ADVERTISEMENT

ധ്യാനത്തിന്റെ അരൂപിക്കു രൂപമില്ല; അതൊരു മാനസികാവസ്ഥയാണ്. അതു ധ്യാനത്തിന്റെ അരുവിയായി തിരുത്തിയെഴുതിയത് കഥാകാരൻ ജെ.കെ.വിയാണ്.അതും ശരിയാണ്. ധ്യാനം ഒരു അരുവിയാണ്; ധ്യാനപ്പുഴ. ധ്യാനനിമഗ്നനോ നിമഗ്നയോ ആകുന്നയാൾ രൂപമില്ലാപ്പുഴയിൽ ഒഴുകിയൊഴുകിപ്പോകുന്നു. 

കാലപ്രവാഹത്തിലൊരു ധ്യാനപ്രവാഹം. വയനാടിന്റെ ദേശീയ എംപി രാഹുൽഗാന്ധി ധ്യാനത്തിലാണെന്നാണ് പത്രവാർത്തകൾ. അരുവി വിദേശത്തെവിടെയോയാണത്രെ. വാസ്തവത്തിൽ വയനാട് എംപി ധ്യാനമിരിക്കേണ്ടത് വയനാട്ടിൽ തന്നെയല്ലേ? പ്രകൃതിരമണി പാട്ടുപാടിക്കളിക്കുന്ന വയനാട്ടിൽ ധ്യാനിക്കാൻ പറ്റിയ ഒരുപാടു സ്ഥലങ്ങളുണ്ടെന്നാണ് അപ്പുക്കുട്ടന്റെ പൊതുവിജ്ഞാനം.

വയനാട്ടിലെ പക്ഷിപാതാളം തീർച്ചയായും ധ്യാനത്തിനു യോജിച്ച സ്ഥലമാണ്. ധ്യാനത്തിന്റെ പാതാളത്തോളം ഇറങ്ങിയിറങ്ങിപ്പോകാൻ പക്ഷിപാതാളം സഹായിക്കാതിരിക്കില്ല. എടക്കൽ ഗുഹയാണ് ധ്യാനയോഗ്യമായ മറ്റൊരു സ്ഥലം. നമ്മുടെ പ്രധാനമന്ത്രി അടുത്തകാലത്ത് കേദാർനാഥിലെ രുദ്ര ഗുഹയിൽ പോയത് ധ്യാനിക്കാൻ നല്ല വിഷയമാണ്. ബാണാസുര മലകളും ധ്യാനത്തിനു പറ്റിയതു തന്നെ. ഇതിഹാസ കാലത്ത് നമ്മുടെ മഹാമുനിമാർ പർവതങ്ങളിലിരുന്നാണല്ലോ ധ്യാനിച്ചിരുന്നത്. 

മലകളെക്കാൾ തലയുയർത്തിനിൽക്കുന്നതു കൊടുമുടികളായതിനാൽ വയനാട്ടിലെ തന്നെ ചെമ്പ്ര കൊടുമുടി ധ്യാനത്തിനു തിരഞ്ഞെടുത്താൽ അത്യുത്തമം. ധ്യാനത്തിന്റെ ഉത്തുംഗശൃംഗം കയറാൻ മറ്റൊരു മുടി വേണ്ട. ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുത്ത് ചമ്രംപടിഞ്ഞിരുന്നോ നീണ്ടുനിവർന്നു കിടന്നോ ഒറ്റക്കാലിൽ നിന്നോ രാഹുൽ എംപിക്കു ധ്യാനിക്കാം. 

വയനാടൻ കാടുകളിൽ ചിതൽപ്പുറ്റുകൾ ധാരാളമുണ്ട്. ധ്യാനത്തിൽ സ്വയം നഷ്ടപ്പെടുന്ന അവസ്ഥയിൽ ചിതൽപ്പുറ്റു വന്നു മൂടാൻപോലും സാധ്യതയുണ്ട്. ചിതൽപ്പുറ്റ് എന്ന വല്മീകം വന്നു മൂടിയതുകൊണ്ടാണ് ആദികവി വാല്‌മീകിയായതെന്നോർത്താൽ ധ്യാനം കാവ്യാത്മകമാകും. 

എംപിമാരും എംഎൽഎമാരുമൊക്കെ ദിവസവും അരമണിക്കൂർ ധ്യാനിക്കുന്നതു ജനാധിപത്യത്തിനു നല്ലതാണ്. ജനങ്ങളെപ്പറ്റിയും ജനകീയ പ്രശ്നങ്ങളെപ്പറ്റിയുമൊക്കെ ധ്യാനിക്കാം. ധ്യാനത്തിൽ പുതിയ പുതിയ ഉൾക്കാഴ്ചകൾ തെളിഞ്ഞുകിട്ടും. കേരളത്തിലേക്കു‌ ധ്യാനിക്കാൻ വന്നിരുന്നെങ്കിൽ രാഹുൽ എംപിക്ക് ഒരു മലയാളിജ്ഞാനിയുടെ ധ്യാനാത്മക ഗ്രന്ഥം അപ്പുക്കുട്ടൻ വായിക്കാൻ കൊടുക്കുമായിരുന്നു: നമ്മുടെ ശ്രീ എം എഴുതിയ ‘ഓൺ മെഡിറ്റേഷൻ ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com