sections
MORE

ലാൽ ജോസിന്റേത് എന്ന പേരിൽ ഓഡിയോ സന്ദേശം; ഭീഷണിയായി ‘കൃത്രിമ ശബ്ദം’

frequency
SHARE

ഏതാനും ദിവസം മുൻപ് സംവിധായകൻ ലാൽ ജോസിന്റേത് എന്ന പേരിൽ ഒരു ഓഡിയോ സന്ദേശം വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചത് കേട്ടിരുന്നോ? ഒരിടത്ത് ഷൂട്ടിങ്ങിനു പോയ സിനിമാസംഘം, അവിടെ കണ്ട ചില കാഴ്ചകളെക്കുറിച്ചു പറയുന്നതാണ് വിഡിയോ.

സ്കൂൾ, കോളജ് വിദ്യാർഥികൾ കാടിനോടു ചേർന്നുള്ള സ്ഥലത്ത് കൂട്ടത്തോടെ വരുന്നതായും മാതാപിതാക്കൾ സൂക്ഷിക്കണമെന്നുമൊക്കെ ഉദ്ബോധിപ്പിക്കുന്ന ഓഡിയോയിലെ ശബ്ദം ലാൽ ജോസിന്റേതല്ലെന്ന് അദ്ദേഹത്തിന്റെ ശബ്ദം കേട്ടു പരിചയിച്ച നമുക്കു മനസ്സിലാക്കാവുന്നേതയുള്ളൂ. എന്നാൽ, ഇതാ സംവിധായകൻ ലാൽ ജോസ് പറയുന്ന ഈ കാര്യം കേൾക്കൂ എന്ന മട്ടിലാണ് ശബ്ദ ഫയൽ വാട്സാപ് സഞ്ചാരം നടത്തിയത്. സംഗതി കൈവിട്ടു പോകുമെന്ന നിലയായപ്പോൾ ലാൽ ജോസ് പൊലീസിൽ പരാതി നൽകി.

ഈ സംഭവത്തിൽ ശബ്ദം ലാൽ ജോസിന്റേതായിരുന്നില്ല, ആരോ അത് അദ്ദേഹത്തിന്റേതാണ് എന്ന മട്ടിൽ പ്രചരിപ്പിച്ചുവെന്നേയുള്ളൂ. എന്നാൽ, വ്യാജവാർത്തകളുടെയും വിവരങ്ങളുടെയും അധോലോകത്ത് ‘കൃത്രിമ ശബ്ദം’ ഇന്ന് വലിയൊരു ഭീഷണിയാണ്. നമ്മുടെ ശബ്ദത്തെ ഏതു രീതിയിലും മാറ്റിയെടുക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളും സോഫ്റ്റ്‍വെയറുകളും യഥേഷ്ടം ലഭ്യമാണ് ഇപ്പോൾ. സ്ത്രീശബ്ദം പുരുഷന്റേതാക്കാം, ഒരാളുടെ ശബ്ദം പല പ്രായത്തിലുള്ളവരുടേതാക്കാം...

ഇതിനെല്ലാം പുറമേയാണ്, ഡീപ് ഫേക്ക് ഓഡിയോ. (ഡീപ് ഫേക്ക് വിഡിയോയെക്കുറിച്ച് മു‍ൻപ് ഈ കോളത്തിൽ സൂചിപ്പിച്ചിരുന്നു.) നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരാളുടെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ചെടുക്കാൻ കഴിയും ഇതിലൂടെ. നമ്മൾ പറയാത്ത കാര്യം നമ്മൾ പറയുന്നതായി കേൾപ്പിക്കാനാകുമെന്നു ചുരുക്കം. നമ്മുടെ നാട്ടിൽ വ്യാപകമായിട്ടില്ലെങ്കിലും, ഇത് ഭാവിയിൽ വലിയൊരു ഭീഷണിയായി മാറുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്.

അത് അവിടുത്തെ പഞ്ചാബ്

ഈ തൊട്ടടുത്ത ദിവസങ്ങളിലാണ് കുട്ടികളെ ചുമരിൽ കെട്ടിത്തൂക്കിയിട്ടും മറ്റും ഒരു പുരുഷൻ ക്രൂരമായി മർദിക്കുന്ന അസ്വാസ്ഥ്യകരമായ വിഡിയോ വാട്സാപ്പിലെത്തിയത്.

നിങ്ങളിൽ പലരും അതു കണ്ടിട്ടുണ്ടാകും. ഈ വിഡിയോയ്ക്കൊപ്പം മലയാളത്തിൽ ഒരു ശബ്ദസന്ദേശവുമുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകന്റേതാണു ശബ്ദം. (ശബ്ദം തന്റേതു തന്നെ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്) വിഡിയോയെക്കുറിച്ച് അദ്ദേഹം പറയുന്നത്, ‘പ‍ഞ്ചാബിൽ എവിടെയോ നടന്ന സംഭവമാണെന്നു സംശയമുണ്ടെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന റാക്കറ്റിൽപെട്ടയാൾ രക്ഷപ്പെടാൻ ശ്രമിച്ചവരെ പിടികൂടി മർദിക്കുകയാണ്’ എന്നാണ്. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും സ്വന്തം മക്കളെ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരം മാഫിയകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ടെന്നതു സത്യമാണെങ്കിലും ഷെയർ ചെയ്യപ്പെടുന്ന വിഡിയോ ഇന്ത്യയിൽനിന്നുള്ളതല്ല എന്നാണ് അന്വേഷണത്തി‍ൽ മനസ്സിലായത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒക്കാറ എന്ന സ്ഥലത്താണു സംഭവമെന്നും കുട്ടികളെ മർദിക്കുന്നയാളെ അറസ്റ്റു ചെയ്തുവെന്നും ഗൾഫ് ടുഡേ പത്രവും ചില ടിവി ചാനലുകളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒക്കാറ പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ അറസ്റ്റു ചെയ്തയാളുടെ ചിത്രം ഉൾപ്പെടെ പോസ്റ്റു ചെയ്തിട്ടുമുണ്ട്.

English Summary: Deep fake audio causing real threat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA