sections
MORE

‘ആട്ടിൻകുട്ടി’യെ ചൂണ്ടിയ തോക്ക്

keraleeyam
SHARE

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയും അതു ന്യായീകരിക്കുന്ന പിണറായി സർക്കാരിനുമെതിരെ ഇടതുപക്ഷത്തുനിന്നു തന്നെ വിമർശനം ഉയരുമ്പോൾ ഇക്കാര്യത്തിൽ 2009ൽ കേന്ദ്രസർക്കാരിനു സിപിഎം നൽകിയ ഉപദേശം ഓർമിക്കാവുന്നതാണ്– ‘തോക്കുകൾ തമ്മിലുള്ള പോരാട്ടമായി ഇതിനെ മാറ്റാനുള്ള ശ്രമങ്ങളുള്ളപ്പോൾ തന്നെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അക്രമത്തിന്റെ പ്രചാരകരെ അവരിൽ നിന്ന് ഒറ്റപ്പെടുത്താനുമാണു സർക്കാർ ശ്രമിക്കേണ്ടത്. ആദിവാസി ജനവിഭാഗങ്ങൾ നേരിടുന്ന യഥാർഥപ്രശ്നങ്ങൾ പരിഹരിക്കുകയും വേണം’.

പശ്ചിമഘട്ട വനമേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിപിഐ(മാവോയിസ്റ്റ്)യോ അവർക്കെതിരെ യുദ്ധസജ്ജരായി നിൽക്കുന്ന തണ്ടർബോൾട്ട് സേനയോ എന്നു ചോദിച്ചാൽ തണ്ടർബോൾട്ടിനെ പുറത്താക്കൂവെന്നാണ് ആദിവാസികളുടെ ആവശ്യം. അതേ നിർദേശമാണ് സിപിഐ മുഖ്യമന്ത്രിക്കു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ തോക്കിനു മറുപടി തോക്ക് എന്നു കാര്യങ്ങൾ ചുരുക്കരുതെന്ന സിപിഎം സമീപനമല്ല നിയമസഭയിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത്. മാവോയിസ്റ്റ് വിപത്ത് കേരളത്തെയും ഗ്രസിക്കണോ എന്ന ചോദ്യം ഉയർത്തി വെടിയൊച്ചകളെ അദ്ദേഹം ശക്തമായി ന്യായീകരിക്കുന്നു. 

മാവോവാദവും കേരളവും

തലശ്ശേരി, പുൽപ്പള്ളി, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളുടെയും ഉന്മൂലനങ്ങളുടെയുമെല്ലാം രക്തരൂഷിത ചരിത്രമുള്ള കേരളത്തിലെ നക്സൽ പ്രസ്ഥാനം ഇതോടെ ചർച്ചകളുടെ കേന്ദ്രബിന്ദുവായി. സിപിഐ(എംഎൽ) കെ.വേണു പിരിച്ചുവിടുകയും കെ.എൻ.രാമചന്ദ്രൻ സിപിഐ(എംഎൽ– റെഡ്ഫ്ളാഗ്) രൂപീകരിച്ചു വഴിപിരിയുകയും ചെയ്തതോടെ ഇവിടെ വസന്തത്തിന്റെ ഇടിനാദം ഏതാണ്ടു നിലച്ചതാണ്.

സിപിഐ (എംഎൽ– നക്സൽബാരി) രൂപീകരിച്ച്  മുരളി കണ്ണമ്പിള്ളിയാണ് പ്രസ്ഥാനത്തിന്റെ ജീവൻ കാത്തത്. നക്സൽ ഗ്രൂപ്പുകൾ ഒത്തുചേർന്ന് 2004 ൽ രൂപംകൊണ്ട സിപിഐ(മാവോയിസ്റ്റ്)യിൽ മുരളിയുടെ ഗ്രൂപ്പ് 2014ൽ ലയിച്ചു. വൈകാതെ മുരളി മഹാരാഷ്ട്രയിൽ അറസ്റ്റിലായി. മറ്റൊരു പ്രമുഖ നേതാവായ രൂപേഷിനെയും പിടികൂടി. മാവോയിസ്റ്റ് അനുകൂല സംഘടനകളായ ‘അയ്യങ്കാളി’പ്പടയും ‘പോരാട്ട’വും ഇടയ്ക്കു ചില വാർത്തകൾ സൃഷ്ടിച്ചതൊഴിച്ചാൽ സംഘടന  ഉറക്കത്തിലെന്ന പ്രതീതിയാണു നിലനിന്നത്. ‘മുന്നണിപ്പോരാളി’ എന്ന മാസിക കൃത്യമായിറക്കാൻ പോലും ‘പോരാട്ട’ത്തിലെ പോരാളികൾക്കു കഴിയാതെയായി. ‘ജനാധിപത്യവിദ്യാർഥി സംഘടന’യും ‘പാഠാന്തരം’ മാസികയുമായി കുട്ടികൾ ഇറങ്ങിയെങ്കിലും അതും നിലച്ചു. മുരളി കണ്ണമ്പിള്ളി പൂണെയിൽ നാലുവർഷം വിചാരണത്തടവുകാരനായപ്പോൾ നിയമസഹായമെത്തിക്കുന്നതിൽപ്പോലും സംഘടനയ്ക്കു പരിമിതികളുണ്ടായി. ജൂലൈയിൽ ജാമ്യം കിട്ടിയ മുരളിക്ക് മാസത്തിൽ രണ്ടുതവണ പൂണെ പൊലീസിനു മുന്നിൽ ഹാജരാകണം. 

പശ്ചിമഘട്ടം എന്ന ‘ദളം’

സംസ്ഥാനാതിർത്തികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനശൈലിയുള്ള സിപിഐ(മാവോയിസ്റ്റ്) ഇതിനിടയിലാണു പശ്ചിമഘട്ട മേഖലാകമ്മിറ്റി രൂപീകരിച്ചു വനാന്തരങ്ങളിൽ പ്രവർത്തനം ശക്തമാക്കിയത്. കേരള അതിർത്തി തന്ത്രപരമായ ഒരു സുരക്ഷിത താവളമാക്കിയതിനപ്പുറം വിധ്വംസക പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകളില്ല. ‘ആക്ഷനെ’ക്കാൾ ‘ആക്ടിവിറ്റി’കളിൽ മുഴുകുന്ന സമീപനമാണ് അവർ സ്വീകരിച്ചതെന്നാണ് ആദിവാസികളുടെ മൊഴി.

കെ.പ്രകാശ് ബാബുവിന്റെ സിപിഐ സംഘം, വി.കെ. ശ്രീകണ്ഠന്റെ കോൺഗ്രസ് സംഘം, സി.പി.ജോണിന്റെ സിഎംപി സംഘം എന്നിങ്ങനെ മഞ്ചിക്കണ്ടിയിലെത്തിയ മൂന്നു രാഷ്ട്രീയ നേതൃത്വങ്ങളോടും പ്രദേശവാസികൾ അവർക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളുടെ നശീകരണശൈലിയും അതിന്റെ കണക്കുകളും ചൂണ്ടിക്കാട്ടി അവർ ആട്ടിൻപറ്റമല്ലെന്ന മുന്നറിയിപ്പ് മുഴക്കുകയാണു മുഖ്യമന്ത്രി. ഒരു ലക്ഷത്തോളം ഒളിപ്പോരാളികൾ സംഘടനയ്ക്കുണ്ടെന്നാണു കണക്ക്. ഈയിടെ ജനറൽസെക്രട്ടറിയായ ആന്ധ്ര ശ്രീകാകുളം സ്വദേശി ബസവ് രാജ് ശക്തമായ പടനീക്കങ്ങളിൽ വിശ്വസിക്കുന്നയാളുമാണ്.

പൊലീസ് സ്വയരക്ഷയ്ക്കായി നടത്തിയ വെടിവയ്പായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നതിനെ വ്യാജ ഏറ്റുമുട്ടലായി സിപിഐ ചിത്രീകരിക്കുമ്പോൾ ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയൽ അന്വേഷണങ്ങളിൽ യാഥാർഥ്യം പുറത്തുവരുമോ? മുഖ്യമന്ത്രിയുടെ  ആഭ്യന്തരവകുപ്പിനു കീഴിലാണ് ക്രൈംബ്രാഞ്ച്. ജില്ലാ കലക്ടറോ, ആർഡിയോ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണമെന്നാൽ സിപിഐയുടെ റവന്യുവകുപ്പിലുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണം എന്നുകൂടി അർഥമുണ്ട്. അവർ തെളിവെടുപ്പു തുടങ്ങുംമുൻപ് വെടിവയ്പ് അനിവാര്യമായിരുന്നുവെന്നു മുകളിലുള്ള ചീഫ് സെക്രട്ടറി വിധിയെഴുതിയതുകൊണ്ടാണു മുഖ്യമന്ത്രിയാണോ ചീഫ് സെക്രട്ടറിയാണോ വലുതെന്നു കാനം രാജേന്ദ്രൻ പൊട്ടിത്തെറിച്ചത്.

പതിനഞ്ചുവയസ്സു മുതൽ പൊലീസ് നിരീക്ഷണത്തിൽ എന്ന് അവകാശപ്പെടുന്ന അലൻ ഷുഹൈബും കൂട്ടുകാരൻ താഹയും മഞ്ചിക്കണ്ടി സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ യുഎപിഎ പ്രകാരം എന്തുകൊണ്ട് അറസ്റ്റിലായി? കാട്ടിലെ വെടിവയ്പ് വിമർശനവിധേയമായപ്പോൾ നാട്ടിലും കുഴപ്പമാണെന്നു വരുത്തുകയായിരുന്നോ പൊലിസിന്റെ ലക്ഷ്യം? പൊളിറ്റ്ബ്യൂറോ അംഗങ്ങളടക്കം ചോദ്യശരങ്ങൾ ഉയർത്തുമ്പോൾ കേന്ദ്രവും അമിത്ഷായും എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും അവരോടു മറുപടി പറയേണ്ട ബാധ്യത കൂടി സംസ്ഥാനത്തിനുണ്ടെന്നുമാണത്രെ ഭരണനേതൃത്വത്തിന്റെ മറുപടി.

English Summary: Maoist hunt and Pinarayi Vijayan Government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA