ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രബലമായ സംഘടനയായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അധ്യക്ഷ പദവിയിലേക്ക് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി എത്തിയപ്പോൾ കരഘോഷം മുഴക്കിയാണു കായികഭാരതം സ്വീകരിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റ് ഭരണരംഗത്തിനു പുതിയ ദിശാബോധം നൽകാൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിനു കഴിയുമെന്ന പ്രതീക്ഷയാണ് അതിനു കാരണം. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിൽ ഒന്നായ ബിസിസിഐക്കു കഴിഞ്ഞ കാലത്തുണ്ടായ മോശം പ്രതിഛായ മാറ്റിയെടുക്കുകയാണു ഗാംഗുലിയുടെ പ്രധാന ഉത്തരവാദിത്തം.

എല്ലാ സംവിധാനങ്ങൾക്കും അതീതരാണെന്ന ഒരുപറ്റം ഭരണസാരഥികളുടെ മനോഭാവത്തിന്റെ മുനയൊടിക്കുന്നതായിരുന്നു 2017ൽ ബിസിസിഐയിൽ സുപ്രീം കോടതി നടത്തിയ ഇടപെടൽ. രാജ്യത്തെ ക്രിക്കറ്റ് ഭരണരംഗം അടിമുടി പരിഷ്കരിക്കാൻ ജസ്റ്റിസ് ആർ.എം.ലോധ സമിതി നൽകിയ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബിസിസിഐയുടെ പഴയ ഭാരവാഹികളെ സുപ്രീം കോടതി അന്നു പുറത്താക്കിയതും ഇടക്കാല ഭരണസമിതിയെ ചുമതലയേൽപിച്ചതും. മുൻ സിഎജി വിനോദ് റായ് തലവനായ ഇടക്കാല സമിതി മൂന്നു വർഷത്തോളം ഭരണം നിർവഹിച്ച ശേഷമാണ് ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേൽക്കുന്നത്.

ഗാംഗുലിയുടെ ഭരണനേതൃത്വത്തിൽ അഴിമതിരഹിതവും ഭാവി ലക്ഷ്യംവച്ചുള്ളതുമായ പ്രവർത്തനങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാരുടെ വേതനം പോലുള്ള കാര്യങ്ങളിൽ താൻ ശ്രദ്ധിക്കുമെന്ന ഗാംഗുലിയുടെ പരാമർശം ശുഭോദർക്കമായ സൂചനകളാണു നൽകുന്നത്. സമീപകാലത്ത് ദേശീയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയ കേരളത്തിനും ഈ നടപടികളുടെ ഗുണഫലം ലഭിക്കും. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്റുകളുടെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളും പുതിയ ഭരണസമിതിയിൽനിന്ന് ഉണ്ടാവുമെന്നു കരുതാം.

ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ഒന്നാം നമ്പർ ടീമായി ഇന്ത്യയെ വളർത്തുകയെന്ന ലക്ഷ്യവും ഫലപ്രാപ്തിയിൽ എത്തിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നാട്ടിലും വിദേശത്തും ഇന്ത്യ ഉജ്വല പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഏകദിനത്തിലും ട്വന്റി20യിലും സമീപകാലത്തു പ്രധാന ടൂർണമെന്റ് വിജയങ്ങളുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിലക്ടർമാർക്കുണ്ടായ പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ആവശ്യമാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധി ജയേഷ് ജോർജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റതിലൂടെ കേരള ക്രിക്കറ്റിനും ഭാവിയിൽ ഗുണഫലങ്ങളുണ്ടാകുമെന്നു കരുതാം. കേരള ക്രിക്കറ്റിൽനിന്നു ബിസിസിഐ നേതൃത്വത്തിലെത്തുന്ന മൂന്നാമത്തെയാളാണു ജയേഷ്. ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിനു കേരളത്തിൽ വേദിയെന്ന ദീർഘകാല സ്വപ്നം സഫലമാകാൻ ജയേഷിന്റെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ. ദേശീയ ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണു പിന്നാലെ കൂടുതൽ മലയാളി താരങ്ങൾക്കു ടീം ഇന്ത്യയിലേക്കു വഴി തുറന്നുകിട്ടുമെന്ന പ്രത്യാശയും ഇതോടൊപ്പമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ 2020 ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയും. പുതിയ ചട്ടങ്ങൾ പ്രകാരമുളള ‘കൂളിങ് ഓഫ് പീരിയഡ്’ ആണിത്. ആറു വർഷം തുടർച്ചയായി ഭരണപദവിയിലിരുന്നാൽ പിന്നീടുള്ള മൂന്നു വർഷം ഒഴിഞ്ഞു നിൽക്കണമെന്നാണു ചട്ടം. കഴിഞ്ഞ അഞ്ചു വർഷമായി ബംഗാൾ അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ഈ ഒരു വർഷം ബിസിസിഐ പ്രസിഡന്റായി തുടരുമ്പോൾ ഭരണപദവിയിൽ 6 വർഷമാകും. ഈ ചുരുങ്ങിയ കാലം കൊണ്ട് സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനു പുതിയ ദിശാബോധവും വെളിച്ചവും പകരുമെന്നു പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com