sections
MORE

കർഷകർ പറയുന്നു: പരിഹസിക്കല്ലേ സാറേ..

farmer
SHARE

വിളനാശം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തോടു താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ നഷ്ടപരിഹാരമാണു കർഷകർക്കു ലഭിക്കുന്നത്. ജീവിതച്ചെലവുമായോ വിലനിലവാരവുമായോ ബന്ധമില്ലാത്തതും യാഥാർഥ്യത്തിൽനിന്ന് ഏറെ അകന്നുനിൽക്കുന്നതുമായ ഈ നക്കാപ്പിച്ച തന്നെ വാങ്ങിയെടുക്കാൻ കർഷകർ സഹിക്കേണ്ട യാതന ചില്ലറയല്ല.

ഈ ലളിതമായ കണക്കിൽ കർഷകനോടുള്ള ഭരണകൂടത്തിന്റെ ആ ‘പരിഹാസ’ മനഃസ്ഥിതി തെളിഞ്ഞുകാണാം. നാലു മാസത്തിലൊരിക്കൽ 80 തേങ്ങയെങ്കിലും കിട്ടുന്ന തെങ്ങിൽനിന്നുള്ള വാർഷികവരുമാനം ഏകദേശം 3000 രൂപയെന്നു കണക്കാക്കാം. 80 വർഷം വരെ ആയുസ്സുള്ള തെങ്ങിൽനിന്ന് ആകെ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനം 2 ലക്ഷം രൂപ. കുലച്ച ഒരു തെങ്ങിനു ലഭിക്കുന്ന നഷ്ടപരിഹാരമാകട്ടെ വെറും 700 രൂപ. ഒരു ഹെക്ടർ സ്ഥലത്തു നെൽക്കൃഷി നടത്താൻ ഏകദേശ ചെലവ് 77,000 രൂപ. നഷ്ടപരിഹാരമാകട്ടെ 13,500 രൂപ! ആരെയാണു നമ്മൾ പറ്റിക്കാൻ ശ്രമിക്കുന്നത്?

graph

കർഷകനാണോ, പോയി പിന്നെ വരൂ

കർഷകർക്ക് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുവെന്നു സർക്കാർ പറയുന്നു. എന്നാൽ, ഇതു നേടിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ കർഷകർക്കു മാത്രമേ അറിയൂ. പലതവണ കൃഷി ഓഫിസിലും വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും കയറിയിറങ്ങിയാലാണ് ഇവ നടത്തിക്കിട്ടുക. തോട്ടത്തിലെയും പാടത്തെയും പണി ഒഴിവാക്കിയിട്ടു വേണം ഇതിനു വേണ്ടി ഓടിനടക്കാൻ. ഉദാ: വിള ഇൻഷുറൻസ് വലിയ അനുഗ്രഹമാണ്. എന്നാൽ, ഇൻഷുറൻസ് എടുക്കാനുള്ള പ്രയാസം അറിയുക

സ്റ്റെപ്–1: വിള ഇൻഷുറൻസിനുളള അപേക്ഷ കൃഷിഭവനിൽനിന്നു വാങ്ങണം.

സ്റ്റെപ് 2: വില്ലേജ് ഓഫിസിൽനിന്നു കൈവശ സർട്ടിഫിക്കറ്റ്, നികുതി രസീത് ഉൾപ്പെടെയുള്ള രേഖകൾ (അക്ഷയ സെന്ററിലും വില്ലേജ് ഓഫിസിലുമൊക്കെ പോകേണ്ടിവരും).

സ്റ്റെപ് 3: ബാങ്കിൽ ചെന്ന് അക്കൗണ്ട് രേഖകൾ ശരിയാക്കണം.

സ്റ്റെപ് 4: കൃഷിഭവനിൽ അനുവദിച്ച സമയത്ത് അപേക്ഷ കൊടുത്തില്ലെങ്കിൽ മുകളിലെ ഓഫിസുകളിൽ അപേക്ഷ കർഷകൻ എത്തിക്കണം.

സ്റ്റെപ് 5: നഷ്ടം സംഭവിച്ചാൽ കൃഷി ഓഫിസർ പരിശോധിക്കണം. തുക കൂടുന്തോറും പരിശോധിക്കാൻ അസി.ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എന്നിങ്ങനെയുള്ളവർ വരണം. 

സ്റ്റെപ് 6: തുക പാസായി വന്നാലും കയ്യിൽകിട്ടാൻ നൂലാമാലകൾ പലത്. 

അപേക്ഷിച്ച് അപേക്ഷിച്ച്...

എല്ലാം ഏകജാലകം ആണെന്നു പറയും. പക്ഷേ, കർഷകന് എന്തെങ്കിലും ലഭിക്കണമെങ്കിൽ അപേക്ഷകൾ സമർപ്പിച്ചു മടുക്കും. നെൽക്കർഷകർക്ക് ഉൽപാദക ബോണസ്, ഉഴവുകൂലി, ഉൽപാദനോപാധികൾ തുടങ്ങി ഒട്ടേറെ സഹായ പദ്ധതികളുണ്ട്. എന്നാൽ, ഓരോ സഹായം കിട്ടാനും കർഷകർ വെവ്വേറെ അപേക്ഷ നൽകണം.

graph1

സമയത്തു കൊടുക്കില്ല

വിത്ത് വേണ്ടസമയത്തു കൊടുക്കില്ല. കടം വാങ്ങി വിത്തുവാങ്ങിയ ശേഷമാകും വിത്തു നൽകുക. സർക്കാരിൽനിന്നു ലഭിക്കുന്ന എല്ലാ സഹായവും കതിരിൽ വളം വയ്ക്കുന്നതുപോലെയാണ്. സമയം വൈകി കിട്ടുന്ന ഓരോ സഹായവും ലഭിക്കാതിരിക്കുന്നതിനു തുല്യമാണ്.

ഉദാ: നെല്ലുസംഭരണത്തെക്കുറിച്ചു സർക്കാർ ചർച്ച ചെയ്യുന്നത് കർഷകർ ഒന്നാം വിള കൊയ്ത്തു തുടങ്ങിയ ശേഷമാണ്. കൊയ്ത്തു തുടങ്ങിയതിനാ‍ൽ തങ്ങളുടെ ആവശ്യങ്ങൾക്കു മുന്നിൽ സർക്കാർ കീഴടങ്ങുമെന്ന് ഉറപ്പായതിനാൽ മില്ലുടമകൾ അനാവശ്യ നിബന്ധനകൾ വയ്ക്കും. സംഭരണം വൈകും. ഇതോടെ കുറഞ്ഞ വിലയ്ക്കു നെല്ല് വിറ്റ് ഒഴിവാക്കേണ്ട ഗതികേടിലാകും കർഷകർ. ഈ വർഷം 30 ശതമാനത്തോളം കൊയ്ത്തും പൂർത്തിയായ ശേഷമാണ് സർക്കാർ നെല്ലുസംഭരണം ആരംഭിച്ചത്. കിലോഗ്രാമിന് 26.95 രൂപയ്ക്കു സർക്കാർ നെല്ല് എടുക്കുമ്പോഴാണ് പല കർഷകരും നേരത്തേ 10 മുതൽ 15 രൂപ വരെ വിലയ്ക്കു നെല്ലു വിറ്റത്.

കുടുക്കിടുന്ന നിബന്ധനകൾ

ഇഞ്ചി, ഏലം, മരച്ചീനി തുടങ്ങിയ വിളകൾക്ക് ഇൻഷുർ ചെയ്ത വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും നാശനഷ്ടമുണ്ടായാലേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന വിളനാശത്തിനു മാത്രമാണു കൃഷിവകുപ്പ് നേരിട്ടു നഷ്ടപരിഹാരം നൽകുക.

വന്യമൃഗശല്യത്തിൽ നശിച്ച വിളകൾക്കു കൃഷിവകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കണമെങ്കിലും ഇൻഷുറൻസ് ആണു മാനദണ്ഡം. മതിയായ റവന്യു രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇതുപോലും ലഭിക്കില്ലെന്നതാണു പാട്ടക്കൃഷി നടത്തുന്നവർ നേരിടുന്ന പ്രതിസന്ധി. കൃഷി ചെയ്യുന്ന ഭൂമിയാണെന്നുള്ള സർട്ടിഫിക്കറ്റ് പിന്നീട് കൈവശരേഖയായി ഉപയോഗിച്ചേക്കുമെന്ന ന്യായം പറഞ്ഞ് റവന്യു ഉദ്യോഗസ്ഥർ കർഷകരെ മടക്കി അയയ്ക്കുകയാണു പതിവ്. 

നിന്റെ വിള, എന്റെ വില

ഒരു ഗ്ലാസ് ചായയുടെ വില തീരുമാനിക്കുന്നത് വിൽക്കുന്നയാളാണ്. എന്നാൽ, കൃഷിയിൽ തന്റെ ഉൽപന്നത്തിന്റെ വില തീരുമാനിക്കാനുള്ള അധികാരം കർഷകനില്ല. മറ്റുള്ളവർ നിശ്ചയിച്ച വിലയ്ക്കു വിറ്റൊഴിവാക്കുകയേ രക്ഷയുള്ളൂ. വാഴക്കുലയ്ക്കു കിലോയ്ക്ക് 30 രൂപ ഉണ്ടെങ്കിൽ കർഷകൻ കൊണ്ടുപോകുന്ന പകുതി കായയ്ക്കുപോലും ഈ വില ലഭിക്കില്ല. രണ്ടും മൂന്നും നാലും ഗ്രേഡ് ആക്കിയാണ് ഇടനിലക്കാർ വിലയിടുക. കാര്യമായ വിഹിതം പ്രത്യേകിച്ച് അധ്വാനമൊന്നും ഇല്ലാതെ ഏജന്റുമാർ കൈവശപ്പെടുത്തും.  

താമര ഒരു കൃഷിയല്ല!

മലപ്പുറം തിരുനാവായയിൽ മമ്മിളയത്ത് അരവിന്ദന്റെ നേതൃത്വത്തിലുള്ള താമരക്കൃഷിയിടത്തിൽ ഇപ്പോൾ വിടർന്നു നിൽക്കുന്നതു നഷ്ടപ്പൂക്കൾ. രണ്ടു പ്രളയം കടന്നപ്പോൾ 40 ഏക്കർ വരുന്ന താമരക്കൃഷി തണ്ടൊടിഞ്ഞ അവസ്ഥയിലായി. 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഓഗസ്റ്റിലുണ്ടായ പ്രളയത്തെത്തുടർന്ന് താമരപ്പാടത്തു വന്നടിഞ്ഞ ചണ്ടിയും പായലും ഏറെ പണം മുടക്കി നീക്കം ചെയ്തപ്പോഴാണ് തുലാമഴ തകർത്തു പെയ്തത്. താമരപ്പാടം വീണ്ടും പഴയ അവസ്ഥയിലായി. താമരവള്ളികളെല്ലാം ചീഞ്ഞു. 

തിരുനാവായ, വലിയ പറപ്പൂർ, മാണൂർ, പല്ലാട്ട് കായൽ എന്നിവിടങ്ങളിലായി എഴുപതോളം കുടുംബങ്ങൾക്കു താമരക്കൃഷിയാണു ജീവിതമാർഗം. പക്ഷേ, പ്രളയത്തെക്കാളേറെ ഇവരെ ചതിച്ചത് സർക്കാരാണെന്നു പറയാം. കൃഷിവിളകളുടെ കൂട്ടത്തിൽ താമര പെടുന്നില്ല. അതുകൊണ്ടു നഷ്ടപരിഹാരമില്ല. സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലേക്കും പ്രാർഥനാപുഷ്പങ്ങൾ അയയ്ക്കുന്നവരാണ് ഈ കർഷകർ. പക്ഷേ, നഷ്ടപരിഹാരവും കൃഷി തുടരാനുള്ള സഹായവും ചെയ്യേണ്ട ‘സർക്കാർ ദൈവങ്ങൾ’ ഇതുവരെ ഇവരുടെ മണ്ണിലേക്കിറങ്ങി വന്നിട്ടില്ല.

ആർസിഇപി ആശങ്ക

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) നടപ്പായാൽ കൂടുതൽ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണു കർഷകർ. കരാറിന്റെ ഭാഗമായുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി തേയില, കാപ്പി, കുരുമുളക് കർഷകരെ ദോഷകരമായി ബാധിക്കും. കരാറിന്റെ ഭാഗമായി കൃഷിയുൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതോടെ വിപണിയിലേക്കു മറ്റു രാജ്യങ്ങളിൽനിന്ന് ഉൽപന്നങ്ങൾ നിയന്ത്രണങ്ങളില്ലാതെയെത്തും. ഇതോടെ തനതു വിഭവങ്ങൾക്കു വിപണിമൂല്യം നഷ്ടമാകും. വിലത്തകർച്ച കൃഷിമേഖലയുടെ നട്ടെല്ലൊടിക്കും. 

കരാ‍ർ നടപ്പായാൽ ന്യൂസീലൻഡിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും പാലും പാലുൽപന്നങ്ങളും ഇറക്കുമതി ചെയ്യും. ഇത് നിലവിൽ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകുന്ന സംസ്ഥാനത്തെ ക്ഷീരമേഖലയെ തകർക്കുമെന്നതാണു മറ്റൊരു ആശങ്ക. പാലുൽപന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം എടുത്തുകളയുന്നതിലൂടെ വിദേശകമ്പനികളുടെ പാൽപ്പൊടിയും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും ഇവിടേക്കു കൂടുതലായെത്തും. ഇതു ചെറുകിട കർഷകരെയും ക്ഷീരസംഘങ്ങളെയും പ്രതിസന്ധിയിലാക്കും. പാൽവിപണിയിൽ സർക്കാരിനും സഹകരണ മേഖലയ്ക്കുമുള്ള നിയന്ത്രണം ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്.

ravi
ഇ.ആർ.രവി അയ്യപ്പൻകോവിൽ ചേമ്പളത്തെ കുരുമുളക് കൃഷിയിടത്തിൽ.

മടുത്തു, മതിയായി
∙ ഇ.ആർ.രവി, കർഷകൻ

‘‘മൂന്നര ഏക്കർ സ്ഥലത്താണു കൃഷി ചെയ്യുന്നത്. തുടക്കത്തിൽ പാവലും പയറും ഉൾപ്പെടെ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്തിരുന്നു. നഷ്ടത്തെത്തുടർന്ന് 2010ൽ കുരുമുളകു കൃഷിയിലേക്കു തിരിഞ്ഞു. ഇതോടൊപ്പം ഏലം, കൊക്കോ എന്നിവയും കൃഷി ചെയ്യുന്നു. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നു. 2 വർഷം മുൻപു വരെ കിലോഗ്രാമിന് 600 രൂപ വരെ ഉണ്ടായിരുന്ന കുരുമുളകുവില കുത്തനെ 200–230 രൂപയിലേക്കു താഴ്ന്നതു വൻ തിരിച്ചടിയായി. കുരുമുളകു കൃഷിക്ക് അധ്വാനഭാരവും ഉൽപാദനച്ചെലവും കൂടുതലാണ്. പക്ഷേ, മുതൽമുടക്കുന്നതിന്റെ പകുതി പോലും തിരിച്ചു കിട്ടുന്നില്ല. ഓരോ ദിവസവും കുരുമുളകു വില ഇടിയുന്ന സാഹചര്യത്തിൽ, കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗമില്ല.’’

anish
കെ.വി. അനീഷ്കുമാർ കട്ടപ്പന കോവിൽമലയിലെ ഏലത്തോട്ടത്തിൽ.

ജീവിക്കണ്ടേ...
∙ കെ.വി. അനീഷ്കുമാർ, കർഷകൻ
‘‘പഠിച്ചതു സാമ്പത്തികശാസ്ത്രം. പക്ഷേ, കൃഷിയുടെ സാമ്പത്തികശാസ്ത്രത്തിൽ പിഴച്ചു. കൃഷി ചെയ്തപ്പോൾ ജീവിതത്തിലെ ബാലൻസ് ഷീറ്റിൽ തെളിഞ്ഞതു കടങ്ങളുടെ കൂമ്പാരം മാത്രം. കൃഷിയും പഠനവും ഒരുമിച്ചായിരുന്നു. കട്ടപ്പന ഗവ.കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. തുടർപഠനത്തിനു കാശില്ലായിരുന്നു. 8 വർഷക്കാലം കൊച്ചിയിലെ ഹോട്ടലുകളിൽ ജോലിചെയ്തു. 2008 മുതൽ പൂർണമായി കൃഷിയിലേക്കിറങ്ങി. പാട്ടത്തിനെടുത്ത 2 ഏക്കറിൽ പയർ, പാവൽ, ഏത്തവാഴ എന്നിവ കൃഷി ചെയ്തു. ലാഭകരമായിരുന്നില്ല.
പച്ചക്കറിക്കൃഷി നഷ്ടമായതോടെ ഏലം കൃഷിക്കാണു കൂടുതൽ പ്രാധാന്യം നൽകിയത്. എന്നാൽ, കൃഷി ചതിച്ചു. ഉൽപാദനം കുറഞ്ഞതും രോഗങ്ങൾ ബാധിച്ചതും വൻ നഷ്ടമുണ്ടാക്കി. കാലാവസ്ഥാവ്യതിയാനമാണു തിരിച്ചടിയായത്. ഏലത്തിന് ഇപ്പോൾ വിലയുണ്ടെങ്കിലും ഉൽപാദനം വളരെ കുറവാണ്. പച്ചക്കറിക്കൃഷിക്കായി 3 വായ്പകൾ എടുത്തിട്ടുണ്ട്. ഇവ എങ്ങനെ തിരിച്ചടയ്ക്കും എന്നറിയില്ല. കൃഷിയുപേക്ഷിക്കാൻ വയ്യാത്തതിനാൽ നഷ്ടം സഹിച്ചും മുന്നോട്ടു പോകുന്നു. ജീവിക്കണ്ടേ’’.

തയാറാക്കിയത്: ആർ. കൃഷ്ണരാജ്, മനോജ് മാത്യു, രമേഷ് എഴുത്തച്ഛൻ, വി.ആർ. പ്രതാപ്, എസ്.വി. രാജേഷ്, എൻ.പി.സി. രംജിത്, എം.എ. അനൂജ്, ഷിന്റോ ജോസഫ്, സജേഷ് കരണാട്ടുകര.

സങ്കലനം: അജീഷ് മുരളീധരൻ

നാളെ: ഇരുൾവഴിയിലെ പ്രകാശബിന്ദുക്കൾ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA