sections
MORE

വാചകമേള

vachakamela
SHARE

∙ സുനിൽ പി.ഇളയിടം: ആളുകളെ വെടിവച്ചു കൊന്നും ലഘുലേഖ കൈവശം വച്ചു എന്നാരോപിച്ച് യുഎപിഎ ചുമത്തിയും നടത്തുന്ന മാവോയിസ്റ്റ് വേട്ട ഇടതുപക്ഷം പുലർത്തേണ്ട രാഷ്ട്രീയ നിലപാടിനെത്തന്നെയാണു റദ്ദാക്കുന്നത്. മാവോയിസ്റ്റ് രാഷ്ട്രീയത്തെ എതിർക്കാനുള്ള വഴി അവരെ വെടിവച്ചു കൊല്ലലാണെന്നു വരുന്നത് പൊലീസ് വാഴ്ചയുടെ കിരാത യുക്തിയാണ്. ഒരു ജനാധിപത്യ ഭരണകൂടവും അത് അതേപടി ഏറ്റുപാടരുത്.

∙ എസ്. രാമചന്ദ്രൻപിള്ള: മാവോയിസ്റ്റുകളെന്ന്‌ അവകാശപ്പെടുന്നവർക്ക്‌ മാർക്‌സിസവുമായോ മാവോയുടെ ആശയങ്ങളോ പ്രവർത്തന സമ്പ്രദായങ്ങളുമായോ ഒരു ബന്ധവുമില്ല. ഒരു പ്രത്യയശാസ്‌ത്രപരമായ നിലപാടും അവർക്കില്ല. ഭീകരപ്രവൃത്തികളിൽ മാത്രമാണ്‌ അവർ ശ്രദ്ധിക്കുന്നത്‌. ഒരു ജനകീയസമരത്തിന്റെ മുൻപന്തിയിലും ഇവരെ കാണാറില്ല.

∙ ടി.പത്മനാഭൻ: കാരൂർ, തകഴി, ബഷീർ, പൊൻകുന്നം വർക്കി എന്നിവർ കഥാരചന നടത്തിയ കാലശേഷം വായനക്കാർ ചെറുകഥയിൽനിന്നു രക്ഷനേടാൻ ഓടിപ്പോകേണ്ട ഗതിവന്നു. 11 പേജുള്ള, യുവകഥാകൃത്തുക്കളുടെ രചനകൾ വായിക്കുമ്പോൾ തലയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിക്കുന്ന അനുഭവമാണ് ഉണ്ടാകുന്നത്.

∙ എം.മുകുന്ദൻ: പുനത്തിൽ കുഞ്ഞബ്ദുല്ല സ്വാതന്ത്ര്യം ആഗ്രഹിച്ചു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞു പൂർണ സ്വതന്ത്രനായി. അവസാന നാളുകളിൽ സ്വത്തും പണവും യശസ്സും എല്ലാം പോയി. സമ്പാദ്യങ്ങളുടെയോ ഇഹലോക ബന്ധങ്ങളുടെയോ വസ്ത്രങ്ങളില്ലാതെ നഗ്നനായി പരലോകം പ്രാപിച്ചു.

∙ പെരുമ്പടവം ശ്രീധരൻ: ‘ഒരു സങ്കീർത്തനം പോലെ’ യ്ക്കു പിന്നാലെ വിമർശകരുടെ ഒരു സംഘമുണ്ടായിരുന്നു. അവരുടെ അസഹിഷ്ണുത അവർ പ്രകടിപ്പിച്ചു. എനിക്ക് ഒരസ്വസ്ഥതയും തോന്നിയില്ല. ആരെങ്കിലും ദുഷ്ടലാക്കോടെ വിമർശിച്ചെന്നോർത്ത് സാഹിത്യകൃതിക്ക് ഒരു ദോഷവും സംഭവിക്കുന്നില്ല.

∙ ഡോ. എം.എസ്. വല്യത്താൻ: നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രഫഷനൽ അറിവിൽ മുന്നേറുമ്പോഴും അവർക്ക് ആശയങ്ങൾ നന്നായി എഴുതി ഫലിപ്പിക്കാനുള്ള കഴിവു കുറഞ്ഞുവരുന്നു. സൂപ്പർ സ്പെഷ്യൽറ്റി പരീക്ഷകളിൽ ബുള്ളറ്റ് പോയിന്റുകൾ ഉത്തരമായി എഴുതുന്നു. ഒരു പൂർണവാചകത്തിൽ ഉത്തരമെഴുതാൻ അവർക്കു കഴിവില്ലാതായി. ഈ രീതിമൂലം ഇന്ത്യയിൽനിന്നുള്ള ഗവേഷണ പ്രബന്ധങ്ങൾ വായിക്കാൻ കൊള്ളില്ലെന്നു പറഞ്ഞ് രാജ്യാന്തര ജേണലുകൾ മടക്കുന്നു.

∙ ശ്രീകുമാരൻ തമ്പി: മലയാള സിനിമയിൽ വർഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും. മുസ്‌ലിംകൾ മാത്രം സഹായിച്ചതു കൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത്? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാനഗന്ധർവനായത്? ജാതിയും മതവുമല്ല, പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം. 

∙ സി.എസ്.ചന്ദ്രിക: എന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ സ്ത്രീകളെ തെറിപറഞ്ഞ് ആൾക്കൂട്ട ലൈംഗികാക്രമണം നടത്തുന്ന സ്വഭാവമുള്ളവർ ആരാണെന്ന് എല്ലാവർക്കുമറിയാം. ഇവരാണ് വാളയാറിലെ കുഞ്ഞുങ്ങൾക്കു നീതി വേണമെന്നു പറഞ്ഞ് ബഹളം വയ്ക്കുന്നവർ! ചിരിക്കുകയല്ലാതെ എന്തു ചെയ്യും!

∙ വിജയലക്ഷ്മി: ഇഷ്ടപ്പെട്ട ചലച്ചിത്രം തനിച്ചിരുന്നു കാണുമ്പോൾ, ലൈംഗികതയ്ക്കു സമാനമായ എന്തോ സംഭവിക്കുന്നു. നമ്മൾ സ്വതന്ത്രരാകുന്നു. നമുക്കു കരയാം, ചിരിക്കാം, കയ്യടിക്കാം. ലോകത്തെ കണക്കിലെടുക്കേണ്ടതില്ല.

∙ പ്രഭാവർമ: ചങ്ങമ്പുഴയുടെ പ്രധാനഭാവം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നു വിഷാദാത്മകതയാണ്. അതു വയലാർ കവിതകളിലില്ല. വയലാർ കവിതകളിൽ ഉടനീളം പ്രസാദാത്മകതയാണ്. അതുപോലെ ശാസ്ത്രയുക്തി, ബുദ്ധി എന്നിവയെ അധികമൊന്നും അനുസരിച്ചുപോന്നിട്ടില്ല ചങ്ങമ്പുഴക്കവിതകൾ. എന്നാൽ, ശാസ്ത്രയുക്തിക്കു നിരക്കാത്ത ഒരു വരി പോലും എഴുതിയിട്ടില്ല വയലാർ എന്നതാണു സത്യം.

∙ രജീഷ വിജയൻ: സിനിമയിൽ എപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമുണ്ട്. എളിമയുള്ളവരേ വലുതായിട്ടുള്ളൂ. അവരാണ് ഏറ്റവും വലിയ അച്ചീവേഴ്സ്. നേടിക്കഴിഞ്ഞാലും അവർ ആ വിനയം കൈവിടാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA