ADVERTISEMENT

സ്ഥിരമായി മദ്യപിക്കുമായിരുന്നു അയാൾ. പക്ഷേ, എന്നും വൈകിട്ടു വീട്ടിലെത്തുമ്പോൾ മക്കൾക്കായി ഒരു സമ്മാനപ്പൊതി കരുതുമായിരുന്നു. ഒരു ദിവസം പണി കഴിഞ്ഞ് വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അദ്ദേഹം പതിവിലധികം വൈകിയിരുന്നു. എന്നും കയറുന്ന കടയിലെത്തി അയാൾ കടക്കാരനോടു പറഞ്ഞു, മക്കൾക്ക് ഇതുവരെ കൊടുക്കാത്ത തരം സമ്മാനം വേണം. കടക്കാരൻ പറഞ്ഞു, ‘എങ്കിൽ നിങ്ങളൊരു കാര്യം ചെയ്യണം. ഇന്നു മദ്യപിക്കാതെ വീട്ടിലെത്തണം. സുബോധത്തോടെ ചെല്ലുന്ന അപ്പനായിരിക്കും അവർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം.

സ്വയം സമ്മാനമാകുക എന്നതാണ് ഒരാൾക്കു നൽകാൻ കഴിയുന്ന അമൂല്യ സമ്മാനം. വിലപിടിപ്പുള്ള പൊതിക്കെട്ടുകളെക്കാൾ വിലമതിക്കാനാകാത്ത സാന്നിധ്യമാണ് യഥാർഥ സമ്മാനം. ഹൃദയത്തിൽ സ്ഥാനമുള്ളവരുടെ സാമീപ്യം തന്നെ ഹൃദയസ്‌പർശിയാണ്. സാന്നിധ്യം കൊണ്ടുതന്നെ സമ്പന്നമാകുമെങ്കിൽ പിന്നെന്തിനാണു കാഴ്‌ചദ്രവ്യങ്ങൾ? സാമീപ്യം കൊണ്ടു സ്‌നേഹിക്കാനറിയാത്തവർ സമ്മാനം കൊണ്ടു സ്നേഹിക്കാൻ നോക്കും.

നൽകുന്ന സമ്മാനത്തിനു വേണമെന്നു വാശിപിടിക്കുന്ന നിലവാരവും അനന്യതയും കൊടുക്കുന്ന കൈകൾക്കു കൂടി ഉണ്ടാകണമെന്നു ശഠിച്ചിരുന്നെങ്കിൽ പാരിതോഷിക സങ്കൽപം തന്നെ മാറിയേനെ. ഇഷ്‌ടമില്ലാത്തവർ നൽകുന്ന പൊൻനാണയത്തെക്കാൾ വിശിഷ്ടം, ഇഷ്‌ടമുള്ളവർ നൽകുന്ന കടുകുമണിയാകും.

കൊടുക്കുന്നവർക്ക് ഇഷ്ടമുള്ള സമ്മാനത്തെക്കാൾ സ്വീകരിക്കുന്നവർ ഇഷ്ടപ്പെടുന്ന സമ്മാനങ്ങൾ നൽകാൻ നാം എന്നാണു പഠിക്കുക? ഒരു സമ്മാനവും അതു നൽകുന്ന ആളെക്കാൾ വിശിഷ്‌ടമല്ല. സ്വന്തം ഗുണനിലവാരം വർധിപ്പിക്കുക എന്നതാണ് മൂല്യവർധിത സമ്മാനങ്ങൾ നൽകുന്നതിനുള്ള എളുപ്പമാർഗം. അപരന്റെ ആഗ്രഹങ്ങളറിഞ്ഞ് പാരിതോഷികങ്ങൾ നൽകുന്നവരാണ് യഥാർഥ അഭ്യുദയകാംക്ഷികൾ. അല്ലാത്തവരെല്ലാം ചടങ്ങു തീർക്കുന്നവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com