sections
MORE

കൃഷി ഓഫിസ് മുതലുള്ള ഫയൽ നീക്കം ഓൺലൈൻ വഴിയാക്കും

paper-cutting
SHARE

പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കൃഷിമേഖല. പ്രകൃതി ദുരന്തം, വന്യമൃഗ ശല്യം, കാലാവസ്ഥാ വ്യതിയാനം, വിപണിചാഞ്ചാട്ടങ്ങൾ, സാമ്പത്തിക നയങ്ങൾ തുടങ്ങി കർഷകരെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങൾ ഒട്ടേറെ. ഇക്കാര്യത്തിൽ‌ സർക്കാർ സമീപനം എന്തൊക്കെയാണ് ? കേരളത്തിലെ കൃഷിമേഖലയുടെ നേർചിത്രവുമായി മനോരമ പ്രസിദ്ധീകരിച്ച ‘കണ്ണീർവിളവ്’ പരമ്പരയുടെ പശ്ചാത്തലത്തിൽ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ സംസാരിക്കുന്നു:

VS-Sunil-Kumar

ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും ലഭിക്കാൻ പല ഓഫിസുകളിൽ പലപ്പോഴായി അപേക്ഷ നൽകേണ്ട അവസ്ഥയിലാണു കൃഷിക്കാർ. പണം ലഭിക്കാൻ ഒട്ടേറെ താമസവും എടുക്കുന്നുണ്ട്. ഇതിനു പരിഹാരമുണ്ടോ?

കൃഷിക്കാർക്ക് ആനുകൂല്യവും നഷ്ടപരിഹാരവും വിതരണം ചെയ്യാൻ വളരെ സങ്കീർണമായ നടപടിക്രമങ്ങൾ ഇപ്പോഴുണ്ടെന്നതു ശരിയാണ്. കൃഷി ഓഫിസർക്കു കൈമാറുന്ന അപേക്ഷ ജില്ലാ കൃഷി ഓഫർസർമാർ വഴി പലകൈ മറിഞ്ഞ് ഡയറക്ടറേറ്റിലെത്തിയ ശേഷമാണ് ധനവകുപ്പിനു കൈമാറുന്നത്.

പണം അനുവദിച്ചാൽ അത് കർഷകരിലേക്ക് എത്തിക്കുന്നതിനും നീണ്ട പ്രക്രിയയുണ്ട്. ഇത് ആനുകൂല്യം ലഭ്യമാക്കുന്നതിൽ 5 മാസത്തെ താമസം വരുത്തുന്നുണ്ട്. കൃഷി ഓഫിസ് മുതൽ ഡയറക്ടേറ്റ് വരെയുള്ള ഫയൽ നീക്കം പൂർണമായി ഇൗ വർഷം ഓൺലൈൻ വഴിയാക്കും. ഇതോടെ ഇൗ പ്രശ്നത്തിനു പരിഹാരമാകും. അപേക്ഷ സമർപ്പിച്ചാൽ അപ്പോൾ തന്നെ അപേക്ഷകന് എസ്എംഎസ് എത്തും. തുടർന്നുള്ള ഫയൽ നീക്കത്തിന്റെയും പണം അനുവദിക്കുന്നതിന്റെയും വിശദാംശങ്ങൾ കൃഷിക്കാരനു ലഭിക്കും. കൃഷിക്കാരന് പല വകുപ്പുകളിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നതിനാൽ വെവ്വേറെ അപേക്ഷ നൽകേണ്ടി വരുമെന്നതു മറക്കരുത്. 

കൃഷി വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുമെന്ന് പലപ്പോഴായി പറയുന്നുണ്ടെങ്കിലും ലാഭകരമായി കൃഷി ചെയ്യാൻ കഴിയാത്തവരാണ് മിക്ക കൃഷിക്കാരും. ഇൗ നിസ്സഹായാവസ്ഥയ്ക്കു പരിഹാരമെന്ത്? 

നെല്ലിനു മാത്രമാണ് ഇപ്പോൾ കുറഞ്ഞ താങ്ങുവില ഉള്ളത്. എന്നാൽ മറ്റു വിളകളുടെ കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ വകുപ്പ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം കൈതച്ചക്കയ്ക്കു വില കുറഞ്ഞപ്പോൾ കിലോയ്ക്ക് 17.50 രൂപ നിരക്കിൽ സർക്കാർ സംഭരിച്ചു. വില 22 രൂപ വരെ എത്തിയപ്പോൾ പിൻവാങ്ങി. നാളികേരത്തിനും പച്ചക്കറിക്കുമായി ഇത്തരത്തിൽ വിപണിയിൽ ഇടപെടുന്നുണ്ട്. വിഎഫ്പിസികെയുടെ നാലായിരത്തോളം കർഷക സംഘങ്ങളും ഇവർക്ക് 257 ചന്തകളുമുണ്ട്. കൃഷിവിളകൾക്ക് ന്യായമായ വില ഉറപ്പാക്കാൻ ഇവർക്കു കഴിയുന്നുണ്ട്. നാനൂറോളം ആഴ്ചച്ചന്തകൾ കഴിഞ്ഞ വർഷം തുടങ്ങി. മാർക്കറ്റിങ് ഫോർകാസ്റ്റ് ഇന്റലിജൻസ് സംവിധാനമാണ് ഇനി വേണ്ടത്. തമിഴ്നാട്ടിൽ ഇതു വളരെ കൃത്യമായി നടപ്പാക്കിയിട്ടുണ്ട്. ഓരോ കൃഷിക്കാരനും ഉൽപാദിക്കുന്ന വിളകളുടെ വിശദാംശങ്ങൾ ശേഖരിച്ച് അടുത്ത കൊല്ലം മാർക്കറ്റ് ഇന്റലിജൻസ് സംവിധാനം നടപ്പാക്കും. വിലയിടിവും വിലക്കയറ്റവും മുൻകൂട്ടിക്കണ്ട് ഏതൊക്കെ വിളകൾക്ക് കൃഷിക്കാർ പ്രധാന്യം നൽകണമെന്നു മുൻകൂട്ടി അറിയിക്കാൻ ഇതുവഴി കഴിയും. 

എല്ലാ സീസണിലും നെല്ലു സംഭരണം വൈകുന്നു. കിട്ടുന്ന വിലയ്ക്ക് നെല്ലു വിൽക്കേണ്ടി വരുന്നു. ഫലപ്രദമായി ഇടപെടേണ്ടതല്ലേ?

നെല്ലു സംഭരണം ഇപ്പോൾ സ്വകാര്യ മേഖലയുടെ കുത്തകയാണ്. സംസ്ഥാനത്ത് 60 മില്ലുകളുണ്ട്. കൊയ്ത്തുസീസൺ ആകുമ്പോൾ ഇവർ പല ആവശ്യങ്ങൾ മുന്നോട്ടുവച്ച് സംഭരണം പരമാവധി വൈകിപ്പിക്കും. 

കാത്തിരുന്ന് ഒടുവിൽ നെല്ലു നശിക്കുമെന്നാകുമ്പോൾ 26.90 രൂപ കിട്ടേണ്ട നെല്ല് കൃഷിക്കാർ 20 രൂപയ്ക്കും 18 രൂപയ്ക്കും ഒക്കെ മില്ലുകാർക്കു നൽകേണ്ടി വരുന്നു. ഇതു നേരിടാൻ പാലക്കാട്ട് സഹകരണ സ്ഥാപനങ്ങളുടെ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഏറ്റവും വലിയ മിൽ സ്ഥാപിക്കാൻ പോവുകയാണ്. 

