരഞ്ഞെടുപ്പുകളിൽ സിക്സറടിക്കാൻ തയാറായപ്പോൾ വിക്കറ്റ് പോയതിന്റെ വിഷമത്തിലാണ് അദ്ദേഹം. ക്ലീൻ ബോൾഡോ എൽബിഡബ്ല്യുവോ സ്റ്റംപ്ഡോ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം അളന്നുതൂക്കി പന്ത് ആകാശത്തേക്ക് ഉയർത്തിയടിച്ചതാണ്. പക്ഷേ, രണ്ടുപേർ ചേർന്ന് അതു ബൗണ്ടറി ലൈനിൽ വച്ചു പിടിച്ചാൽ എന്തു ചെയ്യും? നോക്കിയപ്പോൾ പന്തു പിടിച്ച ഫീൽഡർമാർ വട്ടിയൂർക്കാവിലെ പ്രശാന്തും കോന്നിയിലെ ജനീഷ്കുമാറുമാണ്. 

സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും പോലും ജില്ലാ ലീഗ് കളിക്കുന്നവരുടെ ക്യാച്ചിൽ പുറത്താകാറുണ്ട്. അതുകൊണ്ടു മുല്ലപ്പള്ളി സാറിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ഏതായാലും ഇതോടെ മലയാളത്തിന് ഒരു പുതിയ ശൈലി ലഭിച്ചിരിക്കുകയാണ്. ഇനി മുതൽ ആരും ഇടിവെട്ടിയവനെ പാമ്പു കടിച്ചപോലെ എന്ന ശൈലി ഉപയോഗിക്കാൻ പാടില്ലെന്നു വൈകാതെ സർക്കാർ ഉത്തരവിറക്കും. സിക്സർ അടിക്കാൻ കഴിയാത്തതിന്റെ ക്ഷീണം തീർക്കാൻ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കാനാണ് ഇപ്പോഴത്തെ തയാറെടുപ്പ്. ചിലപ്പോൾ 140 നോട്ടൗട്ട് ആയിരിക്കും അദ്ദേഹത്തിന്റെ സ്കോർ. അതിൽ ബൗണ്ടറി, സിക്സർ എന്നിവ അടിക്കില്ലെന്നാണു ചോമ്പാല ഗാന്ധിയുടെ തീരുമാനം. 1,2,3 എന്നിവ മാത്രമേ എടുക്കൂ. ഇതിനു മണിയാശാന്റെ വൺ,ടു, ത്രീയുമായി സാദൃശ്യമോ വിദൂരവിധേയത്വമോ ആരും കാണരുത്. 

മരമായും വള്ളിയായും നന്മ നൂറുമേനി! 

നിയമങ്ങൾക്കു തന്റെ മനസ്സിലെ നന്മയെ തടയാനാവില്ലെന്നാണ് മന്ത്രി ജലീൽ സായ്‌വ് കട്ടായം പറയുന്നത്. സായ്‌വിന്റെ മനസ്സിൽ നിറയെ നന്മയാണ്. സത്യത്തിൽ അദ്ദേഹം തന്നെ നന്മമരമാണ്. നന്മ മരമാണോ വള്ളിയാണോ കുറ്റച്ചെടിയാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിലെ തർക്കം തീർന്നിട്ടില്ലെങ്കിലും സായ്‌വ് അതുതന്നെയാണെന്ന കാര്യത്തിൽ ഒരു തർക്കവും നിലനിൽക്കുന്നില്ല.

നിയമം കൊണ്ടു മന്ത്രിയുടെ മനസ്സിലെ നന്മയെ തടയാനാവില്ലെങ്കിൽ അതു നിയമനിർമാതാക്കളുടെ കുഴപ്പമാണ്. അങ്ങനെ വരുമ്പോൾ നിയമസഭയും സ്പീക്കറുമെല്ലാം പ്രതിക്കൂട്ടിലാകും. നാട്ടിൽ എവിടെയെങ്കിലും നന്മമരമോ നന്മവള്ളിയോ നന്മച്ചെടിയോ  ഉണ്ടെങ്കിലും അതിനെ വേരോടെ പിഴുതെടുക്കാൻ ശ്രമിക്കുന്നവർ പണ്ടുകാലത്തു തന്നെ ഉണ്ടായിരുന്നു. തടിക്കച്ചവടക്കാരും ആയുർവേദ വൈദ്യന്മാരുമായിരുന്നു ഇക്കൂട്ടത്തിൽ പ്രധാനികൾ.

തേക്കിനെയും ഈട്ടിയെയും കടത്തിവെട്ടുന്ന കാതലാണു നന്മമരത്തിന് എന്നതാണു തടിക്കച്ചവടക്കാർ അതിൽ നോട്ടമിടാൻ കാരണം. നൂറ്റാണ്ടുകൾ പിന്നിട്ടാലും ചിതലെടുക്കുകയോ പൂതലിക്കുകയോ ചെയ്യാത്തതാണു നന്മമരത്തിനു വംശനാശ ഭീഷണി സൃഷ്ടിച്ചത്. ആയുർവേദ വൈദ്യന്മാരാണെങ്കിൽ നന്മമരത്തെ മാത്രമല്ല, നന്മവള്ളിയെയും നന്മച്ചെടിയെയും പോലും വെറുതെ വിടാറില്ല. 

നന്മമരം സമൂലം പറിച്ചെടുത്തു കഷായം വച്ചാൽ അതു സകലവിധ രോഗങ്ങൾക്കും സിദ്ധൗഷധമാണെന്നാണ് ആയുർവേദാചാര്യന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. നന്മവള്ളിയുടെ ഇല വാട്ടിയെടുത്തുണ്ടാക്കുന്ന നന്മഭ്രംഗാദി തൈലം 6 മാസം മുടങ്ങാതെ തേച്ചാൽ അടിമുടി കഷണ്ടിയായവർക്ക് പനങ്കുല പോലെ മുടി വളരുമെന്നു തൈലത്തിന്റെ കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

നന്മച്ചെടി പുറത്തു പറയാൻ പറ്റാത്ത എന്തോ ചില രോഗങ്ങൾക്കു കൺകണ്ട ഔഷധമാണെന്ന് അഷ്ടവൈദ്യന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നന്മച്ചെടി മിത്രവടകമെന്നാണു മരുന്നിന്റെ പേർ. 

ഇത്രയും ഒൗഷധഗുണമുള്ള ജലീൽ സായ്‌വിനെ ഇനിയെങ്കിലും വേട്ടയാടാതിരിക്കാനുള്ള മര്യാദ പ്രതിപക്ഷ നേതാവു കാണിക്കണം. പോരാത്തതിന് എന്നിൽ ഔഷധഗുണമില്ല എന്നു രേഖപ്പെടുത്തിയ ‍ടി ഷർട്ട് ജലീൽ സായ്‌വ് പതിവായി ധരിക്കുന്നതും നന്നായിരിക്കും. 

കവിയുടെ ഉപമാസ്വാതന്ത്ര്യം 

പൂതന പരാമർശം അരൂരിലെ തോൽവിക്കു കാരണമായോ എന്നു പരിശോധിക്കുമെന്നാണു സിപിഎം ഇപ്പോൾ പറയുന്നത്. പരാമർശം നടത്തിയ മന്ത്രി ജി. സുധാകരൻ കവിയാണെന്നും കവികൾ ഉപമ, ഉൽപ്രേക്ഷ, രൂപകം തുടങ്ങിയ അലങ്കാരങ്ങൾ തലങ്ങും വിലങ്ങും പ്രയോഗിച്ചേ സംസാരിക്കാറുള്ളൂ എന്നുമാണു കോടിയേരി സഖാവു വിശദീകരിച്ചത്. 

കവികൾ അവരുടെ സാമ്രാജ്യത്തിലെ ചക്രവർത്തിമാരാണ്. അവരുടെ റിപ്പബ്ലിക്കിൽ അവർക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ സാദാ പൗരന്മാർക്ക് അവകാശമില്ല. സുധാകരൻ സഖാവു കവി മാത്രമല്ല, പുരാണ പാരായണ വിദഗ്ധൻ കൂടിയാണ്. അദ്ദേഹത്തിനു താടക, പൂതന, കംസൻ തുടങ്ങിയവരെയെല്ലാം പേഴ്സനലായി പരിചയമുണ്ട്.

സഖാവു പുരാണ പാരായണത്തിൽ മാത്രമല്ല, ലക്ഷണശാസ്ത്രത്തിലും മഹാപണ്ഡിതനാണ്. ഇതൊന്നുമല്ലെങ്കിൽ, അദ്ദേഹത്തിനു വേണമെങ്കിൽ ഷാനിമോളെ ഗാന്ധാരിയെന്നോ കുന്തിയെന്നോ സീതയെന്നോ സതീസാവിത്രിയെന്നോ വിശേഷിപ്പിക്കാമായിരുന്നു. 

ശരി, ഇത്രയുമായ സ്ഥിതിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ഇത്തരം സാധ്വികളായ സ്ത്രീരത്നങ്ങളുമായി ഷാനിമോളെ ഉപമിക്കാം. അരൂർ തിരിച്ചുപിടിക്കാൻ പറ്റുമോ എന്നു സുധാകർജി ഒന്നു നോക്കട്ടെ. 

 ഇതു വെറും കണ്ണട മാറ്റം

താൻ കാലുമാറാറില്ലെന്നും കാഴ്ചപ്പാടു മാറുകയേ ചെയ്യാറുള്ളൂ എന്നുമാണ് ജനാബ് എ.പി.അബ്ദുല്ലക്കുട്ടി പറയുന്നത്. അദ്ദേഹം പറയുന്നതു തീർത്തും ന്യായമാണ്. എല്ലാ കാലത്തും ഒരേ കാഴ്ചപ്പാടു വച്ചുപുലർത്തുന്നവർ മിതമായ ഭാഷയിൽ പറഞ്ഞാൽ മരമണ്ടന്മാരാണ്. കാറ്റു നോക്കി വേണം പാറ്റാൻ. 

നാറാത്ത് മാപ്പിള എൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ എസ്എഫ്ഐ നേതാവായിരുന്നു എന്നുവച്ച് ആജീവനാന്തം എസ്എഫ്ഐ, ഡിവൈഎഫ്ഐ കളിച്ചു നടക്കണമെന്ന് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടില്ല. കാഴ്ചപ്പാടു മാറ്റാനുള്ള അവകാശം മൗലികാവകാശങ്ങളിലും നിർദേശക തത്വങ്ങളിലും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. 

കാഴ്ചയ്ക്ക് എന്തെങ്കിലും കുഴപ്പം വന്നാൽ കണ്ണട വയ്ക്കുകയാണു സാധാരണക്കാർ ചെയ്യുന്നത്. കുറച്ചു കഴിയുമ്പോൾ കണ്ണട വച്ചാലും കാഴ്ച പോരെന്നു വരും. അപ്പോൾ കണ്ണട മാറ്റേണ്ടി വരും. 

മാർക്സിയൻ പരിപ്രേക്ഷ്യത്തിന്റെ കണ്ണടവച്ചു കണ്ണുകാണാൻ വയ്യാതായപ്പോൾ അബ്ദുല്ലക്കുട്ടി സായ്‌വ് ഗാന്ധിയൻ കണ്ണട വാങ്ങി വച്ചു. അപ്പോഴാണ് ഇക്കണ്ടതൊന്നും ‘കണക്കല്ല മന്നവാ’ എന്ന് അദ്ദേഹത്തിനു ബോധ്യമായത്. അതോടെ മാർക്സിനെ കൈവിട്ടു സുധാകരസേവ തുടങ്ങി. 

കുറെക്കാലം ചർക്കയിൽ നൂൽനൂൽക്കുകയും ആട്ടിൻപാൽ കുടിക്കുകയും ചെയ്തപ്പോൾ കാഴ്ച വീണ്ടും മങ്ങി. ഇത്തവണ വാങ്ങിയതു സംഘ കണ്ണടയാണ്. അതോടെ കാണുന്നതെല്ലാം കാവിമയമായി. ഭാവിയുടെ നിറം കാവിയാണെന്നു തിരിച്ചറിഞ്ഞതോടെ ബിജെപി ഓഫിസിൽ കുടിപാർപ്പായി. ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ വൈക്കോൽ കെട്ടുന്നതു പോലെ വരിഞ്ഞുകെട്ടി വച്ചിട്ടുണ്ട്. അവരെ ഒന്നു വലിച്ചടുപ്പിക്കാനായിരിക്കും ശിഷ്ടജീവിതം ചെലവിടുക. 

സ്റ്റോപ് പ്രസ്: കോൺഗ്രസ് നേതൃത്വത്തിൽ പുഴുക്കുത്തുകളെന്ന് മുൻ എംപി പീതാംബരക്കുറുപ്പ്. 

പുഴു തിന്നതും കിളി കൊത്തിയതുമായ പഴങ്ങളിൽ വിഷാംശമുണ്ടാവില്ല! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA