ഓരോന്നിന്റെയും വില

sub
SHARE

ധ്യാനത്തിനെത്തിയ യുവാവ് മടങ്ങുമ്പോൾ ഗുരുവിനോടു ചോദിച്ചു, എന്താണു ഞാൻ പ്രതിഫലമായി നൽകേണ്ടത്? ഗുരു ആ ഗ്രാമത്തിലെ വലിയൊരു മണി ചൂണ്ടിക്കാട്ടി പറഞ്ഞു, നിങ്ങൾ ആ മണി ചെറുതായൊന്ന് അടിക്കുക. മണി വളരെ ചെറിയ ശബ്‌ദത്തിൽ മുഴങ്ങി. ഗുരു പറഞ്ഞു, നല്ല ശക്തിയിൽ അടിക്കുക. യുവാവ് അങ്ങനെ ചെയ്‌തു. നാട് മുഴുവൻ മാറ്റൊലി കൊള്ളുന്നതായിരുന്നു ആ മണിമുഴക്കം. ഗുരു പറഞ്ഞു, ഇതാണു പ്രതിഫലം. ഇനി നിനക്കു മടങ്ങാം. ‘സൗജന്യമായി’ ധ്യാനിച്ചെന്ന തോന്നൽ വേണ്ട! 

വില കൊടുക്കാതെ വിലയുള്ളതൊന്നും കിട്ടില്ല. സൗജന്യമായി ലഭിക്കുന്നതെല്ലാം നിസ്സാരവും അപ്രസക്തവുമാകും – വിലയില്ലാത്തതു കൊണ്ടല്ല, വില കൊടുത്തു വാങ്ങാത്തതുകൊണ്ട്. അവയെ അവഗണിക്കുന്നതിൽ ആർക്കും ഒരു സങ്കടവും തോന്നില്ല. അധികവില കൊടുത്തു വാങ്ങേണ്ടവ ഒരു വിലയും കൊടുക്കാതെ സ്വന്തമാക്കിയതിന്റെ അഭിമാനം കുറച്ചുനാൾ ഉള്ളിലുണ്ടാകും. പിന്നീട് അവയെ താനേ അവഗണിക്കും. 

വസ്തുവിന്റെ വിലയല്ല, വാങ്ങുന്നവർ അതിനു കൊടുക്കുന്ന വിലയാണു പ്രധാനം. 100 രൂപ വിലയുള്ള സാധനം ലക്ഷാധിപതിയും ദരിദ്രനും വാങ്ങുമ്പോൾ ഒരേ തുകയാണു കൊടുക്കുന്നതെങ്കിലും അവർ നൽകുന്ന വില രണ്ടാണ്. കൈപൊള്ളി മനസ്സുരുകി നൽകുന്ന വിലയ്‌ക്കു മാത്രമേ, മാനസാന്തരമുണ്ടാക്കാൻ കഴിയൂ. എന്തു നൽകുന്നു എന്നതാണ് എന്തു ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനം. 

എല്ലാ ധ്യാനവും ആത്മശോധനയാണ്. സംഭവബഹുലമായ ദിനചര്യകൾക്കിടയിൽനിന്നു ഹൃദയവാതിലുകൾ അടച്ച് സ്വയം തിരിച്ചറിവിലേക്കുള്ള ഏകാന്തതയാണ് ഓരോ ധ്യാനവും. തനിച്ചിരിക്കാനും സ്വയം ചിന്തിക്കാനുമുള്ള വേദിയാണത്. തനിച്ചിരുന്ന് തന്നിലേക്കു തന്നെ നോക്കുമ്പോൾ ഉൾക്കാഴ്‌ചയുണ്ടാകും. അപ്പോൾ കണ്ടെത്തുന്ന മികവും കുറവും മുന്നോട്ടുള്ള ജീവിതത്തിനു പുതിയ പാതകൾ തുറക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA