ഭരണകൂടമേ, ആർക്കൊപ്പം?

sara-joseph
SHARE

വാളയാർ കേസിൽ പൊലീസ് ആരോടൊപ്പമാണ്; ആ പാവം കുട്ടികൾക്കൊപ്പമോ പ്രതികളുടെ കൂടെയോ? കുട്ടികളുടെ കൂടെയായിരുന്നു എങ്കിൽ അവർ ‘ശരിക്കും’ കേസ് അന്വേഷിച്ചേനെ. പെൺകുട്ടികളുടെ, സ്ത്രീകളുടെ നീതിക്കായുള്ള നിലവിളികൾ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു. വാളയാർ കേസിൽ വീഴ്ച വരുത്തിയവർ സമൂഹത്തിന് അപമാനമാണ്. ജോലിയിൽനിന്നു തൽക്കാലം മാറ്റിനിർത്തുകയല്ല, ഇനിയൊരിക്കലും ഈ ജോലി ചെയ്യാൻ അവരെ അനുവദിക്കാതിരിക്കുകയാണു വേണ്ടത്. 

വാളയാർ കേസിൽ രണ്ടു കൊല്ലത്തെ അന്വേഷണത്തിനു ശേഷം നമ്മുടെ പൊലീസ് കണ്ടെത്തിയ തെളിവെന്താണ്? ഒൻപതും പതിമൂന്നും വയസ്സായ രണ്ടു ദലിത് പെൺകുട്ടികൾ അവരുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണെന്ന്! ബലാത്സംഗമോ ലൈംഗിക കുറ്റകൃത്യമോ അല്ല, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്ന്! 

ആറു മാസമായാലും ഒരു വയസ്സായാലും ഒൻപതോ തൊണ്ണൂറോ വയസ്സായാലും പെണ്ണ് ഒരു ഉപകരണം മാത്രമാണെന്നു കരുതുന്ന പൊലീസുകാരുടെ വികൃതമനസ്സാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇതിന് അവർക്കെന്തിനായിരുന്നു രണ്ടു കൊല്ലം? ഈ പൊലീസ് ഉദ്യോഗസ്ഥർ പൊതുസമൂഹത്തോടു വെളിപ്പെടുത്തണം, ഈ അസംബന്ധം അവരോടു പറഞ്ഞത് ആരാണ്? കുട്ടികളുടെ അമ്മയോ അച്ഛനോ ബന്ധുക്കളോ അതു പറഞ്ഞുവോ? അയൽക്കാർ അങ്ങനെ മൊഴി നൽകിയോ? ഉണ്ടാകില്ലെന്നുറപ്പാണ്. 

സത്യമെന്തെന്നു പറയാൻ കുട്ടികൾ ജീവിച്ചിരിപ്പില്ല. പിന്നെയുള്ള സാധ്യത, പ്രതികളുടെ മൊഴിയാണ്. ഇത്തരം കേസുകളിൽ എങ്ങനെയാണു പ്രതികളുടെ മൊഴി തെളിവാകുക? ഇതു തെളിവായി ഹാജരാക്കിയ പൊലീസ് ആരോടൊപ്പമാണ്; ആ പാവം കുട്ടികൾക്കൊപ്പമോ പ്രതികളുടെ കൂടെയോ? കുട്ടികളുടെ കൂടെയായിരുന്നെങ്കിൽ അവർ ‘ശരിക്കും’ കേസ് അന്വേഷിച്ചേനെ! ഈ തെളിവുകളുമായി കുറ്റവാളികളെക്കാൾ ഒട്ടും മെച്ചമല്ലാത്ത പൊലീസുകാർ കോടതിയുടെ മുന്നിലെത്തിയപ്പോൾ മിണ്ടാതെ നിന്ന അഭിഭാഷകനെ എന്താണു വിളിക്കേണ്ടത്?

ഈ കേസിൽ പ്രതികൾക്കായി വാദിച്ചയാൾ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായി! മുൻപു പോക്സോ കേസ് പ്രതികൾക്കുവേണ്ടി വാദിച്ച ചരിത്രമുള്ള ഇയാളെയാണ് ശിശു‘ക്ഷേമ’സമിതിയുടെ അധ്യക്ഷനായി നിയമിച്ചിരുന്നതെന്ന അവിശ്വസനീയ സത്യം പൊതുസമൂഹത്തെ തുറിച്ചുനോക്കുന്നു. പോക്സോ പ്രതികൾക്കുവേണ്ടി വാദിച്ചു കേസ് ജയിപ്പിച്ചുകൊടുക്കുന്ന കർമം ചെയ്യുന്നയാളെ ഏതു നീതികൊണ്ടാണു ശിശുക്ഷേമ പരിപാലകനായി സർക്കാർ അംഗീകരിച്ചത്. പാർട്ടി അനുഭാവം ഒന്നു മാത്രമാണോ ഇതിനുള്ള യോഗ്യത? ഇപ്പോൾ തനിനിറം വ്യക്തമായപ്പോൾ തൽക്കാലം ജോലിയിൽനിന്നു മാറ്റിനിർത്തി സംരക്ഷിച്ചുകളയാമെന്നാണ് സർക്കാർ കരുതുന്നതെന്നു തോന്നുന്നു. ഇവരെങ്ങനെ ശിശുക്ഷേമ സമിതിയിലെത്തി എന്നു സർക്കാർ വ്യക്തമാക്കാമോ?

വാളയാർ കേസിലെ നിർഭാഗ്യവതികളായ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞതായി കേൾക്കുന്ന ഒരു സൂചന ‘അരിവാൾ പാർട്ടിക്കാർ ചതിച്ചു’ എന്നാണ്. അതിന്റെ പൊരുളന്വേഷിച്ചോ പൊലീസുകാർ? അതെന്തുകൊണ്ടെന്നു തിരക്കിയോ ശിശുക്ഷേമസമിതി അധ്യക്ഷൻ? അമ്മയുടെ ഈ പരാമർശം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടോ പ്രോസിക്യൂട്ടർ?

രാഷ്്ട്രീയനേതാക്കൾ കേസുകളിലൊന്നും ശിക്ഷിക്കപ്പെടാറില്ല എന്നതാണ് നമ്മുടെ അനുഭവം. പ്രത്യേകിച്ചും, ബലാത്സംഗക്കേസുകളിൽ കുടുങ്ങുന്ന രാഷ്ട്രീയക്കാർ. അവരെ പൊന്നുപോലെ സംരക്ഷിക്കുന്ന പാർട്ടിയും പാർട്ടി നേതൃത്വവും അവർക്കുവേണ്ടി കാലാൾപ്പടയായി സമൂഹമാധ്യമത്തിലും പൊതുമണ്ഡലത്തിലും അണിനിരക്കുന്ന പ്രവർത്തകരും (പെണ്ണണികളും) കൂടി അവർ ശിക്ഷിക്കപ്പെടാതെ നോക്കുന്നു. ഏതു രാഷ്ട്രീയപ്പാർട്ടിയിലും ഇതാണവസ്ഥ. 

പെൺകുട്ടികളുടെ, സ്ത്രീകളുടെ നീതിക്കായുള്ള നിലവിളികൾ നമ്മുടെ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. കിളിരൂർ, സൂര്യനെല്ലി തുടങ്ങി ഒട്ടേറെ കേസുകളുണ്ടായി. സമൂഹം ഒരുപാടു പേർക്കു നേരെ വിരൽ ചൂണ്ടിക്കാട്ടി. കിളിരൂർ കേസിലെ വിഐപി ആരാണ് എന്ന നിരന്തര ചോദ്യം ഇപ്പോഴും ചോദിക്കപ്പെടുന്നുണ്ട്. ചൂണ്ടിക്കാട്ടപ്പെട്ടവരുടെ നേർക്കൊന്നും അന്വേഷണം തിരിഞ്ഞില്ല. പകരം ചില പ്രതികൾ നിർമിക്കപ്പെട്ടു. പലതിലും വേട്ടക്കാരേ ഇല്ലാതായി. ‘തെളിവില്ല’ എന്ന കള്ളസത്യം ആവർത്തിക്കപ്പെട്ടു. ഏറ്റവും അപകടകരമായ കാര്യം, പരസ്പരം ശത്രുക്കളാണെന്നു പുറമേ കാണിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ലൈംഗികക്കുറ്റവാളികളെ സംരക്ഷിക്കാൻ കൈകോർക്കുന്നു എന്നതാണ്. അവരുടെ യഥാർഥ ശത്രു പൊതുസമൂഹമാണ്; സമൂഹത്തിന്റെ തിരിച്ചറിവുകളും ജാഗ്രതയുമാണ്. അതു തകർക്കുക എന്ന രാഷ്ട്രീയപ്രവർത്തനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. 

വാളയാർ കേസിൽ ആദ്യം ആത്മഹത്യയെന്നു പറഞ്ഞു. പിന്നെയത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ഇടപാടായി! കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിനു മുന്നിൽ രണ്ടു കൊച്ചു പെൺകുട്ടികളെക്കുറിച്ച് ഇത്രയും ധൈര്യമായി ഇതെല്ലാം പറയാൻ പൊലീസിനും അഭിഭാഷകർക്കും എങ്ങനെയാണു ധൈര്യമുണ്ടാകുന്നത്? വാളയാർ കേസന്വേഷിച്ചു ‘തെളിവു’ ഹാജരാക്കിയ പൊലീസ് ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടറും സമൂഹത്തിന് അപമാനമാണ്. ജോലിയിൽനിന്നു തൽക്കാലം മാറ്റിനിർത്തുകയല്ല, ഇനിയൊരിക്കലും ഈ ജോലി ചെയ്യാൻ അവരെ അനുവദിക്കാതിരിക്കുകയാണു വേണ്ടത്. 

പൊതുസമൂഹത്തിന്റെ ജാഗ്രത കൊണ്ടു മാത്രമേ നീതി നടപ്പാക്കാൻ കഴിയൂ എന്ന അവസ്ഥയിൽ, ജാതി,മത,കക്ഷിരാഷ്ട്രീയ പരിഗണനകളില്ലാതെ നീതിക്കുവേണ്ടി തെരുവിലിറങ്ങുന്ന പൊതുസമൂഹത്തെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അക്രമം അതിരു കടക്കുമ്പോൾ, ജീവിതം അസഹ്യമാകുമ്പോൾ, മറ്റു ലോകരാഷ്ട്രങ്ങളിൽ സംഭവിക്കുന്നതു പോലെയുള്ള തെരുവിലെ പ്രതിഷേധങ്ങൾ കേരളത്തിലെ പൊതുസമൂഹവും ഏറ്റെടുക്കേണ്ടതുണ്ട്. 

English summary: Sara Joseph comments on Walayar rape case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA