ADVERTISEMENT

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ ഇന്ത്യ ചേരുന്നില്ലെന്ന് ബാങ്കോക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ പങ്കാളികളാകാനിരുന്ന, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാർ നമുക്ക് ഏറെ ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിൽ ഈ തീരുമാനം ആശ്വാസകരമാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, വിപണിയുടെ വാതിലുകൾ തുറന്നുവയ്ക്കുന്ന പുതിയ ലോകക്രമത്തിൽ കാർഷികഭാരതം കൂടുതൽ ഉൽപാദനക്ഷമത കൈവരിച്ച്  മത്സരയോഗ്യമാകണമെന്നുകൂടി ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു. 

കരാറിൽ ഒപ്പുവയ്ക്കാനാണു കേന്ദ്ര സർക്കാർ ആദ്യം താൽപര്യപ്പെട്ടതെങ്കിലും കൃഷി, വ്യവസായ മേഖലകളിലടക്കം കരാർ ഇന്ത്യയ്ക്കു ദോഷകരമാകുമെന്നു ചർച്ചകളുയർന്നു. രാജ്യം കാണിച്ച പങ്കാളിത്ത താൽപര്യത്തെച്ചൊല്ലി വിവിധ തലങ്ങളിൽ പ്രതിഷേധമുയരുകയും ചെയ്തു. ഇപ്പോഴേ തകർന്ന കൃഷിമേഖലയെ ഇതു കൂടുതൽ പ്ര‌തിസന്ധിയിലാക്കുമെന്നാണു ചൂണ്ടിക്കാണിക്കപ്പെട്ടത്. ആർസിഇപി കരാറിൽ ഇപ്പോഴത്തെ നിലയിൽ ഭാഗമാകില്ലെന്ന ഇന്ത്യയുടെ നിലപാട് രാജ്യത്തെ കൃഷി, ഉൽപാദന മേഖലകൾക്ക് ആശ്വാസ വാർത്തയാണെങ്കിലും തൊട്ടയൽപക്കത്തെ രാജ്യങ്ങളുടെ തുറന്ന വ്യാപാര കൂട്ടായ്മയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതു ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.     

വിപണി സാധ്യതകൾ മുതലെടുക്കാനാവുംവിധം നിർമാണ, സേവന മേഖലകൾ മൽസരക്ഷമത കൈവരിക്കേണ്ടതു നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി തന്നെയാണ്. ഇതിൽ ഏറ്റവും വലിയ പങ്കുവഹിക്കാനുള്ളതു കാർഷികമേഖലയ്ക്കു തന്നെയാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ആത്മാർഥമായ കൈത്താങ്ങുണ്ടെങ്കിൽ മാത്രമേ കർഷക ജനതയ്ക്കു മുന്നോട്ടുപോകാനാകൂ എന്നതാണു യാഥാർഥ്യം. 

കേരളത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ, അടുത്തടുത്തു സംഭവിച്ച രണ്ടു പ്രളയങ്ങളും, ചുഴലിക്കാറ്റുകളും അതിവർഷവും വരൾച്ചയും പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മൂലം നമ്മുടെ കാർഷികമേഖല ചരിത്രത്തിലെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതോടൊപ്പം, വിപണിയിലെ ചാഞ്ചാട്ടങ്ങളും പണലഭ്യതയിലെ കുറവും വിളകൾക്കുണ്ടാകുന്ന രോഗബാധകളും കൂടിച്ചേരുമ്പോൾ അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞതായി മാറുന്നു നമ്മുടെ കർഷകന്റെ ജീവിതം. 

ഈയവസരത്തിൽ കൂടെ നിൽക്കേണ്ട സർക്കാർ സംവിധാനങ്ങളാകട്ടെ, ഉറക്കംതൂങ്ങിയും മന്ദഗമനം നടത്തിയും പതിവുരീതികൾ തുടർന്നും ഉദാസീനത പുലർത്തുമ്പോൾ ചുവപ്പുനാടക്കുരുക്കിൽ അവസാനിക്കുന്നത് ഒട്ടേറെ കർഷക ജീവിതങ്ങളാണ്. കൃഷി വകുപ്പിനു നടപ്പു സാമ്പത്തികവർഷം സംസ്ഥാന ബജറ്റിൽ അനുവദിച്ച 945 കോടി രൂപയിൽ ചെലവിട്ടത് 211 കോടി രൂപ മാത്രമാണെന്ന കണക്ക് നമ്മളെ ഞെട്ടിക്കേണ്ടതാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി അഞ്ചു മാസമേ ഉള്ളൂ എന്നിരിക്കെ, ബാക്കിനിൽക്കുന്ന 75 ശതമാനം തുകയും ഇതിനുള്ളിൽ ചെലവഴിച്ചുതീർക്കാൻ കഴിയുമോ? 

വിളനാശമുണ്ടാക്കുന്ന വരുമാന നഷ്ടത്തോടു താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമായ നഷ്ടപരിഹാരമാണു സർക്കാരിൽ നിന്നു കർഷകർക്കു ലഭിക്കുന്നത്. ദയനീയമായ കാര്യം, ഒട്ടേറെ കർഷകർക്ക് ഈ ചെറിയ സംഖ്യ പോലും കുടിശികയാണെന്നതാണ്. അവരെല്ലാം കൃഷി ഉപേക്ഷിക്കുകയാണ്. കടക്കെണിയിൽ വീണവരുടെ മേലുള്ള വായ്പക്കുരുക്കും മുറുകുകയാണ്. 2018ലും 2019ലും സംഭവിച്ച പ്രളയത്തിലുണ്ടായ വിളനാശത്തിനു രണ്ടു വർഷവും അപേക്ഷ  നൽകുകയും കൃഷി ഉദ്യോഗസ്ഥർ പരിശോധിച്ചു റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിക്കാത്ത ഒട്ടേറെ കർഷകർ ഇനിയുമുണ്ടെന്നതു നിർഭാഗ്യകരമാണ്. കൃഷിനാശത്തിനുള്ള ചെറിയ തുക നഷ്ടപരിഹാരം ലഭിക്കുമ്പോഴേക്കും മാസങ്ങളും വർഷങ്ങളും കഴിയുന്ന ഈ സ്ഥിതി തുടർന്നുകൂടാ. 

ആർസിഇപി കരാറിൽ‌നിന്നുള്ള പിന്മാറ്റം താൽക്കാലിക ആശ്വാസം മാത്രമാണു നൽകുന്നത്. നമ്മുടെ കാർഷിക മേഖലയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം കണ്ടെത്താനാകൂ. വിപണിയുടെ ഏതു വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മുടെ കർഷകരെ പ്രാപ്തരാക്കേണ്ട ചുമതലയിൽനിന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒഴിഞ്ഞുമാറിക്കൂടാ.

English summary: RCEP trade agreement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com