ADVERTISEMENT

ദേശീയപാതയുടെ നിർമാണം പുനരാരംഭിക്കാത്തതിലും കുതിരാനിലെ കുഴികൾ അടയ്ക്കാത്തതിലും പ്രതിഷേധിച്ചു ടി.എൻ.പ്രതാപൻ എംപിയും രമ്യ ഹരിദാസ് എംപിയും ഒരു‌ദിവസം മുഴുവൻ നിരാഹാര സമരം നടത്തി. കോൺഗ്രസിന്റെ അലിഖിത തിട്ടൂരമനുസരിച്ച്, ജാഥയും മറ്റുമാണെങ്കിൽ ജാഥാ ക്യാപ്റ്റനെ മാത്രമാണു ത്രിവർണ ഷാൾ അണിയിക്കുക. ബാക്കിയുള്ളവർക്കു പങ്കെടുക്കാം.

എന്നാൽ, ഷാൾ കിട്ടില്ല. ഇവിടെ നിരാഹാരസമരത്തിനു നേതൃത്വം കൊടുത്ത എംപിമാരെ അണികൾ ഷാൾ അണിയിച്ചു. കുറെനേരം കഴിഞ്ഞപ്പോൾ ദാ കിടക്കുന്നു, സമരത്തിൽ പങ്കെടുത്ത അഞ്ചുപേരുടെ കൂടി കഴുത്തിൽ നല്ല തിളങ്ങുന്ന ത്രിവർണ ഷാൾ. ഷാളുകൾ പ്രവർത്തകർ അണിയിച്ചതല്ല താനും. 

ഷാളിന്റെ തുമ്പുപിടിച്ചൊന്ന് അന്വേഷിച്ചപ്പോഴാണു സംഗതി പിടികിട്ടിയത്. ഒല്ലൂർ മണ്ഡലത്തിലൂടെയാണ് ഈ കുതിരാൻ റോഡ് വളഞ്ഞുപുളഞ്ഞു പോകുന്നത്. ഒരുവർഷം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പു വരികയല്ലേ. സ്ഥാനാർഥിത്വത്തിലേക്ക് കണ്ണുവയ്ക്കുമ്പോൾ കഴുത്തിലൊരു ഷാൾ കിടക്കുന്നതിൽ കുറ്റംപറയാൻ പറ്റുമോ? അഞ്ചിൽ ആരെയാണു ഷാൾ തുണയ്ക്കുകയെന്നു കണ്ടറിയണം! 

അരൂരിലെ ഫ്ലെക്സ് പുകിൽ

മുൻതലമുറ പാകിയ വിത്തിന്റെ വിളവ് പിന്നാലെ വരുന്നവരെടുക്കും. പണ്ടേയുള്ളതാണ്. പക്ഷേ, വിളവെടുക്കുമ്പോൾ പുതിയവർക്ക് അഭിവാദ്യമർപ്പിച്ചു ഫ്ലെക്സ് വയ്ക്കുകയും കൂടി ചെയ്യുന്ന കാഴ്ച അരൂരിലുണ്ട്. പ്രാദേശികമായ ചില ആവേശങ്ങൾ, അത്ര തന്നെ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മാറിയതോടെ പലയിടത്തും മരാമത്തു പണികൾ തുടങ്ങിയതോടെയാണു പുതിയ എംഎൽഎയെ വാഴ്ത്തി ചില ബോർഡുകൾ അവിടെയെല്ലാം ഉയർന്നത്.

മുൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിക്കുന്ന പണികളുമുണ്ടുപോലും കൂട്ടത്തിൽ. പണി നടക്കുന്നില്ലെന്ന് എതിരാളികൾക്കു പറയാനും വയ്യ. സ്വന്തം സർക്കാരല്ലേ? പിന്നെ ചെയ്യാവുന്നത്, ഫ്ലെക്സിനെ പഴിക്കുക മാത്രം.‘നാണമില്ലേ’ എന്നു ചോദിച്ചു ചില സമൂഹമാധ്യമ കുറിപ്പുകൾ വന്നുതുടങ്ങിയതോടെ അഭിവാദ്യങ്ങൾ ഒന്നൊന്നായി മടങ്ങിപ്പോയിട്ടുണ്ട്.

മുർമുവിനു പറ്റിയ പറ്റ് 

ബിജെപി എംപിമാർ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ നിരന്തരം ഉദ്ബോധിപ്പിക്കുന്നതാണ്. സിപിഎം വിട്ടു ബിജെപിയിലേക്കു വന്ന ബംഗാളിലെ ഖഗൻ മുർമു സാങ്കേതിക പരിജ്ഞാനം പരീക്ഷിച്ചപ്പോൾ ധനനഷ്ടമാണുണ്ടായത്. ദീപാവലിക്ക് മുർമു ഓൺലൈൻ വ്യാപാര സൈറ്റിൽനിന്ന് 12,000 രൂപയുടെ ഫോൺ വാങ്ങി. പാർട്ടി മാറിയപ്പോൾ പ്രത്യയശാസ്ത്ര ഭാരം കുറഞ്ഞതുകൊണ്ട് ഫോണിന് അൽപം ഗമയാകാമെന്നു കരുതിയല്ല, ആർക്കോ സമ്മാനം കൊടുക്കാനാണു വാങ്ങിയത്. 

ദീപാവലിക്കു 2 ദിവസം മുൻപ് ഫോണെത്തി. പെട്ടി പൊട്ടിച്ചപ്പോൾ കണ്ടത് ഫോണിന്റെ അതേ വലുപ്പത്തിലും രൂപത്തിലുമുള്ള 2 കരിങ്കൽക്കഷണങ്ങൾ! ഫോൺ വിതരണം ചെയ്ത കമ്പനിയിൽ എംപിയോടാണോ കളി എന്ന മട്ടിൽ ചോദിച്ചപ്പോൾ അവർ ഫോണിലൂടെ കാലുപിടിച്ചു. ബാങ്ക് അക്കൗണ്ട് തന്നാൽ പണം തിരികെ ഇടാമെന്നു പറഞ്ഞു. ഇനി അതിലെ കാശുകൂടി അടിച്ചെടുത്താലോ എന്നു പേടിച്ച് മുർമു, മമതാ ബാനർജിയുടെ പൊലീസിനു പരാതി കൊടുത്തിരിക്കുകയാണ്. 

police

ആദരിക്കാമെന്നു വച്ചാൽ...

കൊച്ചി സിറ്റി പൊലീസ് പരിധിയിലെ മികച്ച ഉദ്യോഗസ്ഥരെ ആദരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഒരു ജ്വല്ലറി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഒരു ഗ്രാം സ്വർണ മെഡലും മെമന്റോയും നൽകാനായിരുന്നു പദ്ധതി. 

സ്വകാര്യ സ്ഥാപനങ്ങളുമായി നേരിട്ടു സഹകരിക്കുന്നതു പ്രശ്നമാകുമെന്നു കണ്ട് പൊലീസുകാർ, ജ്വല്ലറിക്കാരെ ഒരു ഉന്നത ഉദ്യോഗസ്ഥനു മുന്നിലെത്തിച്ചു. സ്വർണമെഡലൊന്നും ആർക്കും നൽകേണ്ടെന്നും 10 ലക്ഷം രൂപ തന്റെ ‘പ്രൈവറ്റ് സ്റ്റേഷൻ ഫണ്ടി’ലേക്കു നൽകിയാൽ മതിയെന്നുമായി ആ ഉന്നതോദ്യോഗസ്ഥൻ. 

മാത്രമല്ല, സാദാ പൊലീസുകാരെ ആദരിക്കേണ്ടെന്നും താൻ നിർദേശിക്കുന്ന ഓഫിസർമാരെ ആദരിച്ചാൽ മതിയെന്നും അദ്ദേഹം ജ്വല്ലറിക്കാരോടു പറഞ്ഞത്രെ. ആശയക്കുഴപ്പത്തിലായ ജ്വല്ലറിക്കാർ, ആദരിക്കൽ പരിപാടി തൽക്കാലം മാറ്റിയതായാണു കേൾക്കുന്നത്. 

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ, സാക്കിർ ഹുസൈൻ, രാജീവ് മേനോൻ, കെ. ജയപ്രകാശ് ബാബു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com