sections
MORE

വീണ്ടും സോണിയ ഗാന്ധി വന്നു; കോൺഗ്രസിന് ആശ്വാസത്തിന്റെ മൂന്നു മാസം

Sonia Gandhi
SHARE

കോൺഗ്രസ് ഇടക്കാല അധ്യക്ഷപദവിയിൽ സോണിയ ഗാന്ധി ഞായറാഴ്ച 3 മാസം പിന്നിടുകയാണ്. പാർട്ടിയുടെ പ്രവർത്തനശൈലിയിൽ വ്യത്യാസങ്ങൾ പ്രകടം. ഈ മൂന്നു മാസവും രാജ്യസഭാംഗങ്ങളും 2 പിസിസി അധ്യക്ഷന്മാരുമടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കു തുടർന്നെങ്കിലും കനത്ത തിരഞ്ഞെടുപ്പു പരാജയവും അധ്യക്ഷപദവിയിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയും ഉണ്ടാക്കിയ ആഘാതം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.

അക്ഷമരായ യുവതലമുറയും പഴയ നേതാക്കളും തമ്മിലുള്ള പോര് പല സംസ്ഥാന ഘടകങ്ങളെയും നിർവീര്യമാക്കിയിരുന്നു. പഴയ തലമുറ വീണ്ടും പിടിമുറുക്കിയതോടെ ഈ പ്രശ്നവും കുറഞ്ഞു. യുവനേതാക്കളിൽ രാജസ്ഥാനിലെ സച്ചിൻ പൈലറ്റും മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും തങ്ങളുടെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടിനോടും കമൽനാഥിനോടുമുള്ള ഭിന്നതകൾ പരസ്യമായി പ്രകടിപ്പിക്കുന്നില്ല. മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്നു രാജിവച്ച മിലിന്ദ് ദേവ്റയാണു മറ്റൊരു യുവനേതാവ്. പാർട്ടിയുടെ എല്ലാ തലങ്ങളിലും യുവാക്കൾ വേണമെന്നു വാദിച്ചിരുന്ന അദ്ദേഹം ഇപ്പോൾ പറയുന്നത്, പരിചയസമ്പന്നരായ നേതാക്കളുടെ മികവും അംഗീകരിക്കണമെന്നാണ്. 

പഴയ പോരാളികൾ തിരിച്ചെത്തുന്നു

ഏറ്റവുമധികം കാലം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന സോണിയ, 2017ൽ മകൻ രാഹുലിനു വേണ്ടിയാണു കസേര ഒഴിഞ്ഞത്. തിരിച്ചെത്തിയപ്പോൾ സംഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ തന്റെ പഴയ വിശ്വസ്തരുടെ സഹായമാണു തേടിയത്. എഐസിസിയിൽ രാഹുലിന്റെ ഉറ്റസംഘത്തെ തൊടാതെ മൻമോഹൻ സിങ്, എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ, അംബിക സോണി, ഗുലാം നബി ആസാദ് എന്നിവരെ ആശ്രയിച്ചു. രാഹുൽ അധ്യക്ഷനായിരുന്നപ്പോൾ പുതിയ ടീമിനായി ഈ പഴയസംഘം കുറച്ചു പിന്നോട്ടു മാറിനിൽക്കുകയായിരുന്നു.

ഹരിയാനയിലെ പഴയ വിശ്വസ്തരായ ഭൂപീന്ദർ സിങ് ഹൂഡയെയും കുമാരി ഷെൽജയെയും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തിരിച്ചുകൊണ്ടുവന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു സോണിയ ഇറങ്ങണമെന്നായിരുന്നു എൻസിപി നേതാവ് ശരദ് പവാറിന്റെ അഭ്യർഥന. എന്നാൽ, രാഹുൽ തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ മുഖ്യപ്രചാരകനെന്ന സന്ദേശമാണു സോണിയ നൽകിയത്. 

എല്ലാവർക്കും സമ്മതം

കൗതുകകരമായ കാര്യം, സോണിയയെ പാർട്ടി ഇപ്പോൾ പ്രസിഡന്റ് എന്നാണു വിളിക്കുന്നത്. ‘ഇടക്കാല’ എന്ന വിശേഷണം ഒഴിവാക്കിയിരിക്കുന്നു. ഇതു പാർട്ടിക്കുള്ളിലും യുപിഎ ഘടകകക്ഷികളിലും അവരുടെ നേതൃത്വം അംഗീകരിക്കപ്പെടുന്നതിന്റെ അടയാളമാണ്; ഗാന്ധി കുടുംബത്തിനപ്പുറം മറ്റൊരു നേതൃത്വത്തെ പാർട്ടി ഇപ്പോൾ തേടുന്നില്ല എന്നതിന്റെയും.

രാഹുലിന്റെ രാജിക്കു പിന്നാലെ ഇടക്കാല അധ്യക്ഷനെ കണ്ടെത്താൻ രൂപീകരിച്ച 5 സമിതികളിലൊന്നിന്റെ തലവനായ മുതിർന്ന പ്രവർത്തകസമിതി അംഗം പറഞ്ഞത്, ശുപാർശ ചെയ്യപ്പെട്ട ഒരു നേതാവിനും 10 ശതമാനത്തിലധികം എഐസിസി അംഗങ്ങളുടെ പിന്തുണ നേടാനായില്ലെന്നാണ്. രാഹുൽ രംഗം വിട്ടതിനു ശേഷമുള്ള 70 ദിവസം ഇപ്രകാരം പാർട്ടിക്കു മറ്റൊരു തിരിച്ചറിവിനുള്ള അവസരം കൂടിയായി – കോൺഗ്രസിലെ വിവിധ നേതാക്കളുടെ സ്വീകാര്യതയുടെ തോത് എത്രത്തോളം എന്നത്. 

സാമ്പത്തിക നയങ്ങൾക്കെതിരെ

സാമ്പത്തികപ്രശ്നങ്ങളിൽ നരേന്ദ്ര മോദിക്കെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സോണിയ ശ്രദ്ധ പതിപ്പിച്ചു. പാർട്ടിയുടെ മുഖ്യ സാമ്പത്തികകാര്യ വിദഗ്ധൻ പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു ജയിലിലടച്ചതു പ്രചാരണ നടപടികൾക്കു തുടക്കത്തിൽ തടസ്സമുണ്ടാക്കി. എന്നാൽ, പിന്നീട് മൻമോഹൻ സിങ് ഉൾപ്പെടെ മോദിയുടെ സാമ്പത്തികനയങ്ങളെ പരസ്യമായി വിമർശിച്ചു രംഗത്തെത്തി. ജയ്റാം രമേശിനെയാണു കേന്ദ്രവിരുദ്ധ സമരങ്ങൾ ആസൂത്രണം ചെയ്യാൻ സോണിയ നിയോഗിച്ചത്.

2004ൽ വാജ്പേയി സർക്കാരിനെതിരെ തിരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങിയപ്പോൾ പ്രചാരണ മുദ്രാവാക്യമായ ‘ആം ആദ്മി കോ ക്യാ മിലാ’ തയാറാക്കിയ രമേശ്, മോദിയുടെ തീവ്രവലതുപക്ഷ നയങ്ങൾക്കെതിരായ നിലപാടുകളുമായാണു കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാഹുൽ ഉന്നയിച്ച ആശങ്കകൾ കൂടി പങ്കുവയ്ക്കുന്നതാണ് ഈ രാഷ്ട്രീയനീക്കം. മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (ആർസിഇപി) കടന്നാക്രമിക്കുന്ന പ്രചാരണത്തിനു മുന്നിലേക്ക് സോണിയയെയും രമേശ് കൊണ്ടുവന്നു. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങും അന്നത്തെ വാണിജ്യമന്ത്രി ആനന്ദ് ശർമയുമാണ് ആർസിഇപി ചർച്ചകൾ തുടങ്ങിവച്ചതെന്നു ബിജെപി തിരിച്ചടിച്ചു. 

ജാർഖണ്ഡിൽ പോരടുക്കുമ്പോൾ

മഹാരാഷ്ട്രയിലോ ഹരിയാനയിലോ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനു പോയില്ല. പക്ഷേ, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാൻ രാഹുലും പ്രിയങ്കയും പ്രചാരണത്തിനെത്തണമെന്ന ആവശ്യമാണു പുതിയ പിസിസി അധ്യക്ഷൻ രാമേശ്വർ ഒറാവിനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA