sections
MORE

പ്രശ്നങ്ങൾ ഗോളടിക്കരുത്

Kerala-Blasters-fans
SHARE

ലോകമെങ്ങും ഫുട്ബോൾ മനോഹരമായ കല എന്നതിനൊപ്പം പണം വാരുന്ന ബിസിനസായിക്കൂടി മാറിക്കഴിഞ്ഞു. അപ്പോഴും, ഇന്ത്യ നിറംമങ്ങിയ കൊടികളുമായി കളിക്കളത്തിന്റെ പാർശ്വങ്ങളിലൂടെ ഓടുകയായിരുന്നു. ആരോഗ്യവും കളിമിടുക്കും പ്രതിഭയുടെ അഴകുമുള്ള 11 പേരെ ഇന്ത്യ എന്ന വലിയ രാജ്യത്തിനു കിട്ടാനില്ലേ എന്നമട്ടിൽ ചോദ്യങ്ങളുയർന്ന വർഷങ്ങളായിരുന്നു പുതുനൂറ്റാണ്ടിന്റെ തുടക്കത്തിലേത്. ഇന്ത്യ എന്ന ‘ഉറങ്ങുന്ന ഭീമനെ’ ഉണർത്താൻ നേരമായെന്നു പ്രഖ്യാപിച്ച രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ അതിനായി പല പദ്ധതികളും ആവിഷ്കരിച്ചു. ഏഷ്യൻ ഫുട്ബോൾ കോ‍ൺഫെഡറേഷന്റെ സജീവ സഹകരണവും അവയ്ക്കുണ്ടായി. എന്നിട്ടും, കണക്കുകൂട്ടിയതുപോലൊരു മുന്നേറ്റം ഇന്നാട്ടിൽ ഉണ്ടായില്ല.

മുന്നേറാൻ ഇനിയെന്തു വഴി എന്നാലോചിച്ചിരിക്കുമ്പോഴാണ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) എന്നൊരാശയം ഉയർന്നുവരുന്നത്. അതു പ്രാവർത്തികമായി. ലോകോത്തര താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകൾക്കു വേണ്ടി പന്തു തട്ടാനെത്തി. ബ്രസീലിന്റെ ‘വെളുത്ത പെലെ’ സീക്കോയെപ്പോലുള്ള പരിശീലകരും എത്തി. കളിയാരവം ഉയർന്നു. പതിറ്റാണ്ടുകളുടെ നിശ്ശബ്ദതയ്ക്കു ശേഷം, അതുവരെ ഇന്ത്യയിലെ ഒന്നാം നമ്പർ കളിയരങ്ങ് ആയിരുന്ന ഐ–ലീഗിനെക്കാൾ പ്രഫഷനലിസം കൊണ്ടുവരാനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഫുട്ബോൾ വിപണനം സാധ്യമാക്കാനും ഐഎസ്എല്ലിനു സാധിച്ചു.

കേരളത്തിലുമുണ്ടായി ഐഎസ്എൽ ആരവത്തിന്റെ ഉണർവ്. കൊച്ചി ആസ്ഥാനമായ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അതിന്റെ അടിസ്ഥാനം. ആദ്യത്തെ മൂന്നു വർഷങ്ങളിൽ രണ്ടു തവണ ടീം ഫൈനൽ കളിച്ചു. തോൽവി നേരിയ വ്യത്യാസത്തിൽ ആയിരുന്നു. നാടെങ്ങും ഫുട്ബോൾ കളരികൾക്കു ജീവൻവച്ചു. കലൂർ സ്റ്റേഡിയത്തിൽ മാത്രമല്ല, ബ്ലാസ്റ്റേഴ്സ് കളിച്ച സ്റ്റേഡിയങ്ങളിലെല്ലാം ‘മഞ്ഞപ്പട’ എന്നറിയപ്പെടുന്ന മലയാളിപ്പട ആവേശത്തിന്റെ തിരമാലകളുയർത്തി. ഇന്ത്യൻ ഫുട്ബോളിന്റെ ചക്രവാളത്തിനപ്പുറത്തേക്ക്, ഏഷ്യയിലെ മറ്റു രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കേരളത്തിന്റെ പേരു പരന്നു. ബ്ലാസ്റ്റേഴ്സിന്റെ തട്ടകം എന്ന വിശേഷണത്തോടെ ആയിരുന്നു അത്.

എന്നാൽ, കുറച്ചു ദിവസമായി കേൾക്കുന്നതു നല്ല വാർത്തകളല്ല. ഐഎസ്എൽ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ പ്രതിസന്ധി നേരിടുന്നതായാണു റിപ്പോർട്ടുകൾ. കാശു കൊടുത്തു ടിക്കറ്റെടുത്തവർ സ്റ്റേഡിയത്തിലെത്തുമ്പോൾ അവർക്ക് ഇരിപ്പിടമില്ല. ടിക്കറ്റ് ഇല്ലാത്തവരാകട്ടെ, ഇരുന്നു കളി കാണുന്നു. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതു പൊലീസാണെന്നാണ് ക്ലബ് അധികൃതരുടെ ആരോപണം. വിവിധ സർക്കാർ വകുപ്പുകൾ ഉൾപ്പെടെയുള്ള ഏജൻസികളും പൊലീസും കൂടുതൽ കോംപ്ലിമെന്ററി ടിക്കറ്റുകൾക്കായി സംഘാടകരിൽ സമ്മർദം ചെലുത്തുന്നു എന്നതു രഹസ്യമല്ല. പക്ഷേ, അവരതു നിഷേധിക്കുന്നുണ്ട്. സമ്മർദം ചെലുത്തിയിട്ടല്ല, സംഘാടകർ കോംപ്ലിമെന്ററി പാസുകൾ തന്നുവിടുകയാണെന്നാണ് അവരുടെ വാദം.

എന്തായാലും, കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് മാനേജ്മെന്റിനും ടിക്കറ്റെടുത്തു കളി കാണാനെത്തുന്ന മഞ്ഞപ്പടയെന്ന ‘പന്ത്രണ്ടാമനും’ മനസ്സു മടുത്തിരിക്കുന്നു. ഏഴാം സീസണിൽ കേരളംവിട്ടു പുതിയൊരു വേദിയിലേക്കു മാറിയാലോ എന്നുവരെ ആയിട്ടുണ്ട് ആലോചനകൾ. എക്കാലത്തും ഫുട്ബോളിനെ സ്നേഹിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തിട്ടുള്ള കേരളത്തിന് അഭിമാനിക്കാവുന്ന വിവരങ്ങളല്ല ഇതൊന്നും.

ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിനകത്തു പ്രവേശിപ്പിക്കുന്നതു പൊലീസാണെന്ന ആരോപണം അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടുകഴിഞ്ഞു. കൊച്ചിയിലെ മത്സരനടത്തിപ്പ് കുറ്റമറ്റവിധത്തിൽ ആകണമെന്നും കാണികൾക്കു സൗകര്യമൊരുക്കണമെന്നും കായികമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞിട്ടുണ്ട്. അതിനായി ബന്ധപ്പെട്ടവരുടെ യോഗം അദ്ദേഹം വിളിക്കുന്നുമുണ്ട്. സർക്കാർ ഇടപെടൽ സ്വാഗതാർഹം തന്നെ. അതു വേഗത്തിൽ വേണംതാനും. അടുത്ത ഹോം മാച്ചിനായി ബ്ലാസ്റ്റേഴ്സ് നവംബർ എട്ടിനു ബൂട്ട് കെട്ടുംമുൻപ് ഫുട്ബോളിന്റെ പക്ഷത്തുനിൽക്കുന്ന തീരുമാനങ്ങൾ ഉണ്ടാവണം.

പന്തുകളിക്കുവേണ്ടി എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ലോകത്തിന്റെ മനസ്സിലുള്ള കൊച്ചിയെന്ന വേദിയുടെ പെരുമ മോശമാകാൻ ഇടവരരുത്. മനോഹരമായ ഈ കായികവിനോദം ഇവിടെ തടസ്സങ്ങളില്ലാതെ നടക്കട്ടെ; കളിഭംഗി എങ്ങും പരക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA