sections
MORE

റാഗിങ് എന്ന മനോവൈകൃതം

HIGHLIGHTS
  • ദേശീയ പവർലിഫ്റ്റിങ് ചാംപ്യൻ വരെ ഇരയാകുമ്പോൾ
SHARE

റാഗിങ് തടയാൻ കർശന നിയമമുണ്ടായിട്ടും ഈ ക്രൂരത തുടർന്നുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസരംഗത്തെ മാത്രമല്ല, സമൂഹത്തെയാകെ അമ്പരപ്പിക്കുകയും നടുക്കുകയുമാണ്. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ വിദ്യാർഥികളും ഹൗസ് സർജന്മാരുമടങ്ങുന്ന സംഘത്തിന്റെ മർദനത്തിൽ ദേശീയ പവർലിഫ്റ്റിങ് ചാംപ്യനു ഗുരുതര പരുക്കേറ്റതാണ് ഈ പ്രാകൃതപരമ്പരയിൽ ഒടുവിലത്തേത്.

സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർഥി അനെക്സ് റോൺ ഫിലിപ്പിനു മർദനമേറ്റതിനെത്തുടർന്ന് വലതു കയ്യിന്റെ തോളെല്ലിനു സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനെക്സിന് ഒരുമാസത്തെ വിശ്രമം ആവശ്യമാണ്. പരിശീലനം മുടങ്ങുന്നതുമൂലം ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്, 2017ലും 2018ലും ദേശീയ ചാംപ്യനായിരുന്ന അനെക്സ് പറയുമ്പോൾ അതിലെ കടുത്ത നഷ്ടബോധം നമുക്ക് ഊഹിക്കാം.

കഴിഞ്ഞ വർഷം ലോക സബ്ജൂനിയർ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിട്ടുമുണ്ട് അനെക്സ്. ദേശീയതലത്തിൽ ഒന്നാമതെത്തിയ ഒരു പവർലിഫ്റ്ററുടെ തോളെല്ലിന്റെ വില നന്നായി അറിയാവുന്ന മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജന്മാരും തന്നെയാണു റാഗിങ് നടത്തിയതെന്നത് ഈ കുറ്റത്തിന്റെ ആഴം കൂട്ടുന്നു.

റാഗിങ്ങിന്റെ പേരിലുള്ള ക്രൂരതകൾ സംസ്ഥാനത്തെ പല കോളജുകളിലും വിളയാടുമ്പോൾ പരിഷ്കൃതമെന്നു പറയുന്ന കേരളം ‌ലജ്ജിച്ചു തലതാഴ്ത്തുകതന്നെവേണം. അതു പലപ്പോഴും എല്ലാ അതിരുകളും കടന്നു പൈശാചികമാകാറുമുണ്ട്. റാഗിങ് മൂലം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്‌തവരും മാനസികരോഗികളായവരും കുറച്ചൊന്നുമല്ല. വീടും വീട്ടുകാരെയും വിട്ട് ഒട്ടേറെ ആശങ്കയുമായി കോളജിലെത്തുന്ന ആദ്യവർഷക്കാരെ ക്രൂരത കൊണ്ടു സ്വാഗതം ചെയ്യുന്നതു മനോവൈകൃതമായേ കരുതാനാകൂ. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തല്ലിച്ചതയ്‌ക്കുന്നതിലൂടെ ഇവരൊക്കെ എന്താണു നേടുന്നത്? റാഗിങ്ങിന്റെ പേരിൽ പ്രാകൃതവും ക്രൂരവുമായ കാര്യങ്ങൾ ചെയ്യുന്ന വിദ്യാർഥികൾ വളരുമ്പോൾ സമൂഹത്തിനുതന്നെ ഭീഷണിയാവില്ലെന്നു പറയാനാകുമോ?

മറുനാട്ടിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികളും പലപ്പോഴും കടുത്ത റാഗിങ് അനുഭവിക്കേണ്ടിവരുന്നുണ്ട്. നാടും വീടും വിട്ടു പുറത്തു പഠിക്കാൻ പോകുന്ന നമ്മുടെ കുട്ടികൾ കരുതലിനും സുരക്ഷയ്‌ക്കും വേണ്ടി ആശ്രയിക്കുന്നതു മുതിർന്ന മലയാളി വിദ്യാർഥികളെയാണ്. ഇവരിൽ ചിലർ തന്നെയാണു പലപ്പോഴും അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നത്. ക്രൂരപീഡനം സഹിക്കാനാവാതെ പഠനംതന്നെ ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തുന്ന കുട്ടികളും ഒട്ടേറെയാണ്. റാഗിങ് ഉണ്ടെന്നറിഞ്ഞിട്ടും ചെറുവിരലനക്കാത്ത മാനേജ്‌മെന്റുകളാണ് അയൽസംസ്‌ഥാനങ്ങളിലെ പല പ്രഫഷനൽ കോളജുകളിലുമുള്ളത്.

റാഗിങ് ക്രിമിനൽ കുറ്റമായി കണക്കാക്കി കടുത്ത ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം വർഷങ്ങൾക്കു മുൻപുതന്നെ കേരളം പാസാക്കിയിരുന്നു. തമിഴ്നാട് ഉൾപ്പെടെ മറ്റ് ഒട്ടേറെ സംസ്ഥാനങ്ങളിലും റാഗിങ് നിരോധിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശാനുസരണം മുൻ സിബിഐ ഡയറക്ടർ ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നിയമിച്ച ഏഴംഗ കമ്മിറ്റിയും റാഗിങ്ങിനെ നേരിടാൻ കർശന നടപടികൾ ശുപാർശ ചെയ്തിരുന്നു. റാഗിങ് തടയാനും റാഗിങ് നടത്തുന്നവരെ ശിക്ഷിക്കാനും ശക്തമായ നിയമങ്ങളുണ്ടായിട്ടും ഇതു നിർബാധം നടക്കുന്നത് ആരൊക്കെ കണ്ണടയ്ക്കുന്നതുകൊണ്ടാണ്?

സമൂഹത്തിന് ഒരിക്കലും പൊറുക്കാനാവാത്ത കുറ്റവാസനയും നിയമത്തോടുള്ള വെല്ലുവിളിയുമാണു റാഗിങ്ങിലുള്ളത്. നമ്മുടെ യുവമനസ്സുകളിൽ ഇത്രയേറെ ക്രൂരവാസന കുടികൊള്ളുന്നുവെന്ന അറിവുപോലും ഞെട്ടിക്കുന്നതു തന്നെ. കലാലയ അധികൃതരുടെയും സർക്കാരിന്റെയും സമൂഹത്തിന്റെയും നിതാന്തജാഗ്രതയ്‌ക്കൊപ്പം, റാഗ് ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന സ്ഥിതിയും നിലവിൽവന്നാൽ മാത്രമേ ഈ കലാലയ വൈകൃതത്തിന്റെ വേരറുക്കാനാകൂ.

English Summary: Ragging a mental deformity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA