sections
MORE

ടി.എൻ. ശേഷൻ എന്ന പാഠം

SHARE

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മായാത്ത മുദ്രകൾ ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയാണ് ടി.എൻ. ശേഷന്റെ വിയോഗം. സർക്കാരാണു നിയമിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷണർക്കു തീർച്ചയായും പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കാനാകുമെന്ന് ശേഷനാണ് ഇന്ത്യയ്ക്കു കാണിച്ചുതന്നത്. രാഷ്ട്രീയക്കാരുടെ മുന്നിൽ മുട്ടുമടക്കാതെ, അഴിമതിക്കും അധികാര അഹന്തകൾക്കും കീഴടങ്ങാതെ തന്റെ ശരികളിലൂടെ മാത്രം സഞ്ചരിച്ചയാളുടെ വേർപാടാണിത്.

ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയും സുതാര്യതയും നിഷ്പക്ഷതയും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പു കമ്മിഷന്റെ കൊടിയടയാളങ്ങളായിരിക്കണമെന്നു ബോധ്യപ്പെടുത്തിയ വ്യക്തിയെ ഇന്ത്യൻ ജനാധിപത്യത്തിന് എക്കാലവും അഭിവാദ്യം ചെയ്യാതെ വയ്യ. തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ വിശ്വാസ്യതയുടെ കാര്യത്തിൽ നമ്മുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു രാജ്യാന്തര തലത്തിൽത്തന്നെ സൽപേരുണ്ടായത് ഇങ്ങനെയൊരാൾ അതിന്റെ തലപ്പത്ത് ധീരതയോടെയും നിശ്ചയദാർഢ്യത്തോടെയും ഒരിക്കൽ ഉണ്ടായിരുന്നതുകൊണ്ടാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നാം ഓരോ തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നും പ്രതീക്ഷിക്കുന്നതും.

ക്രമക്കേടുകളും കെടുകാര്യസ്ഥതയും വിളഞ്ഞുകിടന്ന ഇന്ത്യൻ തിരഞ്ഞെടുപ്പു പ്രക്രിയയെ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും മാത്രം ഉപയോഗിച്ച് ഉടച്ചുവാർക്കുകയായിരുന്നു, ശേഷൻ. ജനാധിപത്യത്തിന്റെ ആണിക്കല്ലാണു സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് എന്ന വിശ്വാസത്തിന്റെ ആധാരശിലയിൽനിന്നുകൊണ്ട്, ആരെയും കൂസാതെ, മൂർച്ചയുള്ള നടപടികളുമായി അദ്ദേഹം മുന്നോട്ടുപോയി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ തിരഞ്ഞെടുപ്പുകൾക്കു ശുദ്ധിയും മൂല്യവും അന്തസ്സും നൽകി; വോട്ടിനും വോട്ടർക്കും വിലയുണ്ടാക്കി.

വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്, പെരുമാറ്റച്ചട്ടങ്ങളുടെ കർശനനിർവഹണം, സ്ഥാനാർഥികളുടെ ചെലവുകൾക്കു പരിധി, ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക് തുടങ്ങിയവ ക്രിയാപഥത്തിലെത്തിച്ച ശേഷൻ, തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും തിരഞ്ഞെടുപ്പു കമ്മിഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കുകയും ചെയ്തു. ഇച്ഛാശക്തിയുള്ള സർക്കാരും ഉദ്യോഗസ്ഥനും ഉണ്ടെങ്കിൽ നിയമങ്ങളൊക്കെ നടപ്പാക്കാനാകുമെന്നും അതുവഴി രാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റിയെഴുതാനാകുമെന്നും തെളിയിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പു സംവിധാനമാകെ ഉടച്ചുവാർത്തെങ്കിലും അദ്ദേഹം അതിനെക്കുറിച്ച് അധികമൊന്നും പെരുമ കൊണ്ടില്ല. അതെക്കുറിച്ച് ഇങ്ങനെയാണ് ശേഷൻ പിന്നീടു പറഞ്ഞത്: ‘‘നിയമത്തിൽ പറയുന്നതു പാലിക്കുകയോ നടപ്പാക്കുകയോ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഫുട്ബോൾ കളിയിലെ റഫറിയുടെ വേഷമാണു കമ്മിഷന്. നിയമങ്ങൾ നിർമിക്കുന്നതു ഫുട്ബോൾ അസോസിയേഷനാണ്. കളി നിയന്ത്രിക്കുക മാത്രമാണു റഫറിയുടെ ദൗത്യം. നിങ്ങൾ കളിക്കു ചട്ടങ്ങൾ ഉണ്ടാക്കിത്തന്നു, ഞാൻ അതിനനുസരിച്ച് വിസിൽ ഊതുന്നു. അതിന് എന്നെ കുറ്റപ്പെടുത്തരുത്.’’

മുഖംനോക്കാതെ, ജനാധിപത്യത്തിന്റെ മാത്രം കൈപിടിച്ച് എടുത്ത തീരുമാനങ്ങളും നിർവഹണവും കുറെപ്പേരുടെ എതിർപ്പിനും ശത്രുതയ്ക്കും കാരണമാവുകയും ചെയ്തു. ഭരണഘടന നൽകിയിരിക്കുന്ന സവിശേഷ അധികാരങ്ങൾ രാജ്യത്താദ്യമായി ഒരു തിരഞ്ഞെടുപ്പു കമ്മിഷണർ തിരിച്ചറിഞ്ഞതുകൊണ്ടും പ്രയോഗിച്ചതുകൊണ്ടും ഉണ്ടായ വിവാദങ്ങൾ കുറച്ചൊന്നുമല്ല.

ഇന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതു നിയമലംഘനം നടക്കുമ്പോഴും അതിനെതിരെയുള്ള കൃത്യമായ നടപടി ആഗ്രഹിച്ച് രാജ്യം അദ്ദേഹത്തെ ഓർമിക്കുന്നെങ്കിൽ അതുതന്നെയാണ് ആ സവിശേഷ വ്യക്തിത്വത്തിന്റെ മഹത്വമെന്നു തീർച്ച. ജനാധിപത്യത്തിന്റെ കിരീടധാരണം കുറ്റമറ്റതാക്കേണ്ട തിരഞ്ഞെടുപ്പു കമ്മിഷൻ ഏതു സാഹചര്യത്തിലും അതിന്റെ ചുമതല മറക്കരുതെന്ന സന്ദേശം ബാക്കിവച്ചുകൊണ്ടാണ് ടി.എൻ.ശേഷന്റെ മടക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA