നീതി തേടുന്നു ആ മരണങ്ങൾ

HIGHLIGHTS
  • വാളയാർ: അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിച്ചേതീരൂ
rape-visual
SHARE

പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ടു പാവം സഹോദരിമാർ; വേദനയും ഒറ്റപ്പെടലും സഹിച്ചുസഹിച്ചൊടുവിൽ ജീവൻതന്നെ നഷ്ടപ്പെട്ടവർ; ഇളംജീവിതത്തിൽത്തന്നെ കൊടുംക്രൂരതയും മരണത്തിൽ അവഗണനയും അനുഭവിക്കേണ്ടിവന്നവർ... ക്രൂരമായ ലൈംഗിക പീഡനങ്ങളെത്തുടർന്നു ജീവൻ നഷ്ടമാകേണ്ടി വന്ന വാളയാർ അട്ടപ്പള്ളം ശെൽവപുരത്തെ ദലിത് സഹോദരിമാർ കേരള മനഃസാക്ഷിയുടെ നീറുന്ന നോവായി മാറിയിരിക്കുകയാണ്.

ഈ പെൺകുട്ടികളെ മരണത്തിലേക്കെത്തിച്ച അതീവ നിർഭാഗ്യകരമായ സാഹചര്യത്തെക്കുറിച്ചും ഇവരുടെ ദയനീയ അന്ത്യം സംബന്ധിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ചുമുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ദിനംതോറും പുറത്തുവരുമ്പേ‍ാൾ, സംസ്കാരത്തെക്കുറിച്ചു വീറോടെ ഊറ്റംകൊള്ളുന്ന പരിഷ്കൃത കേരളത്തിൽ തന്നെയാണോ ഇതൊക്കെ നടന്നതെന്ന കരൾപിളർക്കുന്ന ചോദ്യം ബാക്കിയാവുന്നു.

വീടിനുള്ളിൽ എതാണ്ട് ഒരേ സ്ഥലത്ത്, വ്യത്യസ്ത ദിവസങ്ങളിൽ കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളില്ലാത്തതിന്റെ പേരിൽ കോടതി വിട്ടയച്ചതോടെ പൊലീസ് അന്വേഷണത്തിൽ നടന്ന അട്ടിമറിയാണു പുറത്തുവരുന്നത്. പ്രോസിക്യൂഷന്റെ കേസ് നടത്തിപ്പ് പ്രതിഭാഗത്തിനു സഹായമായെന്ന അതീവ ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.

കേസിലെ പ്രതികൾക്കുവേണ്ടി ഹാജരായ പാർട്ടി അഭിഭാഷകൻതന്നെയാണു കുട്ടികളുടെ സംരക്ഷണവും അവർക്കു നിയമപരിരക്ഷയും ഉറപ്പാക്കേണ്ട പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ചെയർമാനായിത്തീർന്നത്. എത്ര ലാഘവത്തേ‍ാടെയും അലംഭാവത്തേ‍ാടെയുമാണു സർക്കാർ കേസ് കൈകാര്യം ചെയ്തതെന്ന് ഇതു വ്യക്തമാക്കുന്നു. കേസിൽ വിട്ടയച്ച പ്രതികളിലൊരാളെ ‘അരിവാൾ പാർട്ടിക്കാരാണ് രാത്രിയിൽ സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്’ എന്ന്, മരിച്ച സഹോദരിമാരുടെ അമ്മ തന്നെ പറയുകയുണ്ടായി.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും നീതി ഉറപ്പാക്കാനുമുള്ള ശക്തമായ പോക്സോ നിയമമനുസരിച്ച് റജിസ്റ്റർ ചെയ്ത കേസിലാണ് ഇതൊക്കെ നടന്നതെന്നതു ഞെട്ടലുണ്ടാക്കുന്നതാണ്. രാഷ്ട്രീയ ഇടപെടലാണ് കേസ് നടത്തിപ്പിനെ ഇത്രയും വഷളാക്കിയതെന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ല. കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമുണ്ടായിട്ടും, ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ കുട്ടികൾക്ക് എന്തു സുരക്ഷയാവും പൊലീസിൽനിന്നു കിട്ടുകയെന്ന ആശങ്ക ഉയരുന്നത് അസ്ഥാനത്തല്ല. അന്വേഷണത്തിലെ അതീവഗുരുതര വീഴ്ചകൾ കോടതി വ്യക്തമായി വിശദമാക്കുന്നതായാണു സൂചനകൾ.

മൂത്ത പെൺകുട്ടിയെ 2017 ജനുവരി 13നാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രക്ഷിതാക്കൾ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന പരുക്കുകളുടെ അടിസ്ഥാനത്തിൽ പീഡനത്തിനുള്ള സാധ്യത അന്വേഷിക്കണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർദേശം പൊലീസ് അവഗണിച്ചതു മുതൽ തുടങ്ങി കേസിലെ തിരിമറികൾ എന്നാണ് ആരോപണം. 52–ാമത്തെ ദിവസം, ഒൻപതു വയസ്സുളള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനത്തിന് നിരന്തരം ഇരയായ കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ വ്രണങ്ങൾ അതീവഗൗരവമുള്ളതാണെന്നു വ്യക്തമാക്കിയ ജില്ലാ പൊലീസ് സർജൻ, മരണം കെ‍ാലപാതകമാകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ആത്മഹത്യയാണെന്ന് ഉറപ്പിച്ചായിരുന്നു പൊലീസിന്റെ തുടരന്വേഷണം. ജില്ലാ ശിശുക്ഷേമ സമിതിയും മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ ചില പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത്, പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി.

മൂത്ത കുട്ടിയുടെ മരണം കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് പൊലീസിനുള്ളിൽ തന്നെയുള്ള വിലയിരുത്തൽ. കേസിന്റെ പുനരന്വേഷണവും പുനർവിചാരണയും വേണമെന്ന ആവശ്യം ശക്തമാണ്. പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണമെന്ന് കുട്ടികളുടെ കുടുംബവും ആവശ്യപ്പെടുന്നു. കുറ്റവാളികൾക്കു മാതൃകാപരമായ ശിക്ഷ നൽകി ആ പാവം സഹോദരിമാർക്കു നീതി ഉറപ്പാക്കാനും സമൂഹത്തിന്റെ ആശങ്കയകറ്റാനും ആവുന്ന വിധത്തിലുള്ള നടപടിയാണ് അടിയന്തരമായി സർക്കാരിൽ നിന്നുണ്ടാകേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA