ADVERTISEMENT

ജാതിപ്രക്ഷോഭങ്ങൾ യഥാസമയം തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ അവ സംസ്ഥാന മുഖ്യമന്ത്രിമാർക്കു നേരെ ബൂമറാങ്ങായി വരാം. തങ്ങൾ അവഗണിക്കപ്പെട്ടുവെന്ന വികാരം പ്രബല ജാതികൾക്കിടയിൽ പടർന്നതിന്റെ ഒടുവിലത്തെ ഇരകളാണ് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസും ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറും.

വോട്ടിലും കണ്ടു, ജാട്ട് സമരം

സംവരണം ആവശ്യപ്പെട്ടു 3 വർഷം മുൻപു നടന്ന ജാട്ട് പ്രക്ഷോഭം ഹരിയാനയെ ഇളക്കിമറിച്ചു. പ്രക്ഷോഭകർക്കുനേരെ പൊലീസ് കടുത്ത ബലപ്രയോഗം നടത്തിയതിന്റെ ഓർമകൾ ഭരണകക്ഷിവിരുദ്ധ വികാരമായി നീറിനിൽക്കുകയും ചെയ്തു. ഹരിയാനയിൽ കോൺഗ്രസിന്റെയും ഇന്ത്യൻ നാഷനൽ ലോക്ദളിന്റെയും (ഐഎൻഎൽഡി) മുഖ്യമന്ത്രിമാരെല്ലാം ജാട്ട് സമുദായത്തിൽനിന്നായിരുന്നു. ജാട്ട് ആധിപത്യത്തിൽ അതൃപ്തരായ ഇതര ജാതികളുടെ മഴവിൽ സഖ്യമായിരുന്നു ബിജെപിയുടേത്.

കഴിഞ്ഞവട്ടം ജാട്ട് വോട്ടുകൾ കോൺഗ്രസിനും ഐഎൻഎൽഡിക്കുമായി വിഭജിച്ചുപോയതു ബിജെപിക്കു ഗുണം ചെയ്തു. എന്നാൽ, സർക്കാർ ജോലികളിൽ സംവരണം ആവശ്യപ്പെട്ടു ജാട്ട് സമുദായം തെരുവിലിറങ്ങിയപ്പോൾ‌ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആദ്യം അവരെ വരുതിയിലാക്കാൻ നോക്കി, വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ പൊലീസിനെ ഉപയോഗിച്ചു ശക്തമായി നേരിട്ടു. പിന്നീട് അദ്ദേഹം ജാട്ടുകളുടെ പല ആവശ്യങ്ങളും അംഗീകരിച്ചുവെങ്കിലും അവർക്കിടയിലെ അസ്വസ്ഥത മാറിയിരുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിച്ചു. ഉദ്ദേശിച്ച വിജയം നേടാൻ ബിജെപിക്കായില്ല.

കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തുകയും ചെയ്തു. ഇപ്പോൾ, ഐഎൻഎൽഡിയുടെ പിന്തുടർച്ചയായ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) ബിജെപിയുമായി ഭരണസഖ്യത്തിലേർപ്പെട്ടിരിക്കുന്നു; ജാട്ടുകളെ ഇനി നന്നായി നോക്കിക്കൊള്ളാമെന്ന വാഗ്ദാനത്തോടെ.

സ്വപ്നം തകർത്ത മറാഠാ അതൃപ്തി  

മഹാരാഷ്ട്രയിൽ ജാതിസംവരണം ആവശ്യപ്പെട്ടു മറാഠകളും പ്രക്ഷോഭത്തിലായിരുന്നു. ജാട്ടുകളുടെയത്രയും അക്രമാസക്തമായിരുന്നില്ല മറാഠകളുടെ സമരം. കേന്ദ്ര സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ, മറാഠകൾക്കു തന്റെ മന്ത്രിസഭയിൽ ഫഡ്‌നാവിസ് ഉയർന്ന പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു.

jatt
ഹരിയാനയിൽ ജാട്ട് പ്രക്ഷോഭത്തിനിടെ തീവച്ചു നശിപ്പിച്ച വാഹനങ്ങൾ (ഫയൽ ചിത്രം).

അദ്ദേഹം പ്രക്ഷോഭകരുടെ ആവശ്യങ്ങൾക്കു വഴങ്ങുകയും ചെയ്തു. എന്നാൽ, സംവരണ നടപടിക്രമങ്ങൾ നീണ്ടുപോയി. ലോക്സഭാ തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ, വിജ്ഞാപനമിറക്കാൻ ഫഡ്‌നാവിസിനു കഴിഞ്ഞു. കോൺഗ്രസിനും എൻസിപിക്കും ആധിപത്യമുള്ള മറാഠകൾക്കിടയിൽ സ്വാധീനശക്തിയായി മാറാനും നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ടുകൾ തൂത്തുവാരാനുമാണു ഫഡ്‌നാവിസ് ലക്ഷ്യമിട്ടത്. എന്നാൽ, തന്ത്രങ്ങൾ പാളിയത് ശരദ് പവാറിനും അനന്തരവൻ അജിത് പവാറിനുമെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തതോടെയാണ്. 

തിരഞ്ഞെടുപ്പു സമയത്തു പവാർ കുടുംബത്തിനെതിരായ കേന്ദ്ര നീക്കത്തിൽ ഫഡ്‌നാവിസ് അമ്പരന്നുപോയെങ്കിലും അതു പുറമേ പ്രകടിപ്പിച്ചില്ല. ശിവസേനയും ബിജെപിയും മറാഠകൾക്കൊപ്പമല്ല എന്ന പ്രചാരണം പൊടുന്നനെ ശക്തി പ്രാപിക്കാൻ പവാർവിരുദ്ധ നടപടികൾ ഇടയാക്കി. അധികാരം നിലനിർത്താൻ ഫഡ്‌നാവിസിനു കഴിഞ്ഞെങ്കിലും പ്രതിപക്ഷ കോട്ടകൾ പിടിച്ചെടുക്കുക എന്ന സ്വപ്നം യാഥാർഥ്യമായില്ല.

സൂക്ഷിക്കണം, കൈപൊള്ളും 

സർക്കാർ ജോലികളിലെ സംവരണത്തിനായി വിവിധ സമുദായങ്ങൾ തെരുവിലിറങ്ങുമ്പോൾ അവരെ കൈകാര്യം ചെയ്യുക സംസ്ഥാനങ്ങൾക്കു കഠിനമായ ജോലിയാണ്. സ്വകാര്യമേഖലയിലെ തൊഴിൽ അസ്ഥിരത സർക്കാർ ജോലികളെ ആകർഷകമാക്കുന്നു. മന്ത്രിസഭയിലും സർക്കാർ വകുപ്പുകളിലും സമുദായ പ്രാതിനിധ്യം കൈകാര്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിമാർ നേരിടുന്ന പ്രധാന വെല്ലുവിളി. അവഗണിക്കപ്പെട്ടുവെന്ന വികാരം പ്രതിപക്ഷം മുതലാക്കാതെ നോക്കുകയും വേണം.

പല മുഖ്യമന്ത്രിമാരും ഇത്തരത്തിൽ ‘അവഗണനാബോധം’ പിടികൂടിയ സമുദായങ്ങളുടെ അമർഷത്തിന്റെ ഇരകളാണ്. ഗുജറാത്തിൽ ദീർഘകാലമായി തുടരുന്ന പട്ടേൽ പ്രക്ഷോഭം ഉദാഹരണം. മുഖ്യമന്ത്രിപദം വിട്ട് നരേന്ദ്ര മോദി ഡൽഹിയിലേക്കു പോയതിനു പിന്നാലെ ആരംഭിച്ച പട്ടേൽ സംവരണസമരം ബിജെപിക്കു കനത്ത ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. ദീർഘകാലമായി പട്ടേൽ സമുദായം ബിജെപിയുടെ നിയന്ത്രണത്തിലായിരുന്നു. അവരുടെ അതൃപ്തി നല്ലവണ്ണം മുതലാക്കി രംഗത്തിറങ്ങിയ കോൺഗ്രസ്, ബിജെപിയുടെ ശക്തികേന്ദ്രത്തിൽ അധികാരം പിടിച്ചേക്കുമെന്ന അവസ്ഥ വരെയെത്തി.

പിന്നാക്ക, ദലിത്, ന്യൂനപക്ഷ സമുദായങ്ങളുടെ കൂട്ടായ്മയുണ്ടാക്കാനായി കർണാടകയിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങളിൽനിന്ന് അകറ്റി. അത് അദ്ദേഹത്തിന് അധികാരം നഷ്ടമാക്കുകയും ചെയ്തു. വൈകാതെ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്. മുഖ്യമന്ത്രി രഘുബർ ദാസ് അകന്നുനിൽക്കുന്ന സമുദായങ്ങളെ അടുപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ്.

തലസ്ഥാനത്തിന്റെ ഹൃദയം തേടി 

ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുമെന്ന് 5 വർഷം മുൻപു പ്രധാനമന്ത്രി മോദി വാഗ്ദാനം നൽകിയിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ അവരുടെ ഉടമസ്ഥാവകാശം അംഗീകരിക്കാൻ തീരുമാനമെടുത്തിരിക്കുന്നു. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത് വെള്ളം, വൈദ്യുതി, റോഡുകൾ, അഴുക്കുചാലുകൾ തുടങ്ങി കോളനിവാസികളുടെ ചിരകാല ആവശ്യങ്ങൾ തങ്ങളാണു നടത്തിക്കൊടുത്തത് എന്നാണ്; ഉടമസ്ഥാവകാശം നൽകേണ്ടതു കേന്ദ്ര സർക്കാരായതിനാൽ തങ്ങൾക്ക് അതിനു കഴിഞ്ഞില്ലെന്നും. ജനഹൃദയം കീഴടക്കാൻ രാജ്യതലസ്ഥാനത്തു നടക്കുന്ന ഈ പോരാട്ടത്തിൽ ആരു വിജയിക്കുമെന്നു കാത്തിരുന്നു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com