sections
MORE

നോവ് നോവലായി!

leader
SHARE

കടൽത്തീരത്തിനടുത്തു വീടു വയ്ക്കാനുള്ള നിയമക്കുരുക്കിന്റെ പങ്കപ്പാടു പ്രമേയമാക്കി നോവൽ തന്നെ എഴുതാമെന്ന് അതിശയോക്തി പറയുകയല്ല. പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റ് ജയശ്രീ മിശ്ര ഈ വിഷയം നോവലാക്കിയിട്ടുണ്ട് – എ ഹൗസ് ഫോർ മിസ്റ്റർ മിശ്ര! തിരുവനന്തപുരത്തു വേളിയിൽ വീടു വയ്ക്കാൻ ജയശ്രീയും ഭർത്താവ് അശുതോഷ് മിശ്രയും നേരിട്ട ബുദ്ധിമുട്ടുകളുടെ ഘോഷയാത്രയാണു നോവൽ. 

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ കടൽത്തീരത്തിനടുത്തു പഴയൊരു വീടു വാങ്ങി. സോൺ രണ്ടിലായിട്ടും അതേ സ്ഥലത്തു വേറെ വീടിന് അനുമതി നൽകാതെ അപേക്ഷ കോർപറേഷൻ തള്ളി. തീരപരിപാലന അതോറിറ്റിയെ സമീപിച്ചപ്പോഴും പലതരം കുരുക്കുകൾ. ഒടുവിൽ അനുമതി കിട്ടിയപ്പോൾ ഒട്ടേറെ നിബന്ധനകൾ. നിലവിലുള്ള വിസ്തീർണത്തിൽ മാറ്റം വരരുത്, നേരത്തേ സ്ഥിതിചെയ്ത അതേ സ്ഥലത്തുതന്നെ വേണം... വീടിന്റെ പൂമുഖവാതിൽ പിറകിലാക്കേണ്ട സ്ഥിതി വരെ വന്നു. എന്തെങ്കിലും തെറ്റിയാൽ ഭാവിയിൽ ഇടിക്കാൻ പറഞ്ഞാലോ! 

അനുമതിയോ, കിട്ടിയാൽ കിട്ടി! 

വീടു മാത്രമല്ല, മതിൽ പണിയാൻ പോലും അനുമതി കിട്ടില്ല! എറണാകുളം ജില്ലയിലെ ഉദയംപേരൂർ പഞ്ചായത്തിൽ വേമ്പനാട് കായലിൽനിന്നു 45 മീറ്റർ അകലെ ഏഴര സെന്റ് സ്ഥലം മാത്രമുള്ള വീട്ടമ്മ 20 മീറ്റർ നീളത്തിൽ മതിൽ നിർമിക്കാൻ 2008 മുതൽ ശ്രമിക്കുകയാണ്. ആദ്യം പഞ്ചായത്ത് അപേക്ഷ നിരസിച്ചു – സിആർസെഡ് അനുമതി വേണം. കാരണം, സോൺ മൂന്നിലാണ്. 2017ൽ വീണ്ടും പഞ്ചായത്തിന് അപേക്ഷ കൊടുത്തെങ്കിലും രക്ഷയില്ല. ജൈവവേലി കെട്ടാനേ പറ്റൂ എന്നായിരുന്നു മറുപടി. കോൺക്രീറ്റ് മതിൽ കെട്ടിയാൽ നിയമലംഘനമാവും. 

തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ കുടുംബസ്വത്തായി കിട്ടിയ നാലര ഏക്കറിൽ ആയുർവേദ റിസോർട്ട് നിർമിക്കാൻ ഒരു വൈദ്യർ 9 വർഷമായി അനുമതികൾക്കു പിന്നാലെ ഓടുകയാണ്. സോൺ മൂന്നിലായ സ്ഥലത്ത് കടലിൽനിന്ന് 200 മീറ്റർ അകലെ വരെ നിർമാണം പാടില്ല. 200 മീറ്ററിനും 500 മീറ്ററിനും ഇടയിൽ ആകെ സ്ഥലത്തിന്റെ 33% വിസ്തീർണത്തിൽ നിർമിക്കാൻ വ്യവസ്ഥയുണ്ട്. ഒന്നര മീറ്ററിൽ കൂടുതൽ കുഴിക്കരുത്, 9 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം കെട്ടരുത്, വെള്ളം പറമ്പിൽനിന്ന് എടുക്കരുത് എന്നീ നിബന്ധനകളുമുണ്ട്. ഇതെല്ലാമനുസരിച്ച് മലിനീകരണ നിയന്ത്രണം ഉൾപ്പെടെ സകല അനുമതികളും നേടി. തീരപരിപാലന അതോറിറ്റിക്ക് സ്ക്രൂട്ടിനി ഫീസായി 5 ലക്ഷം രൂപയും സിആർസെഡ് സ്റ്റാറ്റസ് റിപ്പോർട്ട് ലഭിക്കാൻ തിരുവനന്തപുരം സെസിൽ 1,48000 രൂപയും അടച്ചു. മൂന്നര വർഷം നടത്തിച്ചിട്ടാണ് സിആർസെഡ് സ്റ്റാറ്റസ് റിപ്പോർട്ട് നൽകിയത്. 

അപേക്ഷയും രേഖകളും തീരപരിപാലന അതോറിറ്റി 2016ൽ ഡൽഹി പരിസ്ഥിതി മന്ത്രാലയത്തിലേക്കു ശുപാർശ ചെയ്ത് അയച്ചപ്പോൾ അവിടെ ഓഫിസ് വിലാസം മാറിപ്പോയി. മാസങ്ങൾ കഴിഞ്ഞു പുതിയ വിലാസത്തിൽ രണ്ടാമതും അയച്ചു. ഉപഗ്രഹചിത്രം നോക്കിയപ്പോൾ നിറയെ കാട്. കേരളത്തിൽ ഏതു ഭാഗത്തും മുകളിൽനിന്നു നോക്കിയാൽ തെങ്ങിൻതലപ്പുകൾ മൂലം കാടുപോലെ തോന്നും. മരങ്ങളുടെ സെൻസസ് വേണമെന്നു ഡൽഹിയിൽനിന്നു നിർദേശം. ഏത് ഏജൻസിയാണു മരങ്ങളുടെ സെൻസസ് നൽകേണ്ടത്? ഒടുവിൽ വില്ലേജ് ഓഫിസർ സ്ഥലം കണ്ട് മരങ്ങളുടെ കണക്കു കൊടുത്തു. വിസ്തീർണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രകാരം പുതുക്കിയ പ്ലാൻ കൊടുത്തു. 

നേരത്തേ എടുത്ത അനുമതികൾ പലതും കാലഹരണപ്പെട്ടതിനാൽ അവ പുതുക്കണമെന്നായി. ചുരുക്കിപ്പറഞ്ഞാൽ ഇതുവരെ 18 ലക്ഷം രൂപയിലേറെ ചെലവായതല്ലാതെ അനുമതി കിട്ടിയിട്ടില്ല! ഏകജാലക സംവിധാനത്തിൽ പദ്ധതികൾക്ക് അനുമതി കൊടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി, ഇക്കാര്യം പരിഗണിച്ച് ഉടൻ അനുമതി നൽകണമെന്നു കഴിഞ്ഞ 23നു നിർദേശിച്ചിരിക്കുകയാണ്. 

ഇതുപോലെയാണു മിക്ക പദ്ധതികളുടെയും ഗതി. അനുമതി നൽകേണ്ട ഏജൻസികളിലെ ഉദ്യോഗസ്ഥർ ചേർന്നു രഹസ്യമായി കോക്കസ് ഉണ്ടാക്കി പദ്ധതികൾ അനന്തമായി വൈകിക്കുകയാണെന്നു പരാതിയുണ്ട്. കോക്കസിനുള്ളിൽ കയറിപ്പറ്റി കൊടുക്കേണ്ടതു കൊടുത്താൽ മാത്രമേ, കാര്യങ്ങൾ വേഗം നടക്കൂ. അല്ലാത്തവർ നടന്നു ചെരിപ്പു തേയുന്നതു മിച്ചം.

ഒഴിയാതെ അവ്യക്തതകൾ 

ജൂണിൽ കാലാവധി കഴിഞ്ഞ തീരപരിപാലന അതോറിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. അതോറിറ്റി നിലവിൽ വന്നത് 1998ലാണ്. 1991 മുതൽ നിയമമുണ്ട്. അപ്പോൾ അതുവരെയുള്ള കാലത്തു നിർമിക്കപ്പെട്ട വീടുകളുടെയും കെട്ടിടങ്ങളുടെയും ഉടമകൾ എന്തു ചെയ്യണം? സിആർസെഡ് അനുമതി വാങ്ങാൻ അവർക്കു കഴിയുമായിരുന്നില്ലല്ലോ. അക്കാലത്തു പണിത കെട്ടിടങ്ങളിൽ നിയമലംഘനമുണ്ടെന്ന പേരിൽ പൊളിക്കാൻ പറയുമോ? 

സിആർസെഡിനു പുറമേ, 2010ൽ കേന്ദ്ര തണ്ണീർത്തട സംരക്ഷണ വിജ്ഞാപനവും ഇറങ്ങിയിട്ടുണ്ട്. അതനുസരിച്ച് വേമ്പനാട് കായലും അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും റാംസർ സൈറ്റാണ്. പോരാത്തതിനു വേമ്പനാട് കായൽ ‘ക്രിട്ടിക്കൽ വൾനറബിൾ കോസ്റ്റൽ ഏരിയ’ കൂടിയാകുന്നു – സിവിസിഎ. ഈ പുതിയ നിയമം അനുസരിച്ചുള്ള സംയോജിത പരിപാലന ആസൂത്രണ രേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതു വരുന്നതോടെ സിആർസെഡിൽ ഉൾപ്പെടാത്ത സ്ഥലങ്ങളെല്ലാം അതിലുൾപ്പെടും. അതായത് ഉപ്പുവെള്ളം കയറാത്ത ജലാശയങ്ങളും അതിൽ വരും.

നിലവിൽ ഭാരതപ്പുഴയുടെ ഉപ്പുവെള്ളം കയറാത്ത ഭാഗങ്ങളും പെരിയാറിൽ ആലുവ പാതാളം ബണ്ട് വരെയും സിആർസെഡ് ബാധകമല്ല. പക്ഷേ, കേന്ദ്ര തണ്ണീർത്തട നിയമവും സിആർസെഡും ഒരുമിച്ചു ബാധകമാവുന്ന സ്ഥലങ്ങളിൽ സിആർസെഡ് വ്യവസ്ഥ പാലിച്ചാൽ മതിയെന്ന് ഇപ്പോൾ പറയുന്നു. തണ്ണീർത്തട ആസൂത്രണ രേഖ വിജ്ഞാപനം ചെയ്യുമ്പോൾ സ്ഥിതി മാറിയേക്കാം. 

കേരളമാകെ തെങ്ങിൻപുരയിടങ്ങളിൽ ജലസേചനത്തിനു ചെറിയ തോടു വെട്ടിയിട്ടുണ്ട്. രണ്ട് മീറ്ററിൽ താഴെ വീതിയുള്ള ഇത്തരം തോടുകളെ സിആർസെഡിൽ ഉൾപ്പെടുത്തേണ്ടെന്ന് മുൻ തീരപരിപാലന അതോറിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവിറങ്ങിയില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയ പ്രതിനിധിസംഘം 2014ൽ കേരളത്തിൽ വന്നപ്പോൾ 10 മീറ്ററിൽ താഴെ വീതിയുള്ള തോടുകളെ ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഒന്നും നടന്നില്ല. ടെക്നോപാർക്കിനകത്തെ കെട്ടിടങ്ങളും തോട്ടിൽനിന്നു വിടേണ്ട ദൂരം പാലിച്ചില്ലെന്ന പേരിൽ കേസ് നേരിടുകയാണ്. 

തോട്ടിലെ വെള്ളത്തിലും ഉപ്പിന്റെ അംശം നിശ്ചിത അളവിലേറെയുണ്ടെങ്കിൽ (5 പിപിടി) അതു സിആർസെഡ് പരിധിയിൽ വരും. ഉപ്പിന്റെ അളവു പലയിടത്തും മുകളിലേക്കു കയറിക്കയറി വരുമ്പോൾ നിയന്ത്രണങ്ങളും മുറുകുന്നു. ചിലയിടങ്ങളിൽ കടലിൽനിന്നു 16 കിലോമീറ്റർ അകലെവരെ വെള്ളത്തിൽ ഉപ്പുരസം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാനും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനും അടിയന്തരനടപടികൾ ആവശ്യമാണ്. 

അവസാനിച്ചു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA