sections
MORE

കോഡ് കേടാക്കും!

gdp-growth.jpg.image
SHARE

തൊഴിൽനിയമ പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന സാമൂഹിക സുരക്ഷാ കോഡ് കോർപറേറ്റുകളെ സഹായിക്കുന്നതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ലഭിക്കുമെന്ന സർക്കാർവാദം പൊള്ളയാണ്. സംസ്ഥാനങ്ങളിലെ സാമൂഹിക സുരക്ഷാ നടപടികൾ, വെൽഫെയർ ഫണ്ടുകൾ തുടങ്ങിയവ പുതിയ കോഡ് വരുന്നതോടെ അപ്രസക്‌തമാകും 

അഞ്ച് ട്രില്യൻ (5 ലക്ഷം കോടി) യുഎസ് ഡോളർ ജിഡിപിയുള്ള (മൊത്ത ആഭ്യന്തര ഉൽപാദനം) സമ്പദ്‌വ്യവസ്ഥയാകാൻ തയാറെടുക്കുന്ന ഇന്ത്യ, ലോകത്ത് സഹസ്രകോടികളുടെ സമ്പത്തുള്ള വ്യക്തികളെ ചുരുങ്ങിയ കാലയളവിൽ നേടിയെടുത്ത രാജ്യമാണ്. അതേസമയം, പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നാണു താനും. ഈയിടെ പുറത്തുവന്ന ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ. 

ഈ സാമ്പത്തിക അന്തരം വികസനത്തിനു വലിയ വെല്ലുവിളിയാണെന്ന് നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ പറഞ്ഞിട്ടുണ്ട്. ഇക്കുറി നൊബേൽ നേടിയ അഭിജിത് ബാനർജിയും ചൂണ്ടിക്കാട്ടി, ജിഡിപി വളർച്ച ‘ലക്ഷ്യമല്ലെന്നും’ മാർഗം മാത്രമാണെന്നും. എന്നാൽ, നാം വീണ്ടും ഈ സാമ്പത്തിക അന്തരം വർധിപ്പിക്കാനുള്ള വഴി തേടുകയാണ്. കോർപറേറ്റുകൾക്കു വമ്പൻ നികുതിയിളവുകൾ നൽകുകയും നിർണായക പൊതുമേഖലാ സ്ഥാപനങ്ങൾ പോലും സ്വകാര്യമേഖലയ്ക്കു തീറെഴുതുകയും ചെയ്യുന്നു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് 4 കോഡുകളായി (ചട്ടങ്ങൾ) ചുരുക്കാനുള്ള നടപടികളിലാണല്ലോ കേന്ദ്ര സർക്കാർ. ആ 4 കോഡുകളിൽ ഒന്നാണ്, സാമൂഹിക സുരക്ഷാ കോഡ്. നിലവിലുള്ള സാമൂഹിക സുരക്ഷാ നിയമങ്ങളുടെ ഏകീകരണം, ലളിതവൽക്കരണം എന്നിവയാണു ലക്ഷ്യമെന്നു സർക്കാർ വാദിക്കുന്നുണ്ടെങ്കിലും, ഫലത്തിൽ ഇതു തൊഴിലാളിവിരുദ്ധവും കോർപറേറ്റുകളെ സഹായിക്കുന്നതുമാണ്. ഇപിഎഫ് നിയമം, ഇഎസ്ഐ നിയമം, പ്രസവാനുകൂല്യ നിയമം, കെട്ടിട നിർമാണത്തൊഴിലാളി നിയമം, തൊഴിലാളി നഷ്ടപരിഹാര നിയമം, അനുബന്ധ വകുപ്പു നിയമം തുടങ്ങിയ നിയമങ്ങളെ സംയോജിപ്പിച്ചാണ് ഒറ്റ സാമൂഹിക സുരക്ഷാ കോഡ് കൊണ്ടുവരുന്നത്.

താരതമ്യേന ഏറ്റവും ചുരുങ്ങിയ വേതനം ലഭിക്കുന്ന ഇന്ത്യയിലെ തൊഴിലാളികൾക്ക് തങ്ങളുടെ ജീവിതത്തിന്റെ അവസാന നാളുകളിലും അപകട – രോഗാവസ്ഥകളിലും ഉപകാരപ്പെടാനുള്ള ആനുകൂല്യങ്ങളാണ് ഈ നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നത്. തൊഴിലാളിയുടെ വിഹിതം കൂടി ഉൾപ്പെടുത്തിയുള്ള ഈ ആനുകൂല്യങ്ങൾ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യങ്ങളിൽ ജീവനോപാധിയായിത്തീരുന്നു. ഈ നിയമങ്ങളൊക്കെ രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) കൺവൻഷനുകൾക്ക് അനുസൃതമായി ഉണ്ടാക്കിയിട്ടുള്ളവയാണ്. 

എന്നാൽ, തൊഴിലാളികൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിച്ച് ഉൽപാദന മേഖല ശക്തിപ്പെടുത്താമെന്ന മിഥ്യാധാരാണയിലാണ് കേന്ദ്ര സർക്കാർ പുതിയ സാമൂഹിക സുരക്ഷാ കോഡ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ പിഎഫിലും ഇഎസ്ഐയിലും കോടിക്കണക്കിനു രൂപ നീക്കിയിരിപ്പുണ്ട്. ഇത് ഓഹരി മൂലധനത്തിൽ നിക്ഷേപിച്ച് കോർപറേറ്റുകൾക്ക് അനായാസമായി മൂലധന സ്വരൂപണവും നടത്താം.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഈ പുതിയ കോഡ് മുഖേന സാമൂഹികസുരക്ഷ ലഭിക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. ഇന്നു നിലവിലുള്ള നിയമങ്ങൾ അസംഘടിത മേഖലയ്‌ക്കു കൂടി ബാധകമാക്കിയാൽ, ഈ കോഡില്ലാതെ തന്നെ അവർക്കും ആനുകൂല്യങ്ങൾ ലഭിക്കാവുന്നതേയുള്ളൂ. സാമൂഹിക സുരക്ഷ സാർവത്രികവും സമാനവുമായിരിക്കണം. അതിനു സർക്കാർ രാജ്യത്തെ മൊത്ത വരുമാനത്തിൽ ഒരംശം മാറ്റിവയ്‌ക്കേണ്ടതാണ്. വികസിത രാജ്യങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ 3 മുതൽ 6% വരെ അതിനായി നീക്കിവച്ചിട്ടുണ്ട്. ഈ നിയമങ്ങളിലോ പുതുതായി കൊണ്ടുവരുന്ന നിയമത്തിലോ ഗവൺമെന്റ് പങ്കാളിത്തം ഉറപ്പുവരുത്തുന്നില്ല. 

സംസ്ഥാന സർക്കാരുകൾ അതതു സംസ്ഥാനങ്ങളിൽ കൊണ്ടുവന്നിട്ടുള്ള സാമൂഹിക സുരക്ഷാ നടപടികൾ, വെൽഫെയർ ഫണ്ടുകൾ തുടങ്ങിയവ ഏകീകൃത സാമൂഹിക സുരക്ഷാ കോഡ് വരുന്നതോടെ അപ്രസക്‌തമായിത്തീരും. വീണ്ടും സമ്പത്ത് ഒരുവശത്തു കുന്നുകൂടുന്നതിനും ദാരിദ്ര്യം രൂക്ഷമാകുന്നതിനും ഇതു കാരണമാകും. മാത്രമല്ല, സാധാരണക്കാരന്റെ ക്രയശക്‌തി കുറയുന്നതോടെ ഉൽപാദനവും മുരടിക്കും. തൊഴിലാളികളെ ഉൽപാദന പ്രക്രിയയിലെ ചരക്ക് (കമ്മോഡിറ്റി) മാത്രമായി കാണാതെ, ഉൽപാദന പ്രക്രിയയിലെ തുല്യപങ്കാളിയായി അംഗീകരിച്ച് അവകാശങ്ങൾ നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നാൽ മാത്രമേ യഥാർഥ വികസനം സാധ്യമാകൂ. നമ്മുടെ ഭരണഘടനയുടെ മൗലിക അവകാശങ്ങളും നിർദേശകതത്വങ്ങളും ഉറപ്പുനൽകുന്നതാണ് ഈ അവകാശങ്ങൾ.

എന്നാൽ, സാമൂഹിക സുരക്ഷാ കോഡ് ഉൾപ്പെടെയുള്ള നാലു കോഡുകളും നടപ്പാകുമ്പോൾ, തൊഴിലാളി ഒരു കമ്മോഡിറ്റി മാത്രമായിത്തീരും. നാളിതുവരെ അംഗീകരിച്ചിരുന്നതും കൂടുതൽ അംഗീകാരത്തിനായി പോരാട്ടം നടത്തുന്നതുമായ സംവിധാനങ്ങൾ അപ്പാടെ ഇല്ലാതാകും. ഇതിൽ നശീകരിക്കപ്പെടുന്നതു മാനവികതയാണ്. മെച്ചമായ തൊഴിൽ, മെച്ചമായ വരുമാനം, തുല്യപങ്കാളി എന്ന സമീപനത്തിനു പകരം മൂലധനശക്‌തികൾക്കു പൂർണ അധികാരം നൽകുന്ന സംവിധാനത്തിലേക്കു തൊഴിൽമേഖല മാറ്റിസ്‌ഥാപിക്കപ്പെടുകയാണ്.

(എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമാണ് ലേഖകൻ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA