ADVERTISEMENT

രാജാവ് ഗുരുവിനോടു ചോദിച്ചു – മരണശേഷം ആളുകൾ എങ്ങോട്ടാണു പോകുന്നത്; അവർക്ക് എന്തു സംഭവിക്കുന്നു? ഗുരു പറഞ്ഞു, എനിക്കറിയില്ല. രാജാവു പുച്ഛത്തോടെ ചോദിച്ചു – നിങ്ങൾ രാജഗുരുവല്ലേ? ഗുരു സ്‌നേഹത്തോടെ പ്രതികരിച്ചു: അതു സത്യമാണ്. പക്ഷേ, ഞാൻ ഇന്നുവരെ മരിച്ചിട്ടില്ല! 

അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നു പറയാനുള്ള ധൈര്യമാണ് അറിവുള്ളവരുടെ യഥാർഥ ലക്ഷണം. എല്ലാമറിയുന്ന ആരുണ്ട്; എന്തിനാണ് എല്ലാമറിയുന്നത്; ആർക്കാണ് എല്ലാം പഠിക്കാനുള്ള സമയവും ക്ഷമയും ശേഷിയും ഉണ്ടാകുക? പണ്ഡിതരെന്നു വിളിക്കപ്പെടുന്നവരെല്ലാം സ്വന്തം മേഖലയിൽ മാത്രം തിളങ്ങുന്നവരാണ്. മനസ്സിലാക്കാൻ പോലും കഴിയാത്ത മറ്റനേകം മേഖലകളുണ്ടെന്ന തിരിച്ചറിവാണ് ഒരാളിൽ എളിമയും പക്വതയും പാകുന്നത്. എനിക്കറിയില്ല എന്നു സമ്മതിക്കുന്നവരിൽ കുറവുകൾ അംഗീകരിക്കാനുള്ള മനസ്സും അറിയാനുള്ള ആഗ്രഹവുമുണ്ട്. 

എത്ര ചോദ്യങ്ങളുടെ ഉത്തരമറിയാം എന്നതല്ല, ഉത്തരമറിയാത്ത ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മനഃസാന്നിധ്യത്തിന്റെ അളവുകോൽ. ഉത്തരം മുട്ടുന്ന ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് കൂടുതൽ അറിവിലേക്കും മികവിലേക്കും നയിക്കുന്നത്. അധ്യാപകൻ കുട്ടിയോടു ചോദിക്കുന്നത് പഠിപ്പിച്ചതിന്റെ ഫലമറിയാൻ; കുട്ടി അധ്യാപകനോടു ചോദിക്കുന്നത് പഠിപ്പിച്ചതിന്റെ കാണാപ്പുറങ്ങൾ കണ്ടെത്താൻ. ഗുരുവിനു ചിന്തിക്കാൻ പോലും കഴിയാത്ത ആഴത്തിലും വ്യാപ്‌തിയിലും സഞ്ചരിക്കുന്ന ശിഷ്യനോടൊപ്പമുള്ള പ്രയാണമാണ് ഗുരുവിന്റെ മഹത്വം. 

അസാധാരണമായ ചോദ്യങ്ങൾ ചോദിക്കാൻ ശേഷിയുള്ളവരുടെ കൂടെയാണു സഹവസിക്കേണ്ടത്; അത് അലോസരമുണ്ടാക്കുമെങ്കിലും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവരല്ല, ചോദ്യം ഉന്നയിച്ചവരെ സ്വയം ഉത്തരം കണ്ടെത്താൻ പ്രാപ്‌തരാക്കുന്നവരാണ് യഥാർഥ ഗുരുക്കന്മാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com