sections
MORE

ശ്വാസം മുട്ടുന്ന ഡൽഹി

HIGHLIGHTS
  • വായുമലിനീകരണത്തിൽ കേരളത്തിനുമുള്ള പാഠം
Air pollution Delhi
SHARE

ഒരു ഗ്യാസ് ചേംബറിനുള്ളിൽ ശ്വാസം മുട്ടുകയാണ് ഇപ്പോൾ ഡൽഹി. തലസ്ഥാനത്തെ 1.8 കോടി ജനങ്ങളുടെ ജീവവായുവിലാകെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നതു രാജ്യത്തിന്റെ മുഴുവൻ ആകുലതയായി മാറിക്കഴിഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽവരെ എത്തിനിൽക്കുകയാണു കാര്യങ്ങൾ. ഒരുകാലത്ത് സൗന്ദര്യത്തിനൊപ്പം അന്തരീക്ഷശുദ്ധിക്കും പേരെടുത്ത ഡൽഹി നഗരം ഇപ്പോൾ ശ്വസിക്കാൻ ശുദ്ധവായുവില്ലാതെ ശ്വാസംമുട്ടുമ്പോൾ അതിൽ കേരളത്തിനടക്കമുള്ള പാഠങ്ങൾ കൂടിയുണ്ട്.

രാക്ഷസാകാരം പൂണ്ട മലിനീകരണം വിവിധ തലങ്ങളിൽ നഗരജീവിതത്തെ താറുമാറാക്കിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കാർഷികവിള അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ പുകയും വാഹനങ്ങളുടെ പുകയുമാണു ഡൽഹി നഗരാന്തരീക്ഷത്തെ ഈ കഷ്ടസാഹചര്യത്തിൽ എത്തിച്ചത്. നിയന്ത്രണമുണ്ടായിട്ടും, ദീപാവലി ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്നു പ്രയോഗങ്ങൾ കൂടിയായതോടെ വായുമലിനീകരണം കൂടുതൽ ഗുരുതരമാവുകയായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മലിനനഗരങ്ങളിലൊന്നെന്ന പേരുദോഷത്തിൽനിന്നു രക്ഷപ്പെടാൻ സാധ്യമായ മാർഗങ്ങളിലൂടെയെല്ലാം ശ്രമിക്കുമ്പോഴാണ് ഡൽഹിക്കു മുന്നിൽ ഈ സങ്കീർണ പ്രതിസന്ധി തുടർച്ചയായി ഭീഷണിയുയർത്തുന്നത്.

ഹരിയാനയിലെയും പഞ്ചാബിലെയും കൃഷിയിടങ്ങളിലെ വൈക്കോലും മറ്റും കത്തിക്കുന്നതാണു നഗരത്തിലെ മലിനീകരണത്തിനു മുഖ്യകാരണങ്ങളിലൊന്നെന്നു ചൂണ്ടിക്കാട്ടുമ്പോഴും ഇതിനെതിരെ ഗൗരവമുള്ള പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല. ബന്ധപ്പെട്ട ഇടങ്ങളിൽ പൊടിനിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ മാസം ഈ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു വർധിച്ചതോടെയാണു ഡൽഹിയിലെ വായുനിലവാരം തീരെ മോശം അവസ്ഥയിലെത്തിയത്. വായുമലിനീകരണം തടയുന്നതിനു ഡൽഹി സർക്കാർ ഇതുവരെ ചെയ്ത ഫലപ്രദമായ നടപടികളെ അട്ടിമറിക്കുന്ന നടപടിയാണ് അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന രീതിയെന്ന് അപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറ്റപ്പെടുത്തിയിരുന്നു.

ഒക്ടോബർ 15 – നവംബർ 15 കാലയളവിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ വർധനയുണ്ടാവുന്നത്. പഞ്ചാബിൽ ഇതിന്റെ തോത് 2018നെ അപേക്ഷിച്ച് ഈ വർഷം 25 ശതമാനം വർധിച്ചിട്ടുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാൽ, ഹരിയാനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് സംസ്ഥാന സർക്കാർ കർശന സമീപനം സ്വീകരിക്കാതിരുന്നിട്ടും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു കുറയുകയായിരുന്നു.

വാഹനമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിലും ഡൽഹി മുൻപിലാണ്. 2030 ആവുമ്പോഴേക്കും വാഹനങ്ങളുടെ എണ്ണം രണ്ടുകോടി കവിയുമെന്നാണു കണക്കുകൂട്ടൽ. ഇത്തവണയും അന്തരീക്ഷ മലിനീകരണം ഗുരുതരമായതോടെ ഇന്നു മുതൽ 15 ദിവസത്തേക്കു ഡൽഹി സർക്കാർ ഒറ്റ - ഇരട്ട നമ്പർ വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. വായുമലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. സിഎൻജി ഇന്ധനമടക്കം പ്രചാരത്തിലെത്തിയിട്ടും നഗരത്തിൽ മലിനീകരണത്തോത് കാര്യമായി കുറയാതെ നിൽക്കുന്നതു വലിയ ആശങ്കയാണുണ്ടാക്കുന്നത്.

ഡൽഹിയുടെ ആ ശ്വാസംമുട്ടൽ മറ്റു സംസ്ഥാനങ്ങൾക്കെല്ലാമുള്ള മുന്നറിയിപ്പുകൂടിയാണ്. അന്തരീക്ഷ മലിനീകരണം കാരണം രാജ്യത്തു പ്രതിവർഷം 12 ലക്ഷത്തിലേറെ പേർ മരിക്കുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ കൊച്ചിയടക്കം കേരളത്തിലെ പല നഗരങ്ങളും ഡൽഹിയുടെ ദുർവിധിയിലേക്കു നീങ്ങിയേക്കാമെന്ന ആശങ്ക ഗൗരവമുള്ളതാണ്. സംസ്ഥാനത്തെ ഏറ്റവും മോശം വായു കൊച്ചിയിലാണെന്നതു നമുക്കു കേട്ടുമറക്കാവുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ, സാധ്യമായ രീതികളിലെല്ലാം വായുമലിനീകരണം തടയാനുള്ള ഊർജിതശ്രമം തുടങ്ങാൻ കേരളം ഇനിയും വൈകിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA