sections
MORE

അയോധ്യ വിധി ഓർമിപ്പിക്കുന്നത്

ayodhya-case-supreme-court
SHARE

അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിനു കൈമാറാനും മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനുമുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠ വിധി ചരിത്രപരമാണ്. ശനിയാഴ്ചയുണ്ടായ വിധി സ്വാഭാവികമായും യോജിച്ചും വിയോജിച്ചുമുള്ള അഭിപ്രായങ്ങൾക്കു കാരണമായെങ്കിലും, വിധിയെ മാനിക്കുന്നുവെന്നു പൊതുവേയുണ്ടായ പ്രതികരണത്തിലൂടെ രാജ്യം മതനിരപേക്ഷതയെ മുറുകെപ്പിടിച്ചു.

രാജ്യചരിത്രത്തിൽ ഇതിനകമുണ്ടായ എത്രയോ പ്രതിസന്ധികളെ സംയമനത്തോടെ അതിജീവിക്കാനും മതങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മുറിവുകളെ കരുതലോടെ തൊട്ടുണക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതിഷേധസ്വരങ്ങൾ ഉണ്ടായെങ്കിൽപോലും വിധി പൊതുവായി മാനിക്കപ്പെട്ടപ്പോൾ നൂറ്റിമുപ്പത്തിയേഴു കോടി മനസ്സുകളുടെയും ഹൃദയമിടിപ്പിൽ നിറഞ്ഞുനിൽക്കുന്നത് ഒരേയൊരു ഇന്ത്യ എന്ന വികാരം തന്നെയാണെന്ന് ഒരിക്കൽക്കൂടി നാം തെളിയിക്കുകയായിരുന്നു.

കോടതിയുടെ അന്തിമതീർപ്പ് സുന്നി വഖഫ് ബോർഡും മുസ്‌ലിം ലീഗുമൊക്കെ മാനിച്ചതിൽത്തന്നെയുണ്ട് രാജ്യത്തിനുവേണ്ടിയുള്ള ആദരണീയമായ ഹൃദയവായ്പ്. അയോധ്യ കേസിലെ സുപ്രീം കോടതി വിധി പഠിച്ച ശേഷം പുനഃപരിശോധനാ ഹർജി നൽകുന്നതു പരിഗണിക്കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് പറഞ്ഞിട്ടുണ്ട്. ഉന്നത നീതിപീഠത്തിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നു പറഞ്ഞ ബോർഡ് സെക്രട്ടറി സഫർ‌യാബ് ജീലാനി, അതിലെ ചില കാര്യങ്ങളോട് അതേ ബഹുമാനത്തോടെ വിയോജിക്കുന്നുവെന്നും പറഞ്ഞു.

അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ 2010ലെ ഭൂരിപക്ഷ വിധി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിട്ടുമുണ്ട്. അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും സന്യാസസമൂഹമായ നിർമോഹി അഖാഡയ്ക്കുമായി വിഭജിക്കണമെന്നാണ് അന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരായ 14 ഹർജികളാണു സുപ്രീം കോടതിയിലുണ്ടായിരുന്നത്. തർക്കം ചർച്ചയിലൂടെ പരിഹരിക്കാനുള്ള മൂന്നംഗ മധ്യസ്ഥസമിതിയുടെ ശ്രമം പരാജയപ്പെട്ടശേഷം, കഴിഞ്ഞ ഓഗസ്റ്റ് ആറു മുതൽ ഒക്ടോബർ 16 വരെ 40 ദിവസം വാദം കേട്ടശേഷമാണ് പരമോന്നത നീതിപീഠത്തിന്റെ തീർപ്പ്.

ഇപ്പോഴുണ്ടായ വിധിയുടെ വിശദാംശങ്ങളെച്ചൊല്ലി ഇനിയുള്ള ദിവസങ്ങളിലും ചർച്ചകളും സംവാദങ്ങളും ഉണ്ടാവാം. ബഹുസ്വര സമൂഹത്തിൽ അതു സ്വാഭാവികമാണു താനും. ശാന്തമായും പക്വമായും വിധിയെ സമീപിക്കണമെന്നും രാജ്യസമാധാനത്തിനും ജനസാഹോദര്യത്തിനും വിവേകത്തിനും മുൻതൂക്കം നൽകണമെന്നും ഓർമിപ്പിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ഭരണാധിപന്മാരും രാഷ്ട്രീയ കക്ഷിനേതാക്കളും മത – സാമൂഹിക – സാംസ്കാരിക നായകരുമെല്ലാം രാജ്യത്തെ പാകപ്പെടുത്തുകയായിരുന്നു. മതസൗഹാർദത്തിനു വേണ്ടിയുള്ള ഭാരതത്തിന്റെ കാലാതീത പ്രാർഥനയും തീർച്ചയായും അതിലുണ്ടായിരുന്നു.

മതനിരപേക്ഷതയുടെ മഹനീയമൂല്യം തിരിച്ചറിഞ്ഞവരാണു നാം. ഇന്ത്യാവിഭജനം സ്വന്തം ഹൃദയത്തിന്റെ തീരാമുറിവായി അനുഭവിച്ച മഹാത്മാ ഗാന്ധി മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല, കൂട്ടിയിണക്കാനാണെന്ന് എപ്പോഴും നമ്മെ ഓർമിപ്പിച്ചു. സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞ വിധി രാജ്യം സ്വീകരിച്ചതും സവിശേഷമായ ഈ പാരമ്പര്യത്തിന്റെ തുടർച്ചയിലാണെന്നുവേണം വിചാരിക്കാൻ.

മനസ്സ് ആകാശത്തോളം വലുതാക്കാനാണ് ഓരോ മതവും പഠിപ്പിക്കുന്നത്. നല്ലതിനെയെല്ലാം സ്വീകരിക്കാൻ സന്നദ്ധമായി മനസ്സിന്റെ എല്ലാ ജാലകങ്ങളും സദാ തുറന്നുവയ്‌ക്കണമെന്നും അതേ മതങ്ങൾ പറഞ്ഞുതരുന്നു. തെറ്റായ ഒരു ചുവടിനുപോലും നമ്മെ കാതങ്ങൾ പിന്നിലാക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യം ഒപ്പമുണ്ടെങ്കിൽത്തന്നെ കാലുകൾ പതറില്ല. കാലങ്ങളായി കാത്തുസൂക്ഷിച്ച മതനിരപേക്ഷ സംസ്കാരം ഒരു പോറൽപോലുമേൽക്കാതെ ഇനിയും നാം നിലനിർത്തേണ്ടതുണ്ട്.

English Summary: Ayodhya land case verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA