sections
MORE

പലരും ശ്രമിക്കുന്നു, ജെഎൻയുവിനെ തകർ‌ക്കാൻ: ഹാപ്പിമോൻ ജേക്കബ്

happymon
ഹാപ്പിമോൻ ജേക്കബ്
SHARE

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാണു ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). നൊബേൽ സമ്മാന ജേതാക്കൾ, എഴുത്തുകാർ, സാമ്പത്തിക ശാസ്ത്രജ്ഞർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെയെല്ലാം രൂപപ്പെടുത്തുന്ന കലാലയം. കേന്ദ്ര മാനവശേഷി വകുപ്പിന്റെ റിപ്പോർട്ടിലും ജെഎൻയു ആദ്യ സ്ഥാനത്തുണ്ട്. എന്നിട്ടും ഈ കലാലയത്തെ ഇല്ലാതാക്കാനാണു പലരുടെയും ശ്രമം. 

ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങളിലാണു നിലവിലെ സമരവും പൊലീസ് കയ്യാങ്കളിയുമെല്ലാം. എന്നാൽ, യഥാർഥ പ്രശ്നം ഇതൊന്നുമല്ല എന്നതാണു വാസ്തവം. സർവകലാശാലയ്ക്കു പുതിയ രൂപം നൽകാനുള്ള ശ്രമത്തിലാണ് കേന്ദ്രവും സർവകലാശാലാ അധികൃതരും. 2016 മുതൽ തുടങ്ങിയ മാറ്റങ്ങൾ ഇപ്പോഴും തുടരുന്നു. മറ്റു സർവകലാശാലകളെ ചൂണ്ടിക്കാട്ടി ജെഎൻയുവിനെ അതുപോലെ ആക്കുകയാണു ലക്ഷ്യം. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയെ മറ്റു സ്ഥാപനങ്ങളുടെ നിലയിലേക്കു താഴ്ത്തുകയല്ല, അവരെ ജെഎൻയുവിന്റെ നിലയിലേക്ക് ഉയർത്തുകയാണു ചെയ്യേണ്ടത്. 

നികുതിപ്പണം ഉപയോഗിച്ചു വിദ്യാർഥികൾ ധൂർത്തടിക്കുന്നു എന്നതുൾപ്പെടെ പല അപവാദങ്ങളും  ജെഎൻയുവിനെക്കുറിച്ചു പുറത്തുണ്ട്. എന്നാൽ, സ്വതന്ത്രചിന്തയും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഇടമെന്ന നിലയിൽ ലോകോത്തരമാണ് ഈ സ്ഥാപനം. അക്കാദമിക് രംഗത്താകട്ടെ, വിദേശ സർവകലാശാലകളോടു കിടപിടിക്കുന്നു. 

കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എനിക്ക് അക്കാദമിക് രംഗത്ത് ഉയരാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ജെഎൻയുവിലെ പഠനം തന്നെയാണ്. 2001ൽ ആണു വിദ്യാർഥിയായി ഞാൻ ജെഎൻയുവിലെത്തുന്നത്. വലിയ ഫീസ് നൽകേണ്ടിയിരുന്നെങ്കിൽ ജെഎൻയുവിൽ എത്തില്ലെന്നതു തീർച്ച. 

സർവകലാശാലയിലെ 40% വിദ്യാർഥികളുടെ കുടുംബത്തിന്റെയും മാസവരുമാനം 12,000 രൂപയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാലായിരത്തിലേറെ രൂപ പ്രതിമാസം ഹോസ്റ്റൽ ഫീസ് ഇനത്തിൽ നൽകുകയെന്നത് ഇവിടെയെത്തുന്ന വിദ്യാർഥികളിൽ പലർക്കും ചിന്തിക്കാനാവില്ല. നേരത്തേ, 1500 രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇരട്ടിയിലേറെ വർധനയുണ്ടായിരിക്കുന്നത്. പൊളിറ്റിക്കൽ സയൻസും ഹിസ്റ്ററിയും പഠിക്കാൻ ഏതു ബാങ്കാണു വായ്പ നൽകുക?  

കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതോടെ സർവകലാശാലകൾക്കു യുജിസിയിൽനിന്നു ലഭിക്കുന്ന സഹായം കുറയും. പ്രവർത്തനത്തിനു സ്വയം പണം കണ്ടെത്തേണ്ടി വരും. പക്ഷേ, പുതിയ ഫീസ് നിരക്കുകളും മറ്റും വിദ്യാർഥികളുടെ മേൽ അടിച്ചേൽപിക്കാൻ എങ്ങനെയാണു സാധിക്കുക. ജനാധിപത്യരീതിയിൽ ചർച്ചയിലൂടെ, വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായം കൂടി പരിഗണിച്ചു വേണമായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. 

വിദ്യാർഥിസമൂഹത്തെയും അവരുടെ ആശയങ്ങളെയും ഇത്തരത്തിൽ ഇല്ലാതാക്കുകയാണെങ്കിൽ രാജ്യത്തു സ്വതന്ത്രചിന്തയ്ക്കും സാമൂഹികബോധത്തിനും സാമൂഹികശാസ്ത്ര പഠനത്തിനുമൊന്നും ഭാവിയില്ലാതാകും.

(ജെഎൻയുവിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA