ADVERTISEMENT

നിർമിതബുദ്ധി ഏതു തരത്തിലാണു സമൂഹത്തിൽ മാറ്റം വരുത്തുക? നാനോ ടെക്നോളജി ഇങ്ങനെ ഉപയോഗപ്പെടുത്തിയാൽ മതിയോ? – ചോദ്യങ്ങൾ കേരള കോൺഗ്രസ് (എം) നേതൃ‌സമ്മേളനത്തിലാണ്. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫാണ് ഉദ്ഘാടനപ്രസംഗത്തെ നാനോ ടെക്നോളജിയിലേക്കും നിർമിതബുദ്ധിയിലേക്കും വഴിതിരിച്ചുവിട്ടത്. ജോസഫിന് അനുകൂലമായി കോടതി വിധി വന്നതിനു പിന്നാലെ നടന്ന സമ്മേളനത്തിൽ ‘ആഞ്ഞടിക്കൽ’ പ്രതീക്ഷിച്ചെത്തിയ നേതാക്കൾ ബുദ്ധി മരവിച്ചിരുന്നു.

കേരള കോൺഗ്രസുകാർ രാഷ്ട്രീയം മാത്രം കേട്ടാൽ മതിയോ? പുതു സാങ്കേതികവിദ്യയെക്കുറിച്ചും അറിയണ്ടേ എന്ന് വർക്കിങ് ചെയർമാൻ ചോദിച്ചപ്പോൾ, യെസ് ഓർ നോ പറയാനാകാതെ നേതാക്കളൊന്നു പരുങ്ങി. വേണമെന്ന അർഥത്തിൽ ചിലരൊക്കെ തല കുലുക്കിയതോടെ ജോസഫ് സാർ ആവേശത്തോടെ ക്ലാസ് തുടർന്നു. സാർ സയൻസിലേക്ക് ഊളിയിട്ടതോടെ, പിന്നിലിരുന്ന ചില ‘വിദ്യാർഥികൾ’ ക്ലാസിനു പുറത്തേക്കും ഊളിയിട്ടു. ജോസഫ് സാറുണ്ടോ തളരുന്നു. എന്നാൽ, നമുക്കൊരു പാട്ടാവാം എന്നു പറഞ്ഞ് അടവൊന്നു മാറ്റി. 

‘‘മാമ്പഴക്കൂട്ടത്തിൽ മൽഗോവയാണു നീ,

മാസങ്ങളിൽ നല്ല കന്നിമാസം ...’’

സയൻസും പാട്ടും കഴിഞ്ഞു രാഷ്ട്രീയ വിഷയങ്ങളിലേക്കു കടക്കുമ്പോഴേക്കും കസേരകൾ പലതും കാലി!

ഇടതുചേരാതെ എന്തു ചരിത്രം?

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 1869 ജൂലൈ 8ന് ആയില്യം തിരുനാൾ മഹാരാജാവാണു നിർവഹിച്ചത്. പക്ഷേ, പിണറായി സർക്കാർ ഭരണസിരാകേന്ദ്രത്തിന്റെ 150–ാം വാർഷികം ആഘോഷപൂർവം കൊണ്ടാടിയതു കഴിഞ്ഞ ആഴ്ചയിലും. പരിപാടികളിൽ പ്രധാനപ്പെട്ടത് സെക്രട്ടേറിയറ്റിന്റെ ചരിത്രം പറയുന്ന കോഫി ടേബിൾ ബുക്കിന്റെയും കൈപ്പുസ്തകത്തിന്റെയും പ്രകാശനമായിരുന്നു. ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ കോഫി ടേബിൾ ബുക്കും കൈപ്പുസ്തകവും പ്രകാശനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ, കാര്യപരിപാടിയിൽനിന്നു പുസ്തകപ്രകാശനം അപ്രത്യക്ഷമായി.

പുസ്തകത്തിന് എന്തു പറ്റിയെന്ന് അന്വേഷിച്ച ചില ചരിത്രകുതുകികൾ എത്തിപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസിൽത്തന്നെ! അന്തിമാനുമതിക്കായി പുസ്തകം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. ഓഫിസിലെ ഒരു ഉന്നതന് പുസ്തകം അശേഷം പിടിച്ചില്ല. ഇടതു ചരിത്രകാരന്മാരൊന്നും എഴുതിയിട്ടില്ല എന്നതാണ് പ്രധാന ആക്ഷേപം. ഇടതുസർക്കാർ ഭരിക്കുമ്പോൾ ഇടതു ചരിത്രകാരന്മാരില്ലാതെ ഒരു ചരിത്രഗ്രന്ഥം പുറത്തിറങ്ങുകയോ? മൂന്നോ നാലോ ഇടതു ചരിത്രകാരന്മാരെക്കൂടി ഉൾപ്പെടുത്തി പുസ്തകം ഇറക്കാനാണത്രേ നീക്കം. ആരെഴുതിയാലും സെക്രട്ടേറിയറ്റിന് ഒരു ചരിത്രമല്ലേ ഉള്ളൂവെന്ന് ചിലർ അടക്കംപറയുന്നുണ്ട്.  

ബോഗിയെപ്പറ്റിയാണ് ബോഡി വേണ്ട!

ആലപ്പുഴ – എറണാകുളം മെമു ട്രെയിനിലെ പതിവു യാത്രക്കാർ ബോഗികളുടെ കുറവു കാരണം കഷ്ടപ്പെട്ടു തുടങ്ങിയിട്ടു കുറച്ചായി. സഹായിക്കാൻ ആരുമില്ലായിരുന്നു. സഹായമെത്തിയപ്പോഴോ, പല വഴിയിൽനിന്നെത്തി. എ.എം. ആരിഫ് എംപി ട്രെയിനിൽ യാത്ര ചെയ്തു പ്രശ്നങ്ങൾ പഠിക്കാനിറങ്ങി. കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ചെയർമാനെ കണ്ടു പറഞ്ഞു.

ആരിഫ് പഠനയാത്രയ്ക്കായി ട്രെയിനിൽ കയറുന്നതിനു മുൻപേ കൊടിക്കുന്നിലിന്റെ പ്രസ്താവന വന്നു: രണ്ടു ദിവസത്തിനകം 4 ബോഗികൾ കൂട്ടിച്ചേർക്കുമെന്നു റെയിൽവേ ബോർഡ് ചെയർമാൻ ഉറപ്പു നൽകി. എന്നാലും ഇന്നലെ ആരിഫ് യാത്രയും കൊച്ചിയിൽ അധികൃതരുമായി ചർച്ചയും നടത്തി. അദ്ദേഹത്തിനും കിട്ടി ഇതേ ഉറപ്പ്.

യാത്രക്കാർ എംപിമാരുടെയും ഇടപെടലിന്റെ ‘പുഷ് പുൾ’ കണ്ടു നിൽക്കുമ്പോൾ അതാ രണ്ടു പേരെയും തള്ളി റെയിൽവേയുടെ തീരുമാനം വരുന്നു – മെമു മൊത്തത്തിൽ പിൻവലിച്ച് പഴയ പാസഞ്ചർ ട്രെയിൻ വീണ്ടും ഇറക്കുന്നു.

തീരുമാനം എന്തായാലും തന്റെ മണ്ഡലത്തിലെ വിഷയത്തിൽ അയലത്തെ എംപി അതിരു മാന്തിയതു ശരിയല്ലെന്ന പരിഭവം ആരിഫിനുണ്ട്. അത് എംപി പരസ്യമാക്കുകയും ചെയ്തു. കൊടിക്കുന്നിലിനു ശരീരവലുപ്പത്തിനൊത്ത ബുദ്ധിയില്ലെന്നാണ് ആരിഫിന്റെ നിരീക്ഷണം. ബോഗി വിഷയത്തിൽ കൊടിക്കുന്നിലിന്റെ ബോഡിയെപ്പറ്റി ആരിഫ് പറഞ്ഞത് ഇത്തിരി മോശമായിപ്പോയില്ലേ എന്ന് കേട്ടവർക്കു സംശയം.

ജലപീരങ്കി ഒന്നെങ്കിലും വേണം, ഓരോ ഗ്രൂപ്പിനും

കോൺഗ്രസുകാർ പരസ്പരം തോൽപിക്കാതിരുന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കൊല്ലത്തെത്തി പറഞ്ഞത്. പ്രസംഗത്തിനു കയ്യടിച്ച നേതാക്കളും പ്രവർത്തകരും നേരത്തോടു നേരമാകും മുൻപേ പഴയ പടിയായി. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു വരുന്നുവെന്നു കേട്ടപ്പോൾ തുടങ്ങിയതാണു കൊല്ലത്തെ പുതിയ പരിപാടികൾ. യൂത്തിലെ ഓരോ ഗ്രൂപ്പും രാവിലെ 10 പേരെയും കൂട്ടി മാർച്ച് നടത്തും. ഒരു ജലപീരങ്കിയുണ്ടയെങ്കിലും ഏറ്റുവാങ്ങി തൃപ്തിയടയണം, അത്രേയുള്ളൂ! യൂത്ത് മാത്രമല്ല, കെഎസ്‌യുവും തുടങ്ങിയിട്ടുണ്ട് ഈ പണി.

ഗ്രൂപ്പുതിരിഞ്ഞുള്ള കലാപരിപാടികൾക്കെതിരെ ബോധവൽക്കരണം നടത്തി വേണുഗോപാൽ പോയതിന്റെ പിറ്റേ ദിവസം. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷികദിനത്തിൽ കോൺഗ്രസുകാർ വീണ്ടും ‘പാരമ്പര്യം’ കാത്തു. സ്മൃതികുടീരത്തിലേക്കു ചേരിതിരിഞ്ഞു പുഷ്പചക്രവുമായി അവർ അടിവച്ചു. ജില്ലാ കമ്മിറ്റിയുടെ പരിപാടിയോടു സഹകരിക്കാതെ കീഴ്കമ്മിറ്റികളും പുഷ്പചക്രം വീശി മാതൃകയായി! 

താത്വികാവലോകനം കാത്ത്

മുള്ളുകൊണ്ട് എടുക്കാമായിരുന്നത് മണ്ണുമാന്തികൊണ്ട് എടുക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട് കോഴിക്കോട്ടെ സിപിഎം നേതൃത്വം. സിപിഎം ആശയത്തിൽ വിശ്വസിക്കുകയും സജീവപ്രവർത്തകരായിരിക്കുകയും ചെയ്യുന്ന യുവാക്കൾക്ക് മറ്റൊരു ആശയത്തിനായി പ്രവർത്തിക്കാൻ കഴിയില്ലെന്ന യുക്തിയാണ് നേതാക്കൾ തുടക്കം മുതലേ  ഉന്നയിക്കുന്നത്. അതങ്ങനെയാണല്ലോ– അംഗങ്ങളുടെ ചിന്തയും വിചാരവുമൊക്കെ പാർട്ടിയുടെ തോട്ടി കൊണ്ടുള്ള നിയന്ത്രണത്തിലായിരിക്കും എപ്പോഴും. അല്ലാതെ അന്തർധാരകൾ ഉണ്ടാകില്ല!

എന്നിട്ടും യുഎപിഎ ചുമത്തി അറസ്റ്റിലായ 2 പാർട്ടി പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നുവെന്ന് സംസ്ഥാന െസക്രട്ടേറിയറ്റിൽ നൽകിയ റിപ്പോർട്ടിന്റെ വൈരുധ്യാത്മകത ഇപ്പോഴും തീർത്തും വിശദീകരിക്കാനായിട്ടില്ല. താത്വികാവലോകനത്തിനു കാത്തിരിക്കുകയാണ് അണികൾ. അതിനാൽ ജില്ലാ നേതൃത്വത്തിനു നേരെയുള്ള ചോദ്യങ്ങൾ ശബ്ദരൂപത്തിലായിട്ടില്ല. അറസ്റ്റിലായ രണ്ടുപേർക്കും നൽകിയ സസ്പെൻഷൻ എല്ലാ ശബ്ദരൂപങ്ങളെയും അടക്കാൻ മതിയാകുമോ എന്നതു കാത്തിരുന്നു കാണുകയേ നിവ‍ൃത്തിയുള്ളൂ!

അതേസമയം, ജില്ലയിൽ ഒട്ടേറെ യുവാക്കൾ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാകുന്നുവെന്ന കണ്ടെത്തൽ തുപ്പാനും ഇറക്കാനും വയ്യാതെ പാർട്ടിനേതൃത്വത്തിന്റെ ഒറ്റയും ഇരട്ടയുമായ ചങ്കുകളിലിരുന്നു വിങ്ങുകയും ചെയ്യുന്നു!  

കൺഫ്യൂഷൻ തീരുന്നില്ലല്ലോ..!

അട്ടപ്പാടിയിൽ മാവേ‍ായിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു വെടിവച്ചു കെ‍ാന്നതാണെന്ന ആരോപണം സിപിഐ ഉൾപ്പെടെ ആവർത്തിക്കുമ്പോൾ ആകെ കൺഫ്യൂഷനിലാണു പാലക്കാട്ടെ ഉദ്യോഗസ്ഥർ. ഉത്തരവുകൾ ഒന്നൊന്നായി തിരുത്തുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. 

അന്വേഷണ ഉദ്യേ‍ാഗസ്ഥനായ ഡിവൈഎസ്പിയെ മാറ്റിയതാണ് ആദ്യ തിരുത്ത്. ഡിവൈഎസ്പി രണ്ടാമത്തെ വെടിവയ്പു നടന്ന സമയത്തു സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം തന്നെ അന്വേഷണ ഉദ്യേ‍ാഗസ്ഥനാവുന്നത്, ഏറ്റുമുട്ടൽ മരണം സംബന്ധിച്ച സുപ്രീം കോടതി നിർദേശങ്ങളുടെ ലംഘനമാണെന്നു സംശയം തോന്നിയതാണു തിരുത്തിനു കാരണം. 

പൊലീസ് അന്വേഷണത്തിനു സമാന്തരമായുള്ള മജിസ്റ്റീരിയൽ അന്വേഷണം ആരു നടത്തണമെന്നതായി രണ്ടാമത്തെ സംശയം. സബ് കലക്ടർ അന്വേഷിക്കുമെന്ന് അറിയിപ്പു വന്നെങ്കിലും അദ്ദേഹം മാവേ‍ായിസ്റ്റുകളുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിനാൽ അതും കേ‍ാടതി നിർദേശത്തിനു വിരുദ്ധമാകുമേ‍ാ എന്നായി ആശങ്ക. ജില്ലാ മജിസ്ട്രേട്ടായ കലക്ടർ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അന്വേഷണം മുന്നോട്ടു പോകുമ്പോൾ ഇനിയെന്തൊക്കെ സംശയങ്ങളുണ്ടാകുമെന്നു കണ്ടറിയാം. 

തുഞ്ചന്റെ പൈങ്കിളി ഇംഗ്ലിഷിൽ പാടട്ടെ

മലയാളം മാറ്റി ഇംഗ്ലിഷ് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ബോധവൽക്കരണം ആരംഭിച്ചിരിക്കുന്നു അഖിലകേരള എഴുത്തച്ഛൻ സമാജം! സംഘടനയുടെ ഭാഷാസ്നേഹം കണ്ട് സാക്ഷാൽ മുഖ്യമന്ത്രിതന്നെ അന്തംവിട്ടുപോയി. സമാജത്തിനു കീഴിൽ പാലക്കാട് എലവഞ്ചേരിയിൽ വി.ആർ.ക‍ൃഷ്ണനെഴുത്തച്ഛൻ ലോ കോളജിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. മലയാളം മാറ്റി ഇംഗ്ലിഷ് പഠനമാധ്യമമാക്കുന്നതോടെ ഉച്ചനീചത്വം കുറയുമെന്നും സമത്വസുന്ദര സമൂഹം കൈവരുമെന്നുമൊക്കെ സ്വാഗത പ്രസംഗകൻ വച്ചുകാച്ചി.

ഉദ്ഘാടനത്തിന് എഴുന്നേറ്റ മുഖ്യമന്ത്രി, സംഘടനയുടെ മലയാളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഞെട്ടൽ രേഖപ്പെടുത്തി. പ്രസംഗം കടന്ന കയ്യായിപ്പോയി എന്ന് തനി നാട്ടുമലയാളത്തിൽ മൊഴിഞ്ഞു. ഒരു ഭാഷയോടും വിരോധമില്ലെന്നും പക്ഷേ, മലയാളം മാറ്റിനിർത്തി ഇംഗ്ലിഷ് പഠിക്കണമെന്ന അഭിപ്രായത്തോടു യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കളിത്തട്ടിലിരിക്കാൻ ഇത്തിരി നേരം വരൂ എന്നു പറ​ഞ്ഞു വിളിച്ചുവരുത്തിയ മുഖ്യമന്ത്രി അജ്ജാതി മറുപടി പറയുമെന്ന് ആരും കരുതിയേയില്ല. മുഖ്യമന്ത്രി വിയോജിച്ചതോടെ, ‘ഇംഗ്ലിഷ് ബോധവൽക്കരണ’ത്തോടുള്ള എതിർപ്പ് സംഘടനയിലുള്ളവരും പറഞ്ഞുതുടങ്ങി.

മൂക്കിലൂടെ ശ്വാസം വലിക്കാമോ സർ?

cartoon-2

‘മൂക്കിൽ വലിച്ചു കേറ്റുമോ?’ എന്ന ചോദ്യം കേട്ടാൽ കൊച്ചി സിറ്റിയിലെ പൊലീസുകാർ ഇപ്പോൾ മൂക്കുംകുത്തി വീഴും. നിലം നികത്തലുകാരോട്, ‘മൂക്കിൽ വലിച്ചു കേറ്റുമോ?’ എന്നു ചോദിച്ചതിന് ഒരു എസ്ഐ അടക്കം 4 പൊലീസുകാർ മലബാറിലേക്കു നാടുകടത്തപ്പെട്ടിരിക്കുകയാണ്. 

പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പളത്ത് നിലംനികത്തലുകാരുടെ ടിപ്പറും മണ്ണുമാന്തിയുമൊക്കെ പൊലീസ് പിടിച്ചെടുത്തതാണു തുടക്കം. നികത്തലുകാർ സ്റ്റേഷനിലെത്തി, വാഹനങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ പറഞ്ഞപ്പോൾ, ‘പൊലീസിലെ ഒരു വല്യേമാനു പാർട്ണർഷിപ്പുള്ള സ്ഥലമാണ്’ എന്നായിരുന്നു മറുപടി. ഇതിന് ഒരു പൊലീസുകാരൻ നൽകിയ മറുപടിയാണ് ‘മൂക്കിൽ വലിച്ചു കേറ്റുമോ’യെന്ന്. നികത്തലുകാർ ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകി. സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് പൊലീസുകാർക്ക് അനുകൂലമായിരുന്നു. പക്ഷേ, ഏമാൻ ഇടപെട്ടു റിപ്പോർട്ട് മാറ്റിയെഴുതിച്ചു. മോശം പെരുമാറ്റമെന്നു പറഞ്ഞ് 4 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. 

തയാറാക്കിയത്: അരുൺ എഴുത്തച്ഛൻ, ടി.ബി. ലാൽ, സാക്കിർ ഹുസൈൻ, ജയചന്ദ്രൻ ഇലങ്കത്ത്, കെ.ജയപ്രകാശ് ബാബു, ഷെറിൻ മുഹമ്മദ്, എം.പി.സുകുമാരൻ

English Summary: Kerala science congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com