ADVERTISEMENT

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണപ്രശ്നം ബഹുമുഖമാണ്. അതിനർഥം അതു നേരിടാൻ ഡൽഹി സർക്കാരും സമീപത്തുള്ള സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും ഏകോപിച്ചു പ്രവർത്തിക്കണം എന്നാണ്. ഒരു നഗരം ശ്വാസംമുട്ടി മരിക്കുമ്പോഴെങ്കിലും രാഷ്ട്രീയം കളിക്കാതിരിക്കാനുള്ള പക്വത നേതാക്കളിൽനിന്ന് ഡൽഹിക്കാർക്കു പ്രതീക്ഷിക്കാമോ?

രാജ്യത്തിന് ഉദ്വേഗത്തിന്റെ നാളുകൾ. സുപ്രീം കോടതിയുടെ അയോധ്യ വിധി പുറത്തുവരാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി. ആർഎസ്എസും ചില മുസ്‌ലിം സംഘടനകളും വിധി എന്തായാലും അതുപോലെ തന്നെ സ്വീകരിക്കുമെന്നും അതിന്റെ പേരിൽ ആഘോഷങ്ങളും മറ്റുമുണ്ടാകില്ലെന്നും പ്രസ്താവിച്ചിട്ടുള്ളത് ആശ്വാസപ്രദമാണ്.

2010ൽ അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയുള്ള അപ്പീലിലാണു സുപ്രീം കോടതി തീർപ്പു കൽപിക്കുക. ആ കേസിലെ കക്ഷികളായ ഭഗവാൻ രാം ലല്ല വിരാജ്മാൻ (പ്രതിഷ്ഠ), ക്ഷേത്രകാര്യങ്ങൾ നടത്താൻ അവകാശമുള്ള നിർമോഹി അഖാഡ, യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവർക്ക് കേസിനാധാരമായ അയോധ്യയിലെ 2.77 ഏക്കർ ഭൂമിയിൽ സംയുക്ത കൈവശാവകാശമുണ്ടെന്നു നിരീക്ഷിച്ച് ഭൂമി മൂന്നു കക്ഷികൾക്കും തുല്യമായി വിഭജിച്ചു കൊടുക്കാനാണ് അലഹാബാദ് ഹൈക്കോടതി വിധിയെഴുതിയത്.

1885ൽ മഹന്ത് രഘുബർ ദാസ്, ബാബറി മസ്ജിദിന്റെ പുറംമുറ്റത്തുള്ള രാമ ഛബൂത്തരയിൽ (പീഠം) ഒരു ക്ഷേത്രം പണിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസബാദ് ജില്ലാ കോടതിയെ സമീപിച്ചു. വർഗീയ പ്രശ്നങ്ങൾക്കു വഴിയൊരുക്കും എന്നു പറഞ്ഞ് അന്നത്തെ ജില്ലാ ജഡ്ജി കേസ് തള്ളി. ക്ഷേത്രം പണിയാൻ അനുവദിച്ചില്ലെങ്കിലും ഹിന്ദുക്കളുടെ ഉടമാവകാശം അംഗീകരിക്കുന്നതായിരുന്നു ആ വിധിയെന്നാണ് സുപ്രീം കോടതി മുൻപാകെ നിർമോഹി അഖാഡയും രാം ലല്ലയും വാദിച്ചത്. നേരത്തേ അലഹാബാദ് ഹൈക്കോടതി ഈ വാദം തള്ളിയിരുന്നു.

പ്രധാന വിഷയം ഇപ്പോൾ അലഹാബാദ് ഹൈക്കോടതി മൂന്നായി പങ്കുവച്ചിട്ടുള്ള 2.77 ഏക്കർ ഭൂമിയുടെ ഉടമാവകാശം തന്നെയാണ്. രാം ലല്ലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകർ ആ ഭൂമിയും അതിനു ചുറ്റും സർക്കാർ ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളും രാമന്റെ മൂർത്തിക്ക് ഒറ്റയ്ക്കു നൽകണമെന്നാണു വാദിച്ചത്. യുപി സുന്നി സെൻട്രൽ വഖഫ് ബോർഡിനു ഭൂമി അവരുടേതാണെന്നതിനു സംശയമില്ല. വിഗ്രഹം സ്ഥാപിച്ചിട്ടുള്ള ഇടത്തെപ്പറ്റി മാത്രമാണു തർക്കം.

1989ൽ മാത്രമാണു രാം ലല്ല കക്ഷി ചേരുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. രാമ ഛബൂത്തരയിൽ ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു. പൊളിച്ചുകളഞ്ഞ ബാബറി മസ്ജിദ് പുനർനിർമിച്ചു കൊടുക്കണമെന്നായിരുന്നു അവരുടെ മറ്റൊരു ആവശ്യം. വസ്തുതകളും വികാരങ്ങളും വിശ്വാസങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന അതിസങ്കീർണമായ ഒരു കേസിന്റെ വിധിക്കായാണു രാജ്യം കാത്തിരിക്കുന്നത്. 

 ഡൽഹിയുടെ ശ്വാസം 

കൊച്ചിയിൽനിന്ന് ഞാൻ സഞ്ചരിച്ചിരുന്ന വിമാനം ഡൽഹിയിൽ കൃത്യസമയത്ത് ഇറങ്ങിയപ്പോൾ യാത്രക്കാർ അദ്ഭുതപ്പെട്ടു. അതിന്റെ തലേദിവസം അതേ വിമാനം മുംബൈയിലേക്കു വഴിതിരിച്ചു വിട്ടിരുന്നു. കാരണം അപകടകരമായ അവസ്ഥയിലേക്കു നീങ്ങിയ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തന്നെ. സ്കൂളുകൾ അടച്ചിരിക്കുന്നു. ഒറ്റ – ഇരട്ട നമ്പർ വാഹനനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. പ്രശ്നം ഗുരുതരമാണെന്നു പെട്ടെന്നുതന്നെ അനുഭവപ്പെടും; വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങി കുറച്ചു സമയത്തിനകം കണ്ണെരിയാൻ തുടങ്ങി.

ഡൽഹിയുടെ മലിനവായുവിനു കാരണങ്ങൾ പലതാണ്. ആദ്യമായി പറയുന്നത് പഞ്ചാബിലെ കൃഷിക്കാർ കൊയ്ത്തുകഴിഞ്ഞ് വയലിൽ ശേഷിക്കുന്ന കറ്റ വൻതോതിൽ കത്തിക്കുന്നതിനാലാണ് എന്നാണ്. കൃഷിക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത് ആ സംസ്ഥാനത്തെ ജലദൗർലഭ്യമാണ്. വെള്ളം ധാരാളം ആവശ്യമുള്ള നെല്ലിന്റെ ഞാറു നടീൽ ഇതുമൂലം വൈകുന്നു. അതിനാൽ, അടുത്ത വിളയായ ഗോതമ്പിന് ആവശ്യത്തിനു സമയം കിട്ടുന്നില്ല. വയലുകൾ പെട്ടെന്നു തയാറാക്കുന്നതിനു കറ്റ തീയിട്ടു നശിപ്പിക്കാൻ കൃഷിക്കാർ നിർബന്ധിതരാകുന്നു. യന്ത്രങ്ങൾ ഉപയോഗിച്ചു വയൽ നിരപ്പാക്കുക എന്നുവച്ചാൽ അതിന്റെ ചെലവു കൃഷിക്കാർക്കു വഹിക്കാൻ പറ്റുന്നില്ല.

എന്നാൽ, ഡൽഹിയിൽ പഞ്ചാബിലെ കർഷകരാണ് ഇപ്പോൾ വില്ലന്മാർ. നഗരവാസികളെ ശ്വസിക്കാൻ അനുവദിക്കാത്ത ഗ്രാമീണർ! സത്യത്തിൽ ഇക്കാര്യം വളരെ പെരുപ്പിച്ചു പറയുന്നതാണ്. പഠനങ്ങളനുസരിച്ച് ഡൽഹിയിലെ മലിനവായുവിൽ കൃഷിയിടങ്ങളിൽനിന്നുള്ള പുക 12 ശതമാനം മാത്രമേ വരുന്നുള്ളൂ. ഡൽഹി സ്ഥിതി ചെയ്യുന്നത് താർ മരുഭൂമിയുടെ സമീപത്താണ്. അവിടെനിന്നുള്ള പൊടിക്കാറ്റിന് അൽപം തടയായിരുന്ന ആരവല്ലി മലകൾ ഹരിയാനയിൽ വൻതോതിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രധാന കാരണം, വാഹനങ്ങളും വ്യവസായങ്ങളും പവർപ്ലാന്റുകളും പുറന്തള്ളുന്ന പുക തന്നെയാണ്.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണപ്രശ്നം ബഹുമുഖമാണ്. അതിനർഥം അതു നേരിടാൻ ഡൽഹി സർക്കാരും സമീപത്തുള്ള സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും ഏകോപിച്ചു പ്രവർത്തിക്കണം എന്നാണ്. എന്നാൽ, സംഭവിക്കുന്നതോ നേരെ തിരിച്ചും. ബിജെപിയുടെ രാജ്യസഭ എംപി വിജയ് ഗോയൽ ഇരട്ടസംഖ്യയിൽ അവസാനിക്കുന്ന നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കായി നീക്കിവച്ച ദിവസം ഒറ്റ സംഖ്യയിലുള്ള എസ്‌യുവി ഓടിച്ച് 4000 രൂപ പിഴ ഏറ്റുവാങ്ങി. ഒരു നഗരം ശ്വാസംമുട്ടി മരിക്കുമ്പോഴെങ്കിലും രാഷ്ട്രീയം കളിക്കാതിരിക്കാനുള്ള പക്വത നേതാക്കളിൽനിന്ന് ഡൽഹിക്കാർക്കു പ്രതീക്ഷിക്കാമോ?

simon-taufel

അംപയറുടെ കഥ/ജീവിതം  

അംപയർമാരുടെ കഥകൾ നാം കുറച്ചേ കേട്ടിട്ടുള്ളൂ. ഈയിടെ പുറത്തിറങ്ങിയ, സൈമൺ ടോഫലിന്റെ ‘ഫൈൻഡിങ് ദ് ഗാപ്സ്’ എന്ന ആത്മകഥാപരമായ പുസ്തകം ക്രിക്കറ്റിനെ അംപയർമാരുടെ കണ്ണിലൂടെ കാണിച്ചു തരുന്നു. ക്രിക്കറ്റിൽ അദൃശ്യരായി കളിക്കുന്ന മൂന്നാമത്തെ ടീമാണ് അംപയർമാർ. അവർ കളി നിയന്ത്രിക്കുന്നു; അവരുടെ തെറ്റുകളും ശരികളും കളിയെ മാറ്റിമറിക്കാം. അവർ മനുഷ്യരാണെന്ന ബോധത്തിലാണ് അവരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ ഇപ്പോൾ യന്ത്രങ്ങൾക്കു വിട്ടുനൽകിയിട്ടുള്ളത്.

എന്നാൽ, ക്രിക്കറ്റിനെ ഏറ്റവും അടുത്തുനിന്ന് – സ്ക്വയർ ലെഗിൽ നിന്നും, നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്നും – കാണുന്ന അംപയർമാരുടെ കഥകൾ നാം കുറച്ചേ കേട്ടിട്ടുള്ളൂ. ഈയിടെ പുറത്തിറങ്ങിയ, സൈമൺ ടോഫലിന്റെ ‘ഫൈൻഡിങ് ദ് ഗാപ്സ്’ എന്ന ആത്മകഥാപരമായ പുസ്തകം ക്രിക്കറ്റിനെ അംപയർമാരുടെ കണ്ണിലൂടെ കാണിച്ചു തരുന്നു. ഐസിസിയുടെ ഏറ്റവും നല്ല അംപയർക്കുള്ള അവാർഡ് 5 തവണ വാങ്ങിയയാളാണ് ഓസ്ട്രേലിയക്കാരനായ ടോഫൽ.

പുസ്തകം തുടങ്ങുന്നത് പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റിലൂടെയാണ്. ഭീകരവാദി ആക്രമണം കാരണം ആ ടെസ്റ്റ് നിർത്തിവയ്ക്കേണ്ടി വന്നു. സംഭവം നടക്കുമ്പോൾ ടോഫൽ മാച്ച് നിയന്ത്രിക്കുന്നവരുടെ ബസിലായിരുന്നു. മെഷീൻ ഗണ്ണുകൾ തുരുതുരെ ശ്രീലങ്കയുടെ ബസിലേക്കു വെടിയുതിർക്കുമ്പോൾ അദ്ദേഹം സ്വന്തം ബസിന്റെ നിലത്ത് ചുരുണ്ടുകൂടിക്കിടന്നു. 1999 മുതൽ 2012 വരെ നീണ്ടുനിന്ന അദ്ദേഹത്തിന്റെ അംപയർ ജോലിയിലെ ഏറ്റവും പിരിമുറുക്കമുള്ള, മൈതാനത്തിനു പുറത്തെ നിമിഷം.

അംപയർമാർക്കുള്ള ഒരു കൈപ്പുസ്തകം കൂടിയാണ് ഫൈൻഡിങ് ദ് ഗാപ്സ്. താൻ ജോലി ചെയ്തിരുന്ന കാലത്ത് ക്രിക്കറ്റ് ആകെ മാറിയതും ടോഫൽ കണ്ടറിഞ്ഞു. കൂടുതൽ മികവുള്ള ടെക്നോളജി, അതു മുതലെടുക്കുന്ന കമേന്റേറ്റർമാർ – അംപയർമാർ കൂടുതൽ നിരീക്ഷപ്പെടുന്നു. ലോക ക്രിക്കറ്റിന്റെ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യ അംപയർമാരുടെ കാര്യത്തിലെങ്ങനെയാണ്? ഐസിസിയുടെ എലൈറ്റ് പാനലിൽ ഒരൊറ്റ ഇന്ത്യക്കാരനില്ല. ഓസ്ട്രേലിയയിൽ ദേശീയ അംപയറിങ് കോച്ച് സഹിതം, കളിക്കാർക്കു തുല്യമായ പരിശീലന പരിപാടിയുണ്ട്. കളിയുടെ സുപ്രധാന ഘടകമായ അംപയറിങ്ങിൽ ഇന്ത്യ ശ്രദ്ധിച്ചേ മതിയാവൂ.

സ്കോർപ്പിയൺ കിക്ക്: കേരളത്തിൽ ജാതിവാലുകൾ തിരിച്ചുവരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വാലുകൾ പ്രശ്നമല്ലെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് കാണിച്ചുതന്നിട്ടില്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com