ADVERTISEMENT
വ്യാപാരികളെ കൈവിടരുത് വാറ്റ് കുടിശികയുടെ പേരുപറഞ്ഞ് സർക്കാരിന്റെ ഇരുട്ടടി സംസ്ഥാനത്തെ വ്യാപാരി, വ്യവസായി സമൂഹത്തെ നികുതി കുടിശികയുടെ പേരുപറഞ്ഞു വൻ കുരുക്കിലാക്കിയിരിക്കുകയാണ് സർക്കാർ. രാജ്യമാകെ ഒരു നികുതി, ഒരു വിപണി എന്ന വിശേഷണത്തോടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നിട്ട് വർഷം രണ്ടു കഴിഞ്ഞു. പക്ഷേ, മുൻപു നിലവിലുണ്ടായിരുന്ന മൂല്യവർധിത നികുതിയിൽ (വാറ്റ്) വൻ കുടിശിക ഉണ്ടെന്ന പേരിൽ വ്യാപാരികൾക്കും വ്യവസായികൾക്കും നോട്ടിസ് അയച്ചിരിക്കുകയാണ്. വാറ്റിന്റെ പഴയ ഫയലുകൾ ചികഞ്ഞെടുത്ത് തലങ്ങും വിലങ്ങും നോട്ടിസ് അയയ്ക്കുകയായിരുന്നു. നികുതി പൊരുത്തക്കേടിന്റെ കാരണം സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണെന്നു വൈകി വിലയിരുത്തിയ സർക്കാർ, നോട്ടിസുകൾ ഓരോന്നായി പരിശോധിക്കാമെന്നു സമ്മതിച്ചിരിക്കുകയാണിപ്പോൾ. ഈ പ്രശ്നങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ ധനമന്ത്രി ടി.എം.തോമസ് ഐസക് വിളിച്ചുചേർക്കുന്ന യോഗത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണു വ്യാപാരിസമൂഹം. ചെറുകിട, വൻകിട വ്യത്യാസമില്ലാതെ, പതിനായിരക്കണക്കിനു വ്യാപാരികൾക്കാണു കുടിശിക നോട്ടിസ് ലഭിച്ചിരിക്കുന്നത്. മിക്കതും ലക്ഷക്കണക്കിനു കുടിശികയുണ്ടെന്ന അറിയിപ്പാണ്. ചിലതിൽ കണക്കു കോടികളുടേതാണ്. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിനു മുൻപുള്ള 5 വർഷത്തെ കണക്കുകൾ പുനഃപരിശോധിച്ചാണു നികുതി കുടിശിക കണ്ടെത്തിയതെന്നു വ്യാപാരികൾ പറയുന്നു. 2013 – 14 മുതൽ 2017 – 18 വരെയുള്ള വർഷങ്ങളിലെ നികുതിയടയ്ക്കലുമായി ബന്ധപ്പെട്ടാണു നോട്ടിസുകൾ. മുൻകാലങ്ങളിൽ നോട്ടിസുകൾ അയച്ചിരുന്നുവെങ്കിലും അവയിൽ കാരണം വ്യക്തമായി രേഖപ്പെടുത്തുമായിരുന്നുവെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒരു കാരണവും വ്യക്തമാക്കാതെയാണ് ഇപ്പോഴത്തെ നോട്ടിസുകൾ. തങ്ങളുടെ ഭാഗത്തുള്ള പിഴവ് എന്താണെന്ന് ഈ നോട്ടിസുകൾ വഴി മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരി, വ്യവസായി സംഘടനകൾ പരാതിപ്പെടുന്നു. മാനദണ്ഡങ്ങളൊന്നുമില്ലാതെ വരുന്ന വൻതുകയുടെ നോട്ടിസ് കണ്ടു പലരും മാനസിക സമ്മർദത്തിലാണ്. പത്തനംതിട്ടയിലെ തണ്ണിത്തോട്ടിൽ ഇന്നലെ ഒരു വ്യാപാരി ജീവനൊടുക്കി. എന്നോ അടച്ചുപൂട്ടിയ കടയുടെ പേരിൽ വൻതുക പിഴയൊടുക്കാൻ അറിയിപ്പു ലഭിച്ച ഒരു വ്യാപാരി മാവേലിക്കരയിൽ ജീവനൊടുക്കാൻ ശ്രമിച്ചത് ഏതാനും ദിവസം മുൻപാണ്. ജിഎസ്ടി വന്നതോടെ പലരും പഴയ കണക്കുകൾ ഉപേക്ഷിച്ചു. ഏഴു വർഷം കഴിഞ്ഞാൽ രേഖകൾ സൂക്ഷിക്കേണ്ടതില്ലെന്നാണു ചട്ടം. പുതിയ നികുതി സമ്പ്രദായംതന്നെ വ്യാപാരികളെ വട്ടംചുറ്റിക്കുന്നതിനിടയ്ക്കാണു പഴയ കണക്കുകളുമായി വരണമെന്നു പറയുന്നത്. നോട്ടിസിനെതിരെ സ്റ്റേ നേടണമെങ്കിൽ അതിൽ പറഞ്ഞ തുകയുടെ മൂന്നിലൊന്നു കെട്ടിവയ്ക്കണം. ഭീമമായ തുകയായതിനാൽ അത് ഒട്ടും പ്രായോഗികമല്ല. കേരളത്തിൽ മാത്രമേ ഇത്തരം നോട്ടിസുകൾ വരുന്നുള്ളൂ. കുടിശിക കണ്ടെത്തിയതിൽ പൊരുത്തക്കേടുണ്ടെന്നു സമ്മതിക്കുന്ന സർക്കാർ, നോട്ടിസുകൾ പിൻവലിച്ച് എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. വ്യാപാരികൾക്കു തെറ്റായ കണക്കുകൾ ചൂണ്ടിക്കാട്ടിയുള്ള നോട്ടിസ് അയച്ച ശേഷം അവർ കാരണം അറിയിക്കണമെന്നു പറയുന്നത് ഒട്ടും ന്യായമല്ല. മുൻപുണ്ടായിരുന്ന വാറ്റിന്റെ 2017 ജൂൺ 30 വരെയുള്ള കുടിശിക ഒത്തുതീർപ്പാക്കാനുള്ള ആംനെസ്റ്റി സ്കീം സർക്കാർ നടപ്പാക്കിയിരുന്നു. സ്കീം പ്രകാരം നികുതിക്കുടിശിക മാത്രം അടച്ചാൽ മതിയായിരുന്നു; പിഴയ്ക്കും പലിശയ്ക്കും ഇളവുണ്ടായിരുന്നു. തുക 2020 മാർച്ച് 31നകം ആറ് തവണകളായി അടയ്ക്കാനും അവസരം നൽകി. പക്ഷേ, സ്കീമിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ സെപ്റ്റംബർ 30ന് അവസാനിച്ചു. നിയമപ്രകാരം നോക്കിയാൽ, നോട്ടിസ് വന്ന കേസുകളിൽ ഇനി ചെയ്യാൻ കഴിയുന്നത്, തവണകളായി തുക അടയ്ക്കുന്നതിനുള്ള അപേക്ഷ, ഫോം 21 എച്ചിൽ അസസിങ് ഓഫിസർക്കു നൽകുക എന്നതു മാത്രമാണ്. കേരള വാറ്റ് ചട്ടം 51 പ്രകാരം പരമാവധി 6 പ്രതിമാസ തവണകളായി തുക അടയ്ക്കുന്നതിന് അനുമതി നൽകാൻ ഓഫിസർക്ക് അധികാരമുണ്ട്. പക്ഷേ, പലിശ നൽകണം. ചട്ടം 51 (2) പ്രകാരം, തുക തവണകളായി അടയ്ക്കാനുള്ള അപേക്ഷ കക്ഷിയുടെ വാദം കേൾക്കാതെ നിരസിക്കാൻ പാടില്ല. ആംനെസ്റ്റി സ്കീം നടത്തിപ്പിൽ വ്യാപാരികളുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്. ഓണക്കച്ചവടം പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരാതെപോയെന്ന യാഥാർഥ്യത്തിനു മുന്നിൽ വ്യാപാരികൾ പകച്ചുനിൽക്കുമ്പോഴാണ് സർക്കാരിന്റെ ഇരുട്ടടി. സർക്കാരിന്റെ ഭാഗത്തുനിന്നു മനുഷ്യത്വപരമായ സമീപനമാണു വേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com