sections
MORE

ലോകകേരള നിഷ്കളങ്കത

panachi
SHARE

ആഗോളത്തിൽ വലിയൊരു ഗോളമുണ്ടെങ്കിലും അതു ഗോളാകൃതിയിലൊരു ഗ്രാമം മാത്രമാണെന്ന പുത്തൻ ചിന്ത വന്നപ്പോൾ അപ്പുക്കുട്ടനത്ര വിശ്വാസം വന്നിരുന്നില്ല.എന്നാൽ, കേരളം തന്നെയാണു ലോകമെന്നും അതല്ല, ലോകം കേരളത്തോളം വലുതാണെന്നും തർക്കിച്ചു നമ്മളുണ്ടാക്കിയ ലോക കേരളസഭയുടെ കാര്യമോർത്താൽ ആഗോളഗ്രാമ ചിന്ത ഒരു സുന്ദരഗോളമായി ഉരുണ്ടുതുടങ്ങും.

ഭൂലോകത്തെ കേരളച്ചെപ്പിലൊതുക്കി ഒന്നേമുക്കാൽ വർഷം മുൻപു നാം രൂപംനൽകിയ ലോക കേരളസഭകൊണ്ട് എന്തു പ്രയോജനമുണ്ടായി എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകൾ നമ്മുടെ ആഗോള വീക്ഷണത്തെ ചോദ്യം ചെയ്യുകയാണ്. പ്രവാസികളെ മുൻനിർത്തി നാം നിർമിച്ച ലോക കേരളസഭയുടെ സാർവലൗകിക കാഴ്ചപ്പാട് ജനുവരിയിൽ വരാൻ പോകുന്ന രണ്ടാം സമ്മേളനത്തിന്റെ പരിപാടിരേഖയിൽ ഗോളംപോലെ ഉരുണ്ടുകളിക്കുകയാണിപ്പോൾ.

പ്രവാസികളായ മലയാളികളുടെ അടിയന്തര പ്രശ്നങ്ങളും ആവശ്യങ്ങളും ലോക കേരളസഭ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിൽ നാം തീർച്ചയായും സന്തോഷിക്കണം. പ്രവാസികൾക്കിടയിൽ കഥ, നാടകം, കവിത, ലേഖനം തുടങ്ങിയവയ്ക്കു കടുത്ത ക്ഷാമമുണ്ട് എന്നതാണ് ഒരു പ്രധാന കണ്ടെത്തൽ. അതുകൊണ്ട്, പ്രവാസികൾക്കും മക്കൾക്കുമായി ഇപ്പറഞ്ഞ കാര്യങ്ങളിൽ മത്സരം നടത്താൻ ലോക കേരളസഭയിൽ തീരുമാനമായിട്ടുണ്ട്. പ്രവാസ സാഹിത്യത്തിന്റെ വലിയൊരു സഞ്ചയം അങ്ങനെ രൂപപ്പെടും.

സാഹിത്യം ആസ്വദിച്ചിരിക്കുമ്പോൾ മാനസികോല്ലാസത്തിനു പൂക്കളും ആമാശയോല്ലാസത്തിനു ഭക്ഷണവും നല്ലതാണ്. അതുകൊണ്ട്, തിരുവനന്തപുരത്തു പുഷ്പോത്സവവും ഭക്ഷ്യമേളയും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു കനകക്കുന്നിൽ ഇപ്പോൾത്തന്നെയുള്ള വാർഷിക പുഷ്പമേളയ്ക്കു പുറമേയുള്ള ഈ പുതിയ പുഷ്പമേള പ്രവാസികൾക്കു മാത്രം കാണാൻവേണ്ടിയാണോ എന്നു വ്യക്തമായിട്ടില്ല. മറുനാട്ടിലുള്ളവർ ആ നാടുകളിൽനിന്ന് ഓരോ പൂവുമായി വരണം എന്നു വ്യവസ്ഥയുണ്ടാവുമോ എന്നും നിശ്ചയമില്ല.

തിരുവനന്തപുരത്തെ വാർഷിക പുഷ്പമേള കാണുന്നവർ പ്രവാസി പുഷ്പമേള കാണരുതെന്നു വ്യവസ്ഥ വന്നുകൂടെന്നുമില്ല.ലോകകേരള ഭക്ഷ്യമേളയിൽ പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങൾക്കാവും മുൻഗണന എന്നു വിചാരിക്കാം.പ്രവാസി കുടുംബങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ അവരുടെ കലാമേളകൾ നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. പ്രവാസി കലാതിലകം, പ്രവാസി പ്രതിഭ എന്നിങ്ങനെയുള്ള പട്ടങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞിട്ടില്ലെങ്കിലും ഉണ്ടായിക്കൂടെന്നില്ല.

നിയമസഭാ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ ലോകകേരള സഭാംഗങ്ങൾ ഇപ്പോൾ സത്യം സത്യമായി അദ്ഭുതപ്പെടുകയാണ്. എന്തിനായിരുന്നു സത്യപ്രതിജ്ഞ? എന്തിനായിരുന്നു അംഗത്വം? കല, പൂക്കൾ, ഭക്ഷണം എന്നിവയിലൂടെ ലോകസമാധാനം കൊണ്ടുവരാനാണോ? അതോ ലോകമേ തറവാടെന്നു പാടിനടക്കാനോ? അമ്പമ്പോ, നമ്മുടെ ചെറുമനസ്സിന്റെ ലോകകേരള നിഷ്കളങ്കത!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA