ADVERTISEMENT

ഒരു പോസ്റ്റിൽ മാത്രം ഗോളുകൾ പാഞ്ഞുകയറിയ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ടീമുകൾ ഒപ്പത്തിനൊപ്പം പൊരുതുന്ന കളിക്കളമായി കേരള രാഷ്ട്രീയം മാറിയെന്നു മാത്രമല്ല ഉപതിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്.

വടക്കൻ കേരളത്തിലെ സിപിഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും സ്വാധീനമണ്ഡലങ്ങൾ മാറ്റിവച്ചാൽ, ഒരു സീറ്റും ഒരു മുന്നണിക്കും കുത്തകയല്ലെന്ന് പാലായിലെ എൽഡിഎഫിന്റെയും അരൂരിലെ യുഡിഎഫിന്റെയും അട്ടിമറികൾ അടിവരയിട്ടുപറയുന്നു. സംസ്ഥാന രാഷ്ട്രീയം കൂടുതൽ തുറന്ന പോർക്കളമായി മാറുകയാണ്. 

രാജ്യം ഭരിക്കുന്ന ബിജെപിയെ ആരു ചെറുത്തുനിർത്തും എന്നതു കേരളത്തിലെ ബലാബലം നിശ്ചയിക്കുന്ന നിർണായക ഘടകമായി മാറുകയാണെന്നും ഈ ജനവിധി സൂചിപ്പിക്കുന്നു. ഒരു ചെറു രാഷ്ട്രീയകക്ഷിയുടെ കരണംമറിച്ചിലിൽത്തന്നെ കേരളത്തിലെ മാറ്റം വ്യക്തമാകും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ കോന്നിയിലും വട്ടിയൂർക്കാവിലും എൽഡിഎഫിനു പിന്നിലാണ് അണിനിരന്നത്; മഞ്ചേശ്വരത്തു യുഡിഎഫിനൊപ്പവും. ബിജെപി ശക്തമായ ഈ 3 മണ്ഡലങ്ങളിലേ എസ്ഡിപിഐ പരസ്യ നിലപാട് സ്വീകരിച്ചിരുന്നുള്ളൂ.

മൂന്നിടത്തും ബിജെപിയുടെ തോൽവി ഉറപ്പാക്കാൻ കഴിയുന്നവരെ പിന്തുണയ്ക്കുക എന്ന യുക്തിയാണു പാർട്ടി പയറ്റിയത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടത്. 

ബിജെപിക്കു ബദലാണു കോൺഗ്രസ് എന്ന ചിന്ത പൊതുതിരഞ്ഞെടുപ്പിൽ സൃഷ്ടിച്ച ന്യൂനപക്ഷ കേന്ദ്രീകരണം ഉപതിരഞ്ഞെടുപ്പിൽ തുണച്ചില്ലെന്ന് കോന്നിയിലെയും വട്ടിയൂർക്കാവിലെയും പരാജയം അവരെ ബോധ്യപ്പെടുത്തുന്നു. കേരളത്തിൽ തിരിച്ചടിയുണ്ടായ അതേദിവസം തന്നെ ഹരിയാനയിലും മഹാരാഷ്ട്രയിലും നടത്താനായ കുതിപ്പ്, ഭാവിയിൽ നഷ്ടങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയും ജനിപ്പിക്കുന്നു. 

കശ്മീരിൽ വീട്ടുതടങ്കലിലായ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ പ്രതിബന്ധങ്ങൾ മറികടന്നു സന്ദർശിക്കാൻ സീതാറാം യച്ചൂരി മുതിർന്നതും അസം പൗര റജിസ്റ്ററിൽനിന്നു പുറത്തായവരെ സന്ദർശിച്ചു മുസ്‌ലിം ലീഗ് സംഘം ഐക്യദാർഢ്യം പ്രഖ്യാപിച്ചതുമെല്ലാം, ഇങ്ങു കേരളത്തിലും അനുരണനങ്ങളുണ്ടാക്കാമെന്നതാണു സ്ഥിതി.

 വേണം, പട്ടികയ്ക്കു ചെറുപ്പം 

‘ഞാനൊരു അമ്മൂമ്മയാണ്’ എന്ന് ടെലിവിഷൻ ചർച്ചയിൽ അഭിമാനത്തോടെ പറഞ്ഞ ഷാനിമോൾ ഉസ്മാനായിരുന്നു (53) ഈ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. ഷാഫി പറമ്പിൽ, വി.ടി.ബൽറാം, റോജി എം.ജോൺ, കെ.എസ്.ശബരീനാഥൻ തുടങ്ങിയവരുടെ ഗണത്തിലുള്ള ഒരാളെങ്കിലും വേണമെന്നു സംസ്ഥാന നേതൃത്വം ചിന്തിച്ചില്ല.

ആലത്തൂർ എന്ന ഇടതുകോട്ട രമ്യ ഹരിദാസ് പിടിച്ചെടുത്തതിന്റെ കാരണവും അവർ ഓർമിച്ചില്ല. എന്നാൽ, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതു നടപ്പാക്കി. സംസ്ഥാന രാഷ്ട്രീയം കൂടുതൽ ചെറുപ്പമാകേണ്ടതിന്റെ ആവശ്യകത ഈ ജനവിധി വളരെ വ്യക്തമായി ഓർമിപ്പിക്കുന്നു. 

വട്ടിയൂർക്കാവിലെ ബൂത്തുകളിലെ രാഷ്ട്രീയമാറ്റം ശ്രദ്ധിക്കുക. 2016 നിയസഭാ തിരഞ്ഞെടുപ്പ്, 2019 ലോക്സഭാ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ മുന്നണികൾ മുന്നിലെത്തിയ ബൂത്തുകളുടെ എണ്ണം ഇങ്ങനെയാണ്:  എൽഡിഎഫ് – 18, 4, 135, യുഡിഎഫ് – 82, 85, 24, എൻഡിഎ – 47, 79, 9. ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 ബൂത്തിലൊതുങ്ങിയ കൂട്ടത്തകർച്ചയിൽ നിന്നാണ് 135ലും ലീഡ് എന്ന കുതിപ്പ് എൽഡിഎഫ് കൈവരിച്ചത്. 

 ചിട്ടയുടെ മെച്ചങ്ങൾ 

യുവാവായ മേയർ വി.കെ.പ്രശാന്തിന്റെ സ്ഥാനാർഥിത്വം മാത്രമല്ല വട്ടിയൂർക്കാവിൽ ഇടതുമുന്നണിയെ സഹായിച്ചത്. 25 വോട്ടർമാർക്ക് ഒരു പോളിങ് സ്ക്വാഡ് എന്ന കണക്കിൽ വീടുവീടാന്തരം കയറി വോട്ട് ഉറപ്പിക്കാനുള്ള പദ്ധതി സിപിഎം ജില്ലാ കമ്മിറ്റി ഫലപ്രദമായി നടപ്പാക്കി.

പിണറായി വിജയനടക്കം ഒരു പാർട്ടി നേതാവിനും പോസ്റ്ററുകളിലും ബാനറുകളിലും പ്രാധാന്യം നൽകിയില്ല. മറുവശത്ത് മണ്ഡലത്തിനു പുറത്തുള്ളവരുടെ വോട്ട് ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ചുമതല ഏൽപിച്ചിരുന്ന യുഡിഎഫ് നേതാവിനു കയ്യിൽ കിട്ടിയത് ആകെ 600–700 പേരുകളാണ്. അയ്യായിരം പേരുകളുടെ പട്ടിക കയ്യിൽ കിട്ടുമെന്നു വിചാരിച്ചയിടത്താണ് ഈ അന്തരം. 

തരംഗങ്ങൾ ഒഴിഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളുടെയും പ്രവർത്തനത്തിലെ വൻ വ്യത്യാസം കോന്നിയിലും വട്ടിയൂർക്കാവിലും അന്തിമഫലത്തെ കാര്യമായി സ്വാധീനിച്ചു. അരൂരിൽ ഇരുകൂട്ടരും മത്സരിച്ചു പ്രവർത്തിച്ചപ്പോൾ യുഡിഎഫിന് അട്ടിമറി സാധ്യമായി. തമ്മിൽത്തല്ല് കോൺഗ്രസിനെ രണ്ടിടത്തും ചതിച്ചപ്പോൾ ഉൾപ്പാർട്ടിത്തർക്കങ്ങളുടെ കനലുകൾ അരൂരിൽ നീറിനിന്നിരുന്നുവെന്ന് ആലപ്പുഴ സിപിഎമ്മിലെ വാദകോലാഹലങ്ങൾ വ്യക്തമാക്കുന്നു. 

സമുദായസംഘടനകളുടെ പരിധി കടന്നുള്ള ഇടപെടലുകൾ അംഗീകരിക്കില്ലെന്നു വോട്ടർമാർ വ്യക്തമാക്കിയെങ്കിലും മുന്നണികൾ അത് ഉൾക്കൊണ്ടിരുന്നോ എന്നു സന്ദേഹമുണ്ട്. ഓരോ സമുദായത്തിലെയും വോട്ടർമാരെ പിടിക്കാൻ അതേ വിഭാഗത്തിലെ അംഗങ്ങൾ മാത്രമടങ്ങുന്ന സ്ക്വാഡുകളെ നിയോഗിക്കുന്നതിൽ രണ്ടുകൂട്ടരും മടികാട്ടിയില്ല. ‘സ്പെഷൽ സ്ക്വാഡ്’ എന്നായിരുന്നു അതിന് ഇടതുമുന്നണി നൽകിയ ഓമനപ്പേര്. 

വി.കെ.പ്രശാന്ത് കഴക്കൂട്ടത്തുനിന്നു വട്ടിയൂർക്കാവിലേക്കും എം.സി.ഖമറുദ്ദീൻ തൃക്കരിപ്പൂരിൽനിന്നു മഞ്ചേശ്വരത്തേക്കും ഷാനിമോൾ ഉസ്മാൻ ആലപ്പുഴ ടൗണിൽനിന്ന് അരൂരിലേക്കും താമസം മാറ്റുകയാണ്. 2021 ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകൾക്ക് മറ്റ് എംഎൽഎമാർക്കൊപ്പം ഉപതിരഞ്ഞെടുപ്പിലൂടെ വന്ന 6 ‘പുതുമുഖങ്ങൾ’ കൂടി ഒരുങ്ങുന്നു.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com