ADVERTISEMENT

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 7 പേരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. നിലമ്പൂരിൽ 2, വൈത്തിരിയിൽ 1, ഇപ്പോൾ അട്ടപ്പാടിയിൽ 4. ഇവരെല്ലാം മാവോയിസ്റ്റുകളാണെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ ഭരണകൂടം നേരിട്ട് ഉത്തരവാദിയായ മരണങ്ങളുടെ കണക്ക് ഭീതിയുളവാക്കുന്നതാണ്. കേരളത്തിൽ വെറും ട്രാഫിക് കുറ്റത്തിനു പോലും ആളുകൾ കൊല്ലപ്പെടുന്നു. വാഹനപരിശോധനയ്ക്കു ബൈക്ക് നിർത്താതെ പോയ തിരുവനന്തപുരം മാറനല്ലൂരിലെ വിക്രമനെ ‘ചേസി’നിടയിൽ പൊലീസ് കോളറിനു പിടിച്ചപ്പോൾ വണ്ടി പോസ്റ്റിലിടിച്ചു മരിച്ചു. ഇതുപോലെ തന്നെയാണ് ആലപ്പുഴ കഞ്ഞിക്കുഴിയിൽ സുമി, ബിച്ചു എന്നിവർ മരിച്ചത്. 

സദാചാര പൊലീസിങ്ങിന്റെ ബലിമൃഗങ്ങളായിരുന്നു, ഇതരമതത്തിലെ പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്ന തൊടുപുഴയിലെ രാജേഷും ഒരു പെൺകുട്ടിയുമായി വഴിയരികിൽ സംസാരിച്ചു നിന്നിരുന്ന പാവറട്ടിക്കാരൻ വിനായകനും. കസ്റ്റഡിമർദനത്തിന് ഇരയായ ഇവർ താമസിയാതെ ആത്മഹത്യ പെയ്തു. ഇതുകൂടാതെ പൊലീസ് കസ്റ്റഡിയിൽ വച്ചോ പുറത്തോ ആത്മഹത്യ ചെയ്തവർ ചുരുങ്ങിയത് ഏഴു പേരെങ്കിലും കാണും. ഇക്കൂട്ടത്തിൽ, പൊലീസുകാരാണു തന്റെ മരണത്തിനു കാരണം എന്നെഴുതിവച്ച് ജീവനൊടുക്കിയ പാട്ടക്കൃഷികാരൻ അപ്പു നാടാരെ പ്രത്യേകം ഓർക്കണം. ഭൂവുടമയുടെ പരാതിയിലാണ് അപ്പു നാടാർ അറസ്റ്റിലായത്; ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്! ഇതിനു പുറമേയാണു കസ്റ്റഡിമരണങ്ങൾ. അതിലൊന്നാണ്, അറസ്റ്റുപോലും രേഖപ്പെടുത്താതെ കസ്റ്റഡിയിൽ മരിച്ച സേലംകാരൻ കാളിമുത്തു. ഇക്കാലയളവിൽ പൊലീസ് കാരണം ജീവൻ നഷ്ടമായവരുടെ സംഖ്യ, നാമൊരു പരിഷ്കൃതസമൂഹമോ എന്ന സംശയം ഉളവാക്കുന്നു. 

ബ്രിട്ടനിൽ മിലിറ്ററി ഇന്റലിജൻസ് – 5 എന്ന വകുപ്പിലെ ചില ഏജന്റുമാർക്ക് കൊല്ലാനുള്ള അധികാരം അവിടത്തെ സർക്കാർ കൽപിച്ചു നൽകിയിട്ടുണ്ടെന്നാണു പറയുന്നത്. കൽപിത കഥാപാത്രമായ ജയിംസ് ബോണ്ട് അക്കൂട്ടത്തിൽപെട്ടതാണ്. കേരളത്തിൽ ആരെയും കൊല്ലാനുള്ള ലൈസൻസ് ലഭിച്ച പോലെയാണു പൊലീസ്, എക്സൈസ്, വനം തുടങ്ങി യൂണിഫോമുള്ള വകുപ്പുകളിലെ അധികാരികൾ പെരുമാറുന്നത്. അവരുടെ കയ്യിലെ ഏറ്റവും ശക്തമായ ആയുധമാണ് മാവോയിസ്റ്റ് ഭീഷണി നേരിടാനുള്ള കേന്ദ്രനയം. 

മാവോയിസ്റ്റുകളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തെന്നു പറഞ്ഞതു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്. സാമൂഹികമായ ഇടപെടലുകൾക്കു പകരം സായുധമായി അവരെ നേരിട്ട്, ഉന്മൂലനം ചെയ്യുക എന്ന നയം തുടങ്ങിവച്ചത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരവും. തെലങ്കാന തൊട്ട് നക്സൽബാരി വരെ, കമ്യൂണിസ്റ്റ് തീവ്രപക്ഷക്കാർ അവലംബിച്ചതു ജനങ്ങളുടെ പിൻബലത്തോടെ ഭരണകൂടത്തോടു യുദ്ധം ചെയ്യുക എന്നതായിരുന്നു. മാവോയിസ്റ്റുകൾ അതിനു പകരം, കാട്ടിലും മലയിലും തമ്പടിച്ചു സായുധ ഏറ്റുമുട്ടലുകൾക്ക് ഊന്നൽ നൽകി. ഭയം കാരണമോ വികസനമുരടിപ്പു കാരണമോ അവർക്കു ലഭിക്കുന്നത് ആദിവാസികൾ തുടങ്ങിയ അരികുപറ്റി ജീവിക്കുന്നവരുടെ പിന്തുണയാണ്. ഇതെല്ലാം സർക്കാരിന് മാവോയിസ്റ്റുകളെ തികച്ചും സൈനികമായി നേരിടുന്നതിനു ന്യായീകരണം നൽകി. 

മറുവശത്ത് മാവോയിസ്റ്റുകൾ കഴിഞ്ഞ 20 വർഷങ്ങളിലായി പതിനേഴായിരത്തോളം ആളുകളെ വധിച്ചുവെന്നാണു കണക്ക്. സങ്കീർണമായ, പല വശങ്ങളുള്ള ഈ പ്രശ്നത്തിൽ നിയമവാഴ്ച ഉയർത്തിപ്പിടിക്കുക എന്ന പരമമായ ലക്ഷ്യത്തിലൂന്നിയതാണ്, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി. അതനുസരിച്ച് അത്തരം സംഭവങ്ങൾ ജില്ലാ കലക്ടറുടെ കീഴിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അന്വേഷിക്കണം; റിപ്പോർട്ട് ജുഡീഷ്യൽ കോടതിയിൽ സമർപ്പിക്കണം. ആ കോടതിയുടെ നിർദേശങ്ങളനുസരിച്ചു വേണം തുടർനടപടികൾ. ഏറ്റുമുട്ടലുകൾ വ്യാജമാണോ എന്നറിയാനുള്ള വഴിയാണു സുപ്രീംകോടതി തുറന്നിട്ടുള്ളത്. കേരളത്തിൽ നടന്ന ഒരു ഏറ്റുമുട്ടൽ കൊലപാതകത്തിലും ഈ വിധി നടപ്പാക്കിയിട്ടില്ല. കാഞ്ചി വലിക്കാൻ അമിതോത്സാഹം കാണിക്കുന്ന പൊലീസ് സേന കേരളത്തിനു ഭൂഷണമല്ല. അട്ടപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിന്റെ കാര്യത്തിൽ സുപ്രീം കോടതി നിർദേശിച്ചിട്ടുള്ള അന്വേഷണ പദ്ധതി നടപ്പാക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസിന്റെ പ്രാദേശിക പാഠം

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലം കുറച്ച് അപ്രതീക്ഷിതമായിരുന്നു. മഹാരാഷ്ട്രയിൽ വിജയിച്ചതും ഹരിയാനയിൽ ഏറ്റവും വലിയ കക്ഷിയായതും ബിജെപി തന്നെയാണെങ്കിലും, എക്സിറ്റ്പോളുകളിൽ അവർ കാണിച്ച മികവ് അന്തിമഫലത്തിൽ പ്രതിഫലിച്ചില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ടു തറപറ്റിയ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പുകൾ പുതിയ വഴികൾ തുറന്നിടുന്നുണ്ടോ? ആദ്യമായി കോൺഗ്രസ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ എന്തു ശരികളാണു ചെയ്തതെന്നു പരിശോധിക്കാം. അറിഞ്ഞുകൊണ്ടോ അല്ലാതെയോ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം കാര്യമായി ഇവിടങ്ങളിൽ ചിത്രത്തിലില്ലായിരുന്നു. പകരം, മഹാരാഷ്ട്രയിൽ എൻസിപി - കോൺഗ്രസ് സഖ്യത്തെ നയിച്ചത് എൻസിപി നേതാവ് ശരദ് പവാറായിരുന്നു. ബാലാസാഹെബ് തൊറാട്ട്, പൃഥ്വിരാജ് ചവാൻ തുടങ്ങിയ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പവാറിനെ പിന്തുണച്ചു. വയോധികനായ നേതാവിന്റെ അവസാന അങ്കമായാണ് പലരും ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. ഫലം, പവാറിന്റെ സ്വാധീന മേഖലകളായ പടിഞ്ഞാറൻ മഹാരാഷ്ട്രയിലും മറ്റും സഖ്യത്തിനു കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞു. 

ഹരിയാനയിൽ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസിനകത്തെ പൊട്ടിത്തെറികൾക്കു വിരാമമിട്ട് സംസ്ഥാന ഘടകത്തിന്റെ നേതാവായി ഭൂപീന്ദർ സിങ് ഹൂഡയെ നിയോഗിച്ചതൊഴിച്ചാൽ കേന്ദ്രനേതൃത്വം തിരഞ്ഞെടുപ്പിൽ കാര്യമായി ഇടപെട്ടില്ല. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ജാട്ട് വിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ട്, സ്വസമുദായമായ ജാട്ടുകളുടെ വോട്ടുകൾ ഹൂഡ തേടി. ജാതിരാഷ്ട്രീയത്തിനപ്പുറം മറ്റു സമുദായങ്ങളുടെയും പിന്തുണ തേടുന്നതിൽ അദ്ദേഹം വിജയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ജെജെപിയുടെയും മുന്നേറ്റം ഹരിയാനയിൽ ബിജെപിക്കു കേവല ഭൂരിപക്ഷം നിഷേധിച്ചു. 

ഇതു കോൺഗ്രസിനു നൽകുന്ന പാഠം, അതിന്റെ ശക്തി പ്രാദേശിക നേതൃത്വമാണെന്നാണ്. ശക്തരായ പ്രാദേശിക നേതാക്കളെ ഹൈക്കമാൻഡ് തുരങ്കം വയ്ക്കുന്നതു കൊണ്ടോ, സംസ്ഥാനത്തെ പടലപിണക്കങ്ങളിൽ അവരെ പിന്തുണയ്ക്കാത്തതു കൊണ്ടോ ആണ് കോൺഗ്രസ് ക്ഷയിച്ചത്. മമത ബാനർജി, ശരദ് പവാർ, ജഗൻമോഹൻ റെഡ്ഡി... ഉദാഹരണങ്ങൾ ഒട്ടേറെ. ഒരുപക്ഷേ, കോൺഗ്രസിന്റെ പുനർജീവനത്തിലേക്കുള്ള പാതയാണ് മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകൾ അവിചാരിതമായി തുറന്നിടുന്നത്.

സ്കോർപ്പിയൺ കിക്ക്: ഇടുക്കിയിലെ കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിൽ ഓടിയതിനാലാണു 34 ടയറുകൾ മൂന്നര വർഷത്തിനിടയിൽ മാറ്റേണ്ടി വന്നതെന്ന് മന്ത്രി 

എം. എം.മണി ഈ കാലമൊന്നും നേർവഴി സഞ്ചരിച്ചിട്ടില്ലെന്നാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com