ADVERTISEMENT

എസ്എസ്എൽസി പരീക്ഷ ചൂടാക്കാൻ നമ്മുടെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് 2008ൽ സമാരംഭിച്ച ഉച്ചക്കിറുക്കിനെപ്പറ്റി കഴിഞ്ഞ വർഷം മാർച്ചിൽ ഈ പംക്തിയിൽ എഴുതിയിരുന്നു. നട്ടുച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷ നടത്താൻ തീരുമാനിച്ച വർഷമാണ് 2008.

അപ്പുക്കുട്ടനും കഷ്ടകാൽജിയുമൊക്കെ സുപ്രഭാതം ചേർത്ത് എഴുതിയിരുന്ന പരീക്ഷ നട്ടുച്ചവെയിലത്തിട്ടുണക്കാൻ വിദ്യാഭ്യാസ വകുപ്പു പറഞ്ഞ ന്യായത്തിന്റെ ചൂടു മാറിയിട്ടില്ല. ചോദ്യക്കടലാസ് ട്രഷറിയിലും ബാങ്ക് ലോക്കറിലുമൊക്കെ സൂക്ഷിക്കുന്നതിനാൽ അതെടുത്തുകൊണ്ടുവന്നു പരീക്ഷ നടത്താൻ ഉച്ചയാകുമെന്നായിരുന്നു 2008ലെ ചൂടൻ ന്യായം. 

സ്കൂളുകളിൽ സുരക്ഷിതമായ അലമാരകളില്ലാത്തതിനാലാണ് ചോദ്യക്കടലാസ് ട്രഷറിയിലും മറ്റും സൂക്ഷിക്കേണ്ടി വരുന്നതെന്ന് കഴിഞ്ഞ വർഷം പരീക്ഷാഭവൻ വിശദീകരിക്കുകയും ചെയ്തു. 

പരീക്ഷാദിനങ്ങളിൽ മിക്ക വിദ്യാർഥികളും രാവിലെതന്നെ സ്കൂളിൽ വരുന്നതിനാൽ ഉച്ചച്ചൂടിനെപ്പറ്റി ബേജാറാവേണ്ട കാര്യമില്ല എന്നൊരു വിശദീകരണവും കഴിഞ്ഞ വർഷമുണ്ടായി. മാർച്ചിലെ ഉച്ചച്ചൂടിൽ തന്നെ കുട്ടികളെ പരീക്ഷിക്കേണ്ടതുണ്ടോ എന്നു സംശയമുന്നയിച്ചപ്പോൾ, പരീക്ഷയൊക്കെ കഴിഞ്ഞ് സൗകര്യംപോലെ പരിശോധിക്കാം എന്നു മനുഷ്യാവകാശ കമ്മിഷൻ മറുപടി നൽകിയതും കഴിഞ്ഞ വർഷമാണ്. 

കേരളത്തനിമയുള്ള ഉച്ചക്കിറുക്കിൽ നിന്ന് എസ്എസ്എൽസി പരീക്ഷയെ രക്ഷിക്കണമെന്ന അപ്പുക്കുട്ടന്റെ അഭ്യർഥന ഇപ്പോഴിതാ നടപ്പാവുന്നു: പ്രിയ വിദ്യാർഥികളേ, സന്തോഷിക്കുവിൻ: 2020 മാർച്ചിലെ എസ്എസ്എൽസി പ്രഭാതത്തിലേക്കു പറിച്ചുനടുകയാണ്. 

2008 മുതൽ വാശിയോടെ ഉച്ചക്കിറുക്കു പരീക്ഷ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പു പറഞ്ഞുപോന്ന ന്യായങ്ങൾ ആവിയായിപ്പോയതെങ്ങനെ എന്നൊരു ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. 

പിള്ളേരെ ഉണക്കിപ്പൊരിച്ച പരീക്ഷാനേരം പന്ത്രണ്ടു വർഷം കഴിഞ്ഞാണെങ്കിലും തിരുത്താൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിനു സ്തുതിയായിരിക്കട്ടെ. 

ഉച്ചക്കിറുക്കിന് 2008ലും ഇന്നും ശബ്ദതാരാവലിയിൽ ഒരേ അർഥമാണുള്ളത്. അതിൽ ഏറ്റവും മയമുള്ള അർഥം ഇങ്ങനെയാകുന്നു: ഉച്ചസമയത്തുണ്ടാകുന്ന വിഭ്രാന്തി.

ഭ്രാന്തമായ അർഥങ്ങൾ വേറെയുമുണ്ട്; അതറിയേണ്ടവർ ദയവായി ശബ്ദതാരാവലി തന്നെ നോക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com