sections
MORE

സർ, ഇടുക്കിയും കേരളത്തിലാണ്

idukki-trip4
SHARE

മറ്റു ജില്ലകളിലില്ലാത്തവിധം, ഇടുക്കി ജില്ലയിൽ മാത്രമുള്ള കെട്ടിടനിർമാണ നിയന്ത്രണത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇടുക്കിയിലെ സാധാരണക്കാരെ സഹായിക്കുന്ന നിലപാടാണ് ഭൂപതിവു ചട്ട ഭേദഗതിയിലൂടെ നടപ്പാക്കിയതെന്നു സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും കർഷകവിരുദ്ധ തീരുമാനമാണ് ഇതെന്നാണ് ഈ നിയന്ത്രണത്തിനെതിരെ ശബ്ദമുയർത്തുന്നവർ ഒരേ സ്വരത്തിൽ ആരോപിക്കുന്നത്.

സങ്കീർണമായ ഭൂവിഷയങ്ങളാണ് ഇടുക്കി ജില്ലയിലേത്. പട്ടയം, റീസർവേ കുരുക്കുകൾ എന്നിവയിൽ മാത്രമൊതുങ്ങുന്നില്ല ഈ മലയോര ജില്ലയുടെ പ്രശ്നങ്ങൾ. ഒരിക്കലും അറുതിയില്ലാത്ത ഭൂമിപ്രശ്നങ്ങൾക്കു നടുവിൽ നിൽക്കുന്ന ജനത്തിന് ഊരാക്കുടുക്കായിരിക്കുകയാണു സംസ്ഥാന സർക്കാർ ഈയിടെ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ.

ഓഗസ്റ്റ് 22ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ, ഭൂപതിവു ചട്ടപ്രകാരം പതിച്ചു നൽകിയ 15 സെന്റിനു മുകളിലുള്ള സ്ഥലങ്ങളിലെ നിർമാണങ്ങളും 1500 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങളും സ്ഥലം സഹിതം സർക്കാരിലേക്കു കണ്ടുകെട്ടാം എന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇടുക്കി ജില്ലയിലെ ഏറെ നിർമിതികൾ 1500 ചതുരശ്ര അടിക്കു മുകളിലായതിനാൽ അവയെയെല്ലാം ഈ ഉത്തരവു പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

ഇതിനു പിന്നാലെ, ഭൂമിയുടെ പട്ടയത്തിന്റെ സ്വഭാവം അനുസരിച്ചു മാത്രമേ കെട്ടിടനിർമാണം അനുവദിക്കൂ എന്ന തദ്ദേശ വകുപ്പിന്റെ ഉത്തരവ് സെപ്റ്റംബർ 25നും പുറത്തിറങ്ങി. ഇടുക്കി ജില്ലയിൽ എവിടെയും കെട്ടിടം നിർമിക്കാൻ വില്ലേജ് ഓഫിസറുടെ നിരാക്ഷേപ പത്രം (എൻഒസി) വേണമെന്നതു നിർബന്ധമാക്കുകയും ചെയ്തു. തുടർന്നാണ്, ജനവിരുദ്ധമെന്ന് ആരോപിച്ച് ഉത്തരവുകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്.

പ്രതിഷേധം ശക്തമായപ്പോൾ, ഭാവിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നത് മൂന്നാറിലെ എട്ട് വില്ലേജുകൾക്കായി പരിമിതപ്പെടുത്തിയെങ്കിലും നേരത്തേ പുറത്തിറക്കിയ ഉത്തരവിൽ കാര്യമായ ഭേദഗതികൾ വരുത്തിയിട്ടില്ല. ഇതും ഇടുക്കിയിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. 1964ലെ ഭൂപതിവു ചട്ടം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും മൂന്നാറുമായി ബന്ധമില്ലാത്ത ആനവിലാസം വില്ലേജിനെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങൾ സർക്കാർ മനസ്സിലാക്കുകതന്നെ വേണം. നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം ബാങ്കുകൾ വായ്പ പോലും നൽകുന്നില്ലെന്നും ചിലർക്കു പരാതിയുണ്ട്.

ഉത്തരവുകൾക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയും മറ്റു വിവിധ സംഘടനകളും യുഡിഎഫും ജില്ലയിലെ ഭരണകക്ഷിയിൽപെട്ട ജനപ്രതിനിധികളടക്കമുള്ളവരും സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

ചട്ടങ്ങൾ മറികടന്ന് ഉത്തരവുകൾ പുറപ്പെടുവിച്ച്, സ്വത്തും ഭൂമിയും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ പറയുന്നു. ഇടുക്കി ജില്ലയെ സ്പെഷൽ സോണായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷൻ, ഉത്തരവുകൾ റദ്ദാക്കാൻ ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകിയിട്ടുണ്ട്. ഉത്തരവുകൾ പിൻവലിച്ച് ഇടുക്കി ജനതയുടെ ആശങ്ക അകറ്റണമെന്നത് ഈ മലയോര ജില്ലയുടെ സുപ്രധാന ആവശ്യംതന്നെയായി സർക്കാർ തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.

മറ്റു ജില്ലകളിലുള്ളവർക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കി ജില്ലയിലുള്ളവർക്കും വേണ്ടേ എന്ന ചോദ്യം അങ്ങേയറ്റം പ്രസക്തമാണ്. പരാതികളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കു ഗുണപരമായ രീതിയിൽ മാറ്റം വരുത്തുന്ന തരത്തിൽ നയപരമായ തീരുമാനമെടുക്കാനുള്ള ചർച്ചയ്ക്കു സർക്കാർ സന്നദ്ധമാണെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കെട്ടിടനിർമാണ നിയന്ത്രണം നീക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതിലാണു മലയോര ജനതയുടെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA