ADVERTISEMENT

കാലം കാഴ്‌ചപ്പാടുകളെയും മുൻഗണനകളെയും മാറ്റിമറിക്കും. ഓരോ പ്രായത്തിനും അതതിന്റെ ശരികളും തീരുമാനങ്ങളുമുണ്ടാകും. അവ തെറ്റാണെന്ന് ആരു പറഞ്ഞാലും സമ്മതിക്കുകയില്ല. ശരിയെന്ന് ഉറച്ചുവിശ്വസിച്ച് എടുത്ത തീരുമാനങ്ങളാണു തെറ്റിലേക്കു നയിച്ചതെന്നു തിരിച്ചറിയുമ്പോഴേക്കും തിരിച്ചുപോകാനാകാത്തവിധം യാത്ര മുന്നോട്ടു പോയിട്ടുണ്ടാകും. അനിഷ്‌ടത്തോടെയാണെങ്കിലും വരുത്തിയ തിരുത്തലുകൾ ജീവിതത്തിൽ പ്രകാശം പരത്തിയിട്ടുമുണ്ടാകും.

വർത്തമാനത്തിലാണ് എല്ലാവരും ജീവിക്കുന്നതും ജീവിക്കേണ്ടതും. നാളെകളിലോ ഇന്നലെകളിലോ ആർക്കും ജീവിക്കാനാകില്ല. പക്ഷേ, മുൻപേ സഞ്ചരിച്ചവരുടെയും മറഞ്ഞുപോയവരുടെയും ജീവിതപാഠങ്ങൾ സ്വാംശീകരിക്കാനാകണം. സ്വന്തം അനുഭവങ്ങളിൽനിന്നാണ് ഓരോരുത്തരും തങ്ങളുടെ ശരികൾക്കു രൂപം നൽകുന്നത്. അനുഭവ കാലയളവിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ശരിതെറ്റുകളുടെ വ്യാഖ്യാനത്തിലും വ്യത്യാസമുണ്ടാകും.

പ്രായത്തിന്റെ പ്രത്യേകതകളെ വളർച്ചകൊണ്ട് അതിജീവിക്കണം. പണ്ഡിതനായില്ലെങ്കിലും പ്രായോഗികമായി സത്യവും മിഥ്യയും വേർതിരിക്കാനെങ്കിലും പഠിക്കണം. പ്രായവും വളർച്ചയും കൂടുന്നതിനനുസരിച്ച് ശരികളിലെ തെറ്റും തെറ്റുകളിലെ ശരിയും കണ്ടെത്തണം. വിശ്വാസങ്ങളിലും പ്രതീക്ഷകളിലും ധാരണകളിലും തിരുത്തൽ ആവശ്യമെങ്കിൽ അതു മടികൂടാതെ നടപ്പിലാക്കണം. തുടങ്ങി എന്നതിന്റെ പേരിൽ തുടരേണ്ടതായ ശീലമോ സമ്പ്രദായമോ ഇല്ല; കേടുപാടുകൾ തീർക്കേണ്ടതും തച്ചുടയ്‌ക്കേണ്ടതും പുനർനിർമിക്കേണ്ടതുമുണ്ടാകും. തിരിച്ചറിഞ്ഞു തിരുത്തൽ വരുത്തിയുള്ള ജീവിതത്തിനാണ് കാലാനുസൃതമായ പരിവേഷം ഉണ്ടാകുക.

എത്രവേഗം ശരികളിലേക്കും സത്യങ്ങളിലേക്കും എത്തുന്നുവോ അത്ര അർഥപൂർണവും സമൃദ്ധവുമാകും ജീവിതം. തെറ്റിദ്ധാരണകളിലൂടെയും ആൾക്കൂട്ടത്തെ അനുകരിക്കുന്നതിലൂടെയും അല്ലാതെയുള്ള നിഷ്പക്ഷ സത്യാന്വേഷണങ്ങളാണ് ജീവിതത്തിനു പൊരുളും പ്രശാന്തതയും നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com