തൃശൂർ ചേലക്കരയിൽ മറ്റൊരു മില്ലിനു തറക്കല്ലിട്ടു. ആലപ്പുഴയിലും പുതിയ മില്ലു വരും. കൃഷിവകുപ്പിന്റെ 2 മില്ലുകളുടെ ശേഷിയും വർധിപ്പിക്കും. തമിഴ്നാട്ടിലെ കോയമ്പത്തൂർ മേഖലയിൽ പുതുതായി വന്ന സ്വകാര്യ മില്ലുകാർ നെല്ലു സംരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മില്ലുകാർ നെല്ലു സംഭരണത്തിൽ താമസം വരുത്തിയാൽ ഇനി സംഭരണം കോയമ്പത്തൂരിലെ മില്ലുകാരെ ഏൽപ്പിക്കും. 

വന്യമൃഗശല്യം, കീടബാധ, പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലം കൃഷി നശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഉയർത്താൻ കഴിയുമോ? 

1000 വാഴ നശിച്ചാൽ ഒരു ലക്ഷം രൂപയാണ് സർക്കാരിനു നഷ്ടപരിഹാരമായി നൽകാനാകുക. എന്നാൽ വിള ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്ക് നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും ചേർത്ത് ആകെ 4 ലക്ഷം രൂപ കിട്ടും. ഇത്രയും ആകർഷകമായ പദ്ധതി ഉണ്ടായിട്ടും ഇപ്പോഴും 65% കൃഷിക്കാരും ഇൻഷുർ ചെയ്യാൻ ബാക്കിയാണ്. ഇൗ സർക്കാർ രണ്ടിരട്ടി മുതൽ 13 ഇരട്ടി വരെയാക്കി നഷ്ടപരിഹാരം വർധിപ്പിച്ചു. 45,000 പേർ മാത്രം ഇൻഷുർ ചെയ്തിരുന്നത് ഇപ്പോൾ 2 ലക്ഷത്തോളമായി വർധിച്ചു. എല്ലാവരെയും ഇൻഷുറൻസ് പദ്ധതിക്കു കീഴിലാക്കുന്നതിനുള്ള തീവ്രയജ്ഞത്തിലാണ് സർക്കാർ ഇപ്പോൾ. 

ഇൗ വർഷം വീണ്ടും പ്രളയമെത്തി. എന്നിട്ടും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല? 

പ്രളയത്തിന് ഇരയായവർക്ക് അടക്കം ആകെ 42 കോടി മാത്രമാണ് ഇനി കൃഷിക്കാർക്ക് നഷ്ടപരപരിഹാരമായി കൊടുത്തുതീർക്കാനുള്ളത്. ഫണ്ടിന്റെ ലഭ്യതക്കുറവാവും ട്രഷറിയിലെ നിയന്ത്രണവുമാണ് താമസമുണ്ടാക്കിയത്. ഉടൻ ശേഷിക്കുന്ന തുക കൊടുത്തു തീർക്കും. 2012 മുതലുള്ള 4 കൊല്ലത്തെ കുടിശികയാണ് ഇൗ സർക്കാർ അധികാരമേൽക്കുമ്പോൾ കൊടുത്തുതീർക്കാനുണ്ടായിരുന്നത്. 396 കോടി രൂപ ഇൗ സർക്കാർ കൊടുത്തുതീർത്തു. 

മൊറട്ടോറിയം കാലയളവിലെ പലിശ കൂടി ഒഴിവാക്കാൻ സർക്കാർ ഇടപെടൽ‌ നടത്തുമോ?

ന്യായമായ ആവശ്യമാണിത്. മൊറട്ടോറിയം കാലയളവിലെ പലിശ കൂടി ഒഴിവാക്കിയാൽ കൃഷിക്കാർക്ക് വലിയ ആശ്വാസമാകും. 298 കോടിയോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. ധനവകുപ്പിനോട് തീരുമാനമെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ട്. കാർഷിക കടാശ്വാസ കമ്മിഷന് എഴുതിത്തള്ളാവുന്ന കടം ഒരു ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കി ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾക്കു പുറമെ മറ്റു ബാങ്കുകളിൽ നിന്നുള്ള കടം കൂടി എഴുതിത്തള്ളാൻ ഇനി കഴിയും. ബാങ്കുകൾ ഇതിനു തയാറാണെന്നു സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

English Summary: File movement will be through online says minister V.S. Sunil Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA