sections
MORE

രണ്ടര വർഷം: പൈപ്പ് പൊട്ടിയത് 43 തവണ!

HIGHLIGHTS
  • ആലപ്പുഴയിൽ അഞ്ചു ലക്ഷം പേർ ശുദ്ധജലം കിട്ടാതെ വലയുന്നു
SHARE

ആലപ്പുഴ ജലപദ്ധതിയുടെ പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നതു ശുദ്ധജലമോ അതോ, ശുദ്ധ അഴിമതിയോ എന്ന സംശയമാണ് ഇപ്പോൾ പൊതുസമൂഹത്തിനുള്ളത്. കമ്മിഷൻ ചെയ്ത് കേവലം രണ്ടര വർഷം പിന്നിടുമ്പോൾ 43 തവണ പൈപ്പ് പൊട്ടിയ മറ്റൊരു പദ്ധതി കേരളത്തിലുണ്ടാകാനിടയില്ല. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അറ്റകുറ്റപ്പണിക്കു ചെലവാകുന്നത് ശരാശരി അഞ്ചു ലക്ഷം രൂപയാണ്. പദ്ധതിയുടെ ഉപയോക്താക്കളുടെ എണ്ണവും അത്രത്തോളം വരും. ഓരോ തവണയും പൈപ്പ് പൊട്ടുമ്പോൾ അറ്റകുറ്റപ്പണിക്ക് ഒരാഴ്ച വരെ സമയമെടുക്കുന്നുണ്ട്. ഈ സമയം ശരാശരിയായി കണക്കാക്കിയാൽ, കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ മുന്നൂറിലേറെ ദിവസം ആലപ്പുഴയിലെ ഇത്രയും ഉപയോക്താക്കൾ ശുദ്ധജലം കിട്ടാതെ വിഷമിച്ചു.

നാലു വർഷം വൈകി, 2017 മേയ് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി സമർപ്പിക്കുമ്പോൾ നാടിനു പ്രതീക്ഷകളേറെയുണ്ടായിരുന്നു. 194 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ ഭാഗമായി ജലം ലഭിക്കേണ്ടത് ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭയ്ക്കും എട്ടു പഞ്ചായത്തുകൾക്കുമാണ്. ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങൾക്കു മറ്റൊരു പ്രത്യേകതയുണ്ട്. കേരളത്തിന്റെ ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ് ഈ മണ്ഡലങ്ങളിലെ എംഎൽഎമാർ. സ്വന്തം മന്ത്രിമാരുണ്ടായിട്ടും, ഇത്രയും വലിയ ക്രമക്കേട് ആരോപിക്കപ്പെട്ട പദ്ധതിയെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം അത്ര വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നു പറയാം.

ആലപ്പുഴ ശുദ്ധജല പദ്ധതിയിൽ വലിയ ക്രമക്കേടു നടന്നെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞിട്ടു 10 മാസമായി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 23 പേർ മൊത്തം രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നു കരാറുകാരൻ പറഞ്ഞിട്ടുണ്ടെന്നും 30 മുതൽ 50 ലക്ഷം രൂപ വരെ വാങ്ങിയവരുടെ പട്ടിക കൈവശമുണ്ടെന്നും പറഞ്ഞ മന്ത്രി, ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്കു കത്തു നൽകുകയും ചെയ്തിരുന്നു. ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടൽ നാടകം അവസാനിപ്പിക്കുമെന്നു പറഞ്ഞതാകട്ടെ മന്ത്രി തോമസ് ഐസക്കും.

പത്തനംതിട്ടയിലെ കടപ്രയിൽ പമ്പാ നദിയിലെ ജലം സംഭരിച്ചാണു ശുദ്ധജല പദ്ധതിക്ക് എത്തിക്കുന്നത്. തകഴിയിലെ ശുദ്ധീകരണ പ്ലാന്റിലേക്കു ജലമെത്തിക്കുന്ന പൈപ്പാണ് സ്ഥിരമായി പൊട്ടുന്നത്. കരുമാടിക്കും തകഴി കേളമംഗലത്തിനും ഇടയിൽ സ്ഥാപിച്ച 1.4 കിലോമീറ്റർ ഭാഗത്തെ പൈപ്പ് മാറ്റാൻ 2017ലെ എസ്റ്റിമേറ്റ് പ്രകാരം എട്ടു കോടി രൂപ വേണ്ടിയിരുന്നുവെങ്കിൽ ഇപ്പോഴത്തെ കണക്കിൽ വേണ്ടത് ഏകദേശം 14 കോടിയാണ്. ഇതിനകം അറ്റകുറ്റപ്പണികൾക്കു മാത്രം രണ്ടു കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു.

ജലം കിട്ടാത്തതിലൊതുങ്ങുന്നില്ല പൈപ്പ് പൊട്ടലിന്റെ ആഘാതം. 69 കോടി രൂപ ചെലവഴിച്ചു നവീകരിച്ച അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത 2018ലെ പ്രളയത്തിൽ പോലും തകരാതെ രക്ഷാപ്രവർത്തകർക്കു സഹായമായിട്ടുണ്ട്. എന്നാൽ, ആലപ്പുഴ പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നാൽപതിലധികം തവണയാണ് ഈ റോഡ് കുളമാകുന്ന അവസ്ഥയുണ്ടായത്.

നിലവാരമില്ലായ്മയാണ് നിരന്തരം പൈപ്പ് പൊട്ടാൻ കാരണമെന്നാണു വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പദ്ധതിയിൽ ഒന്നര കിലോമീറ്റർ ഭാഗത്തു മാത്രം മറ്റൊരു കമ്പനിയുടെ പൈപ്പാണ് ഉപയോഗിച്ചത്. യോജിപ്പിക്കൽ എളുപ്പമാക്കാനാണ് ഇതെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. എന്നാൽ, മറ്റു ഭാഗങ്ങളിലെ പൈപ്പുകൾക്കു പ്രശ്നമില്ലാത്തപ്പോൾ ഈ ഭാഗത്തെ പൈപ്പ് മാത്രം തകരുന്നതു വലിയ അഴിമതികളിലേക്കു വിരൽ ചൂണ്ടുന്നുവെന്നാണ് ആരോപണം. ഈ പൈപ്പിന്റെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു ഫലം കാത്തിരിക്കുകയാണു വിജിലൻസ്.

പൊതുപണം ഉപയോഗിച്ച് ജനജീവിതം മെച്ചപ്പെടുത്താൻ ആരംഭിച്ച പദ്ധതിയിൽ നടന്ന വൻ ക്രമക്കേടുകളെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യമുണ്ട്. നിലവാരമില്ലാത്ത പൈപ്പ് മാറ്റിസ്ഥാപിച്ച്, ശുദ്ധജലം ഉറപ്പാക്കണമെന്നാണു നാടിന്റെ അടിയന്തരാവശ്യം. സ്ഥിരമായി പൊട്ടലുണ്ടാകുന്ന ഭാഗത്തെ പൈപ്പ് മാറ്റിസ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഈയാഴ്ച യോഗം ചേരുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞതിലാണ് ഇപ്പോഴത്തെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